തൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറച്ചാൽ അൻവറിനോട് സഹകരിക്കുന്നതിൽ പ്രശ്നമില്ല; വിടി ബൽറാം

By Web Desk  |  First Published Jan 6, 2025, 3:50 PM IST

ജനകീയ കാര്യങ്ങൾ ഉന്നയിക്കാനുള്ള അൻവറിന്റെ അവകാശത്തെ ആർക്കും ചോദ്യം ചെയ്യാനാവില്ല. അതിന്റെ പേരിൽ രാഷ്ട്രീയ വേട്ടയാടൽ നേരിടുന്ന അൻവറിന് നിരുപാധിക പിന്തുണയുണ്ടായിരിക്കും'- വിടി ബൽറാം


പാലക്കാട്: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായ പിവി അൻവർ എംഎൽഎക്ക് പിന്തുണയുമായി കെപിസിസി വൈസ് പ്രസിഡന്‍റ്  വിടി ബൽറാം.  രാഷ്ട്രീയ വേട്ടയാടൽ നേരിടുന്ന അൻവറിന് നിരുപാധിക പിന്തുണയുണ്ടാകുമെന്നും തൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറച്ചാൽ അൻവറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതിൽ യുഡിഎഫിന് പ്രശ്നമുണ്ടാവേണ്ട കാര്യമില്ലെന്നും വിടി ബൽറാം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിടി ബൽറാം അൻവറിന് പിന്തുണയുമായി എത്തിയത്.

'രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശവും വി.ഡി. സതീശനെതിരായ 150 കോടിയുടെ വ്യാജ ആരോപണവും ചേലക്കര ഇലക്ഷൻ സമയത്ത് നടത്തിയ ജാതീയ പരാമർശങ്ങളും പിൻവലിച്ച് പി.വി. അൻവർ സ്വയം തിരുത്തണം. തൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറക്കണം. അങ്ങനെയുള്ള ഒരു അൻവറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതിൽ യുഡിഎഫിന് പ്രശ്നമുണ്ടാവേണ്ട കാര്യമില്ല.

Latest Videos

അതേസമയം വന്യമൃഗശല്യം പരിഹരിക്കാൻ ചെറുവിരലനക്കാത്ത വനം വകുപ്പിന്റെ വീഴ്ചയും പൊലീസിലെ സമ്പൂർണ്ണ സി.ജെ.പി.വൽക്കരണവുമടക്കം അൻവർ സമീപകാലത്ത് ഉന്നയിക്കുന്ന രാഷ്ട്രീയ വിഷയങ്ങൾക്ക് നല്ല പ്രസക്തിയുണ്ട്. ഒരു ജനപ്രതിനിധി എന്ന നിലയിൽ അത്തരം ജനകീയ കാര്യങ്ങൾ ഉന്നയിക്കാനുള്ള അൻവറിന്റെ അവകാശത്തെ ആർക്കും ചോദ്യം ചെയ്യാനാവില്ല. അതിന്റെ പേരിൽ രാഷ്ട്രീയ വേട്ടയാടൽ നേരിടുന്ന അൻവറിന് നിരുപാധിക പിന്തുണയുണ്ടായിരിക്കും'- വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

എൽഡിഎഫ് പിന്തുണയിൽ എംഎൽഎ ആയ പിവി അൻവര്‍ ഇടഞ്ഞതിന് പിന്നാലെയുള്ള സര്‍ക്കാറിനെതിരായ പ്രതിഷേധവും അറസ്റ്റും വലിയ രാഷ്ട്രീയ ചര്‍ച്ചകൾക്കാണ് വഴി തുറക്കുന്നത്. കോൺഗ്രസും യുഡിഎഫുമായി പരസ്യ സഹകരണം ഇതുവരെ പ്രഖ്യാപിക്കാത്ത പിവി അൻവറിന് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തിയതോടെയാണ് സംഭവത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിരിക്കികയാണ്. 

14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് വനംവകുപ്പ് ഓഫീസ്  ആക്രമണത്തിലേക്കെത്തിയത്. 

Read More : 'കാലം ഒരു കണക്കും തീർക്കാതെ പോയിട്ടില്ല'; പിവി അൻവർ എംഎൽഎയെ പിന്തുണച്ച് കെകെ രമ എംഎൽഎ

click me!