പണം തിരിച്ച് തരണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിലെത്തി പ്രതിഷേധിച്ചു
തിരുവനന്തപുരം : കോൺഗ്രസ് നിയന്ത്രണത്തിലുള്ള തിരുവനന്തപുരം ജില്ല അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 13 കോടിയുടെ തട്ടിപ്പ് നടന്നതായി ആരോപിച്ച് നിക്ഷേപകരുടെ പ്രതിഷേധം. പണം തിരിച്ച് തരണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിലെത്തി പ്രതിഷേധിച്ചു. കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് പ്രതിഷേധിച്ചത്. 300 നിക്ഷേപകർക്കായി 13 കോടി നഷ്ടമായെന്നാണ് പരാതി.
ശിവകുമാറിന്റെ ബിനാമിയുടെതാണ് സൊസൈറ്റി എന്ന് പണം നഷ്ടപെട്ടവർ ആരോപിക്കുന്നത്. സൊസൈറ്റിയുടെ പ്രസിഡന്റ് തന്റെ ബിനാമി അല്ലെന്നും ആ സ്ഥാപനം ഉദ്ഘാടനം ചെയ്തുവെന്ന ബന്ധം മാത്രമേ തനിക്കുള്ളുവെന്നുമാണ് വി എസ് ശിവകുമാറിന്റെ വിശദീകരണം.
''ജനപ്രതിനിധിയെന്ന നിലയിലാണ് അന്ന് സംസാരിച്ചത്. തനിക്ക് ബാങ്കുമായി ഒരു ബന്ധവുമില്ല. മാനവും മര്യാദയ്ക്കും കഴിയുന്ന തന്റെ വീട്ടിൽ വന്ന് ഒരുകൂട്ടം ആളുകൾ ബഹളം വയ്ക്കുകയായിരുന്നു. പൊലീസിനെ വിളിച്ചു വരുത്തിയത് താനാണ്. നിക്ഷേപകരെ വീട്ടിൽ എത്തിച്ചതിന് പിന്നിൽ ചില തത്പര കക്ഷികളുണ്ടെന്നും ശിവകുമാർ ആരോപിച്ചു. തന്നെ അപമാനിക്കാനുളള ശ്രമമാണിത്. സർക്കാർ ഇടപെട്ട് നിക്ഷേപകർക്കുളള പണം തിരികെ കൊടുപ്പിക്കണം. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രൻ തന്റെ ബിനാമിയല്ലെന്നും'' ശിവകുമാർ ആവർത്തിച്ചു. 2002 ൽ ശിവകുമാറായിരുന്നു സൊസൈറ്റി ഉദ്ഘാടനം ചെയ്തത്.