'അച്ഛൻ എല്ലാം അറിയുന്നുണ്ട്'; വിഎസിന്റെ ആരോ​ഗ്യത്തെക്കുറിച്ച് പിറന്നാൾ ദിനത്തിൽ മകൻ അരുണ്‍കുമാർ

By Web Team  |  First Published Oct 20, 2024, 10:52 AM IST

വിഎസ് അപ്ഡേറ്റഡാണ്. ഇന്നത്തെ പത്രം കൂടെ വായിച്ചു കൊടുത്തിരുന്നു. കാര്യങ്ങളൊക്കെ അറിയാം. വാർത്തകളെല്ലാം അറിയുന്നുണ്ട്. ഇൻഫെക്ഷൻ വരാതെ നോക്കണമല്ലോ. അതുകൊണ്ട് തന്നെ സന്ദർശനമൊക്കെ നിയന്ത്രിക്കുന്നുണ്ട്.


തിരുവനന്തപുരം: വിഎസിന്റെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ദിവസേന വാർത്തകൾ വായിച്ചു കൊടുക്കുമെന്നും മകൻ അരുൺ കുമാർ. രാവിലെ കുളിയെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിച്ച് വിശ്രമിക്കുകയാണെന്നും മകൻ പറഞ്ഞു. വിഎസ് അച്യുതാനന്ദൻ്റെ നൂറ്റിയൊന്നാം പിറന്നാൾ ദിനത്തിൽ പ്രതികരിക്കുകയായിരുന്നു മകൻ. സ്ട്രോക്ക് കഴിഞ്ഞതിന് ശേഷം ആരോ​ഗ്യം മോശമായിരുന്നു. വലതുകാലിൻ്റെ സ്വാധീനം ശരിയായില്ല. നടക്കുന്നത് പ്രശ്നമാണ്. നടക്കുന്നതിന് വീൽച്ചെയറാണ് ഉപയോ​ഗിക്കുന്നത്. രാവിലേയും വൈകീട്ടും വാർത്ത വായിച്ചു കൊടുക്കും. കുട്ടികളുടെ പാട്ടുപരിപാടി കേൾക്കുന്നത് പണ്ടേ പതിവാണെന്നും മകൻ പറയുന്നു. 

വിഎസ് അപ്ഡേറ്റഡാണ്. ഇന്നത്തെ പത്രം കൂടെ വായിച്ചു കൊടുത്തിരുന്നു. കാര്യങ്ങളൊക്കെ അറിയാം. വാർത്തകളെല്ലാം അറിയുന്നുണ്ട്. ഇൻഫെക്ഷൻ വരാതെ നോക്കണമല്ലോ. അതുകൊണ്ട് തന്നെ സന്ദർശനമൊക്കെ നിയന്ത്രിക്കുന്നുണ്ട്. ആരോ​ഗ്യകാര്യങ്ങളൊക്കെ നേരത്തെ ശ്രദ്ധിക്കുന്നയാളാണ്. രണ്ടു മൂന്നുവർഷമായി വിഎസ് കാര്യങ്ങളൊക്കെ അറിയുന്നുണ്ട്. അച്ഛൻ്റെ ആരോ​ഗ്യമാണ് പ്രധാനമെന്നും അരുൺകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Latest Videos

ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ 5 വര്‍ഷമായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരത്തെ കേരളം സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കുകയാണ്. ഭരണത്തുടര്‍ച്ചയെ തുടര്‍ന്നുള്ള ജീര്‍ണതകള്‍ പല രൂപത്തില്‍ പാര്‍ട്ടിയെ ഉലക്കുമ്പോള്‍ വിഎസ് അച്യുതാനന്ദന്‍ സജീവമായി നിന്ന രാഷ്ട്രീയ ദിനങ്ങളെയാണ് എല്ലാവരും ഓര്‍ക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ പ്രതിരോധത്തിന്‍റെ മറുപേരാണ് സഖാവ് വിഎസ് അച്ചുതാനന്ദന്‍. ത്യാഗസുരഭിലമായ ജീവിതത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുന്നില്‍ നിന്ന അതുല്യനായ നേതാവ്. കുട്ടിക്കാലം മുതല്‍ തന്നെ അതികഠിനമായ ജീവിത സാഹചര്യങ്ങള്‍ തരണം ചെയ്തത് കൊണ്ടാകണം, ഒന്നിനോടും അയാള്‍ സമരസപ്പെട്ടില്ല. അഴിമതിക്കെതിരെ അദ്ദേഹം സധൈര്യം പോരാടി. അസമത്വങ്ങള്‍ക്കെതിരെ മല്ലടിച്ചു. എണ്ണമറ്റ തൊഴിലാളി സമരങ്ങളിലൂടെയും ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിലൂടെയുമെല്ലാം അദ്ദേഹം കേരളജനതയുടെ മനസിലിടം നേടി.

വെട്ടിനിരത്തിയും വെട്ടിയൊതുക്കപ്പെട്ടുമൊക്കെ അദ്ദേഹം സിപിഎം രാഷ്ട്രീയത്തിലെ അതികായനായി. വിഎസ്-പിണറായി പോരിന്‍റെ രണ്ട് ദശകങ്ങള്‍ സിപിഎം രാഷ്ട്രീയത്തിലെ തിളച്ചു മറിയുന്ന ഏടുകളാണ്. പാര്‍ട്ടിയൊന്നാകെ ഒരു പക്ഷത്ത് നിന്നപ്പോഴും വിഎസ് കടുകിട വിട്ടുകൊടുത്തില്ല. താന്‍ കൂടി ചേര്‍ന്നുണ്ടാക്കിയ പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനത്തെയും പാര്‍ട്ടി സംവിധാനത്തിന്‍റെ ജീര്‍ണതകളെയും അദ്ദേഹം പല്ലും നഖവുമുപയോഗിച്ച് ചെറുത്തു. ഈ പോരാട്ടത്തില്‍ കേരളജനത വിഎസിനൊപ്പം നിന്നു. 

2019 ഒക്ടോബര്‍ 25ന് രാത്രിയുണ്ടായ പക്ഷാഘാതം ഏല്‍പ്പിച്ച ശാരീരിക അവശതയില്‍ നിന്ന് അദ്ദേഹത്തിന് മോചനമുണ്ടായില്ല. കേരളത്തിന്‍റെ ഫിഡല്‍ കാസ്ട്രോയെന്ന് സീതാറാം യച്ചൂരി വിശേഷിപ്പിച്ച വിഎസിന് വയസ് 101 തികയുമ്പോള്‍ എന്നും തിരുത്തല്‍ ശക്തിയായിരുന്ന വിഎസിന്‍റെ വാക്കുകള്‍ക്ക് രാഷ്ട്രീയ എതിരാളികള്‍ പോലും കാതോര്‍ക്കുന്നുണ്ടാകും.

ഭരണത്തുടര്‍ച്ച പാര്‍ട്ടിയെ ദുഷിപ്പിച്ചെന്ന വാദം, സ്വര്‍ണക്കടത്തും സ്വര്‍ണം പൊട്ടിക്കലും പോലുള്ള ആരോപണങ്ങള്‍ വരെ പാര്‍ട്ടി നേരിടേണ്ട സാഹചര്യം, മിക്കപ്പോഴും പ്രതിപക്ഷത്തിന് മേല്‍ക്കൈ കിട്ടുന്ന അവസ്ഥ. വിഎസ് സജീവമായിരുന്നെങ്കിലെന്ന് പലരും ഓര്‍ത്തു പോകുകയാണ്. മറ്റൊരു സമ്മേളന കാലത്തിലൂടെ പാര്‍ട്ടി കടന്നു പോകുമ്പോഴാണ് കേരളത്തിന്‍റെ സമരേതിഹാസത്തിന്റെ ഇന്ന് 102-ാം പിറന്നാള്‍.

'4 അവസരം തന്നിട്ടും തോറ്റു , പരലോകത്തും എന്നെ തോൽപ്പിക്കാനാവില്ല'; കെഎം ഷാജിക്ക് മറുപടിയുമായി കെടി ജലീൽ

 

click me!