'ഏതാണ്ട് 10000-12000 കോടി രൂപ തിരിച്ചടയ്‌ക്കേണ്ടിവരും, ഗുണവും കേന്ദ്രത്തിന്'; കേരളത്തോടുള്ള ചതിയെന്ന് വാസവൻ

By Web Team  |  First Published Nov 2, 2024, 3:55 PM IST

കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് രൂപീകരിച്ച എംപവേർഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിനു നൽകാൻ ശുപാർശ നൽകിയത്


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനുള്ള വയബിലിറ്റി ഗ്യാപ്‌ ഫണ്ട്‌ (വിജിഎഫ്‌) വായ്‌പയായി മാത്രമേ തരാനാകൂയെന്ന കേന്ദ്ര നിലപാട്‌ കേരളത്തോടുള്ള ചതിയാണെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. പദ്ധതിയുടെ ഗുണഭോക്താക്കൾ കേരളമല്ല, കേന്ദ്ര സർക്കാരാണ് എന്നുപോലും മനസിലാക്കാതെയാണ്‌ കേന്ദ്രം നിലപാട്‌ സ്വീകരിക്കുന്നത്. 

കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് രൂപീകരിച്ച എംപവേർഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിനു നൽകാൻ ശുപാർശ നൽകിയത്. ഈ തുക ലഭിക്കണമെങ്കിൽ കേരള സർക്കാർ നെറ്റ് പ്രസന്‍റ് മൂല്യം(എൻപിവി) അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്നാണ്‌ കേന്ദ്രം നിബന്ധന വയ്‌ക്കുന്നത്‌. അതായത്‌, ഏതാണ്ട് 10000-12000 കോടി രൂപ തിരിച്ചടയ്‌ക്കേണ്ടിവരും. 

Latest Videos

ഇത്‌ സംസ്ഥാനത്തോടുള്ള ചതിയും വിവേചനവുമാണ്. തൂത്തുക്കുടി തുറമുഖത്തിന്‍റെ ഔട്ടർ ഹാർബർ പദ്ധതിക്ക്‌ 1,411 കോടി രൂപ വിജിഎഫ് അനുവദിച്ചപ്പോൾ ഇത്തരം നിബന്ധനകളൊന്നും ഉണ്ടായിരുന്നില്ല. വിജിഎഫ്‌ തിരിച്ചടയ്‌ക്കണമെന്ന്‌ പറയുന്നത്‌ മാനദണ്ഡങ്ങൾക്ക്‌ വിരുദ്ധമായാണ്. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല. ഒറ്റത്തവണ ഗ്രാന്‍റായി നൽകുന്നതാണ്‌. ഇപ്പോൾ തുക വായ്പയായി വ്യാഖ്യാനിക്കുകയും അതിന്റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കുകയുമാണ് ചെയ്യുന്നത്. 

ഇത് വിജിഎഫിന്റെ യുക്തിയെ തന്നെ നിരാകരിക്കുന്നതാണെന്ന് വി എൻ വാസവൻ പറഞ്ഞു. വിജിഎഫ് ലഭ്യമാക്കാനുള്ള കരാർ ഉണ്ടാക്കുന്നത് കേന്ദ്രസർക്കാരും അദാനി കമ്പനിയും തുക നൽകുന്ന ബാങ്കും തമ്മിലാണ്. എന്നാൽ തിരിച്ചടയ്‌ക്കാനുള്ള കരാർ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ വേണം എന്നാണ് വിചിത്രമായ നിബന്ധനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം തുറമുഖത്തിന് നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് സംസ്ഥാനത്തിൻ്റെ വായ്പയാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാർ നിബന്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ കത്തയച്ചിരുന്നു. 

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, പൂ‍ർണമായും കത്തിനശിച്ചു; കാറിലുണ്ടായിരുന്ന ദമ്പതികൾ രക്ഷപ്പെട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!