ഉരുൾപൊട്ടലുണ്ടായ വിലങ്ങാട്ടെ കമ്പിളിപ്പാറ കരിങ്കല്‍ ക്വാറിയില്‍ വീണ്ടും ഖനനം തുടങ്ങാന്‍ നീക്കമെന്ന് പരാതി

By Web Team  |  First Published Sep 23, 2024, 1:13 PM IST

ക്വാറിയില്‍ വന്നടിഞ്ഞ കല്ലും മണ്ണും മണ്ണു മാന്തി യന്ത്രങ്ങളുപയോഗിച്ച് നീക്കുകയാണ് തൊഴിലാളികള്‍. ക്വാറിയിലെ റോഡും കഴിഞ്ഞ ദിവസം പുനര്‍ നിര്‍മ്മിച്ചു.


കോഴിക്കോട്: ഉരുള്‍ പൊട്ടല്‍ ദുരന്തം വിതച്ച കോഴിക്കോട് വിലങ്ങാട് മലയങ്ങാട് മലയിലെ കമ്പിളിപ്പാറ കരിങ്കല്‍ ക്വാറിയില്‍ വീണ്ടും ഖനനം തുടങ്ങാന്‍ നീക്കമെന്ന് പരാതി. ഉരുള്‍ പൊട്ടി ക്വാറിയിലടിഞ്ഞ കല്ലും മണ്ണും, മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് നീക്കം ചെയ്തു തുടങ്ങി. ക്വാറിയിലെ റോഡുകള്‍ പുനര്‍നിര്‍മിച്ച് വാഹനങ്ങളുള്‍പ്പെടെ എത്തിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

വിലങ്ങാട് ഉരുള്‍പൊട്ടലിനു പിന്നാലെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ച വാണിമേല്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ മലയങ്ങാട് മലയിലാണ് കമ്പിളിപ്പാറ ക്വാറി.  ക്വാറിയുടെ മുകളിലും സമീപത്തുമായി പലയിടത്തും ജൂലായ് മാസത്തില്‍ ഉരുള്‍ പൊട്ടി. സമീപത്തെ വീടും തകര്‍ന്നു. റോഡും പാലവും തകര്‍ന്ന് ദിവസങ്ങളോളം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഈ പ്രദേശം.

Latest Videos

ക്വാറിയില്‍ വന്നടിഞ്ഞ കല്ലും മണ്ണും മണ്ണു മാന്തി യന്ത്രങ്ങളുപയോഗിച്ച് നീക്കുകയാണ് തൊഴിലാളികള്‍. ക്വാറിയിലെ റോഡും കഴിഞ്ഞ ദിവസം പുനര്‍ നിര്‍മ്മിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ക്വാറിയുടെ ലൈസന്‍സ് കാലാവധി അവസാനിച്ചതാണ്. പ്രദേശത്തു നിന്നും വീടുകളൊഴിഞ്ഞു പോയവര്‍ തിരികെയെത്തും മുമ്പ് അനധികൃതമായി ഖനനം തുടങ്ങാനുള്ള നീക്കമാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ആദിവാസി കുടുംബങ്ങളുള്‍പ്പെടെ താമസിക്കുന്ന നിരവധി വീടുകളാണ് ക്വാറിയുടെ താഴ്ഭാഗത്തുള്ളത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.അതേ സമയം ക്വാറി വൃത്തിയാക്കുക മാത്രമാണ് ചെയ്യുന്നതെന്ന വിശദീകരണമാണ് ക്വാറി അധികൃതർ നല്‍കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!