ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണം; രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യതയെന്ന് കണ്ടെത്തൽ

By Web Desk  |  First Published Jan 3, 2025, 9:15 AM IST

പൊലീസ് അന്വേഷണത്തിലാണ് എൻ എം വിജയന് ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ബാധ്യത എങ്ങനെ വന്നുവെന്നാണ് പരിശോധിക്കുന്നത്.


കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം തുടർന്ന് പൊലീസ്. രണ്ട് ബാങ്കുകളിലായി എൻ എം വിജയന് ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ബാധ്യത എങ്ങനെ വന്നുവെന്ന് പരിശോധിക്കുകയാണ്. 14 ബാങ്കുകളിൽ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. 10 ബാങ്കുകളിൽ എങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മറ്റ് ബാങ്കുകളിലെ വായ്പകൾ കണ്ടെത്താനും അന്വേഷണം നടക്കുകയാണ്. 

എൻ എം വിജയനെതിരെ ഉയർന്ന കോഴ ആരോപണത്തിലും അന്വേഷണസംഘം ആന്വേഷണം നടത്തുന്നുണ്ട്. അതിനിടെ, എൻ എം വിജയന് അടക്കുമുള്ളവർക്കെതിരെ ഉയർന്ന ബാങ്ക് നിയമനക്കോഴയിൽ അമ്പലവയൽ പുത്തൻപുര ഷാജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ബത്തേരി കാർഷിക ഗ്രാമ വികസന ബാങ്കിൽ ജോലി ലഭിക്കാൻ മുൻ പ്രസിഡൻ്റ് കെ കെ ഗോപിനാഥന് മൂന്ന് ലക്ഷം നൽകിയെന്നാണ് പരാതി. കോൺഗ്രസ് നേതാക്കളായ സി ടി ചന്ദ്രനും കെ എം വർഗീസും സാക്ഷികളായി ഒപ്പിട്ടുവെന്നും പരാതിയിലുണ്ട്. താളൂർ സ്വദേശി പത്രോസ് എൻ എം വിജയൻ, സക്കറിയ മണ്ണിൽ, സി ടി ചന്ദ്രൻ എന്നിവർക്കെതിരെ അർബൻ ബാങ്ക് നിയമന തട്ടിപ്പ് ആരോപിച്ചും പരാതി നൽകിയിരുന്നു.

Latest Videos

Also Read: മകന് പിന്നാലെ അച്ഛനും; വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറ‍ർ വിജയനും മരിച്ചു

കഴിഞ്ഞ ചൊവ്വാഴ്ചയാണ് എൻ.എം വിജയനും 38 കാരനായ മകൻ ജിജേഷും വീടിനുള്ളില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബാഗങ്ങള്‍ അമ്പത്തലത്തില്‍ പോയപ്പോഴായിരുന്നു കീടനാശിനി കഴിച്ചുള്ള ആത്മഹത്യ ശ്രമം. മാനസിക വെല്ലുവിളി നേരിടുന്ന മകൻ മുൻപ് ഒരു അപകടത്തില്‍പ്പെട്ട് നാളുകളായി കിടപ്പിലായിരുന്നു. ബത്തേരി അ‍ർബൻ ബാങ്ക് നിയമന തട്ടിപ്പിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ആരോപിക്കുന്ന സിപിഎം,  ഇതിന് പിന്നില്‍ ഐസി ബാലകൃഷ്ണൻ എംഎല്‍എ ആണെന്ന് കുറ്റപ്പെടുത്തുന്നു.

ബാങ്ക് നിയമന വിവാദവുമായി ബന്ധപ്പെട്ട് രണ്ട് രേഖകളാണ് നിലവില്‍ പ്രചരിക്കുന്നത്. ഒന്ന് ജോലി നല്‍കാമെന്ന വ്യവസ്ഥയില്‍ എൻ എം വിജയനും പീറ്റർ എന്നയാളുമായി ഉണ്ടാക്കിയ കരാർ എന്ന തരത്തിലുള്ള രേഖ. മറ്റൊന്ന് വിജയൻ കെപിസിസി നേതൃത്വത്തിന് നല്‍കിയ പരാതി. രണ്ടിലും ഐ സി ബാലകൃഷ്ണന്‍റേ പേര് പരാമ‍ർശിക്കുന്നുണ്ട്. ഇത് രണ്ടും വ്യാജമാണെന്ന് കോണ്‍ഗ്രസും എംഎല്‍എയും പറയുന്നു. ആരോപണങ്ങള്‍ക്കിടെ ഐ സി ബാലകൃഷ്ണൻ എംഎല്‍എ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!