യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ അറസ്റ്റ് രാവിലെ രേഖപ്പെടുത്തിയിരുന്നു
കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ (actress rape case)അറസ്റ്റിലായ നടൻ വിജയ് ബാബുവിനെ(vijay babu) ഫ്ലാറ്റിലെത്തിച്ച് തെളിവെടുത്തു(evidence collecting).പനമ്പള്ളി നഗറിലെ ഡി ഹോ൦സ് സ്യൂട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. അതിജീവിതയുടെ പരാതിയിൽ ഈ ഫ്ലാറ്റിൽ വച്ചാണ് ലൈംഗികമായും ശാരിരകമായും പീഡിപ്പിച്ചതെന്ന് പറഞ്ഞിട്ടുള്ളത്. അതിജീവിതയുടെ പരാതിയിൽ ചില ഹോട്ടലുകളിൽ വച്ചും പീഡനം നടന്നുവെന്ന് പറഞ്ഞിട്ടുണ്ട്. വരംു ദിവസങ്ങളിൽ ഇവിടേയും എത്തിച്ച് തെളിവെടുക്കും. തെളിവെടുപ്പിന് കൊണ്ടും പോകും മുമ്പ് വിജയ് ബാബുവിനെ ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയിരുന്നു.
യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ അറസ്റ്റ് രാവിലെ രേഖപ്പെടുത്തിയിരുന്നു. എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ ഇന്ന് മുതൽ ജൂലൈ 3 വരെ നടനെ ചോദ്യം ചെയ്യാൻ കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈകീട്ട് ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബുവിന് മടങ്ങാനാകും. 28,29,30 ദിവസങ്ങളിലും അടുത്ത മാസം 1,2,3 ദിവസങ്ങളിലും വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് തുടരും. രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയിട്ടുള്ളത്.
ഒരുമാസത്തിലധികം നീണ്ട നിന്ന ഒളിച്ച് കളിക്കും, നാടകങ്ങൾക്കും ഒടുവിൽ വിജയ് ബാബുവിന് കഴിഞ്ഞ ദിവസമാണ് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചത്. ജൂണ്‍ 27 മുതൽ ജൂലൈ മൂന്ന് വരെ രാവിലെ ഒൻപത് മുതൽ ആറ് വരെ കസ്റ്റഡിയിൽ വയ്ക്കാൻ പൊലീസിന് അനുമതിയുണ്ട്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം. വിദേശത്തേക്ക് കടന്ന ജാമ്യത്തിന് ശ്രമിച്ചതിൽ തെറ്റില്ലെന്ന് പറഞ്ഞ കോടതി പുതിയ പാസ്പോർട്ട് ലഭിച്ചെങ്കിൽ അത് പൊലീസിന് കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്. ശാരീരിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നെന്നായിരുന്നു വിജയ് ബാബുവിന്റെ നിലപാട്. എന്നാൽ ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ജാമ്യഘട്ടത്തിൽ അല്ല വിചാരണ സമയത്ത് പരിശോധിക്കേണ്ടതാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
'അമ്മ' പുരുഷന്മാർക്ക് വേണ്ടി മാത്രമുള്ള സംഘടന, വിജയ് ബാബു സ്വാധീനിക്കാൻ ശ്രമിച്ചു; അതിജീവിതയുടെ അച്ഛൻ
താരസംഘടനയായ 'അമ്മ' പുരുഷന്മാർക്ക് വേണ്ടി മാത്രമുള്ള സംഘടനയാണെന്ന് വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതി നൽകിയ നടിയുടെ അച്ഛൻ. 'അമ്മ' എന്ന സംഘടനയെ കുറിച്ച് എന്ത് പറയാനാണ് എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ സംസാരിക്കവേ പറഞ്ഞു. പണവും സ്വാധീനവും ആളുകളും ഉള്ളവർക്ക് എന്തുമാകാം എന്നതാണ് ഇത് തെളിയിക്കുന്നതെന്നും വിജയ് ബാബു 'അമ്മ' ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുത്തത് പരാമർശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. അന്തസ്സുള്ള സംഘടനയായിരുന്നെങ്കിൽ മാറി നിൽക്കാൻ വിജയ് ബാബുവിനോട് പറയുമായിരുന്നു. കേസ് കഴിയുന്ന വരെ കാക്കാമായിരുന്നു.
പരാതിയിൽ നിന്ന് പിന്മാറാൻ വിജയ് ബാബു ഒരു കോടി രൂപ മകൾക്ക് വാഗ്‍ദാനം ചെയ്തു. ഒരു സുഹൃത്ത് മുഖേനയാണ് പണം വാഗ്‍ദാനം ചെയ്തത്.അതിജീവിതയുടെ സഹോദരിയെ ഫോണിൽ വിളിച്ച് കാലുപിടിച്ചെന്ന പോലെ സംസാരിച്ചു. കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫോൺ റെക്കോർഡിംഗ് കയ്യിലുണ്ടെന്നും അതിജീവിതയുടെ അച്ഛൻ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ പണം വാഗ്‍ദാനം ചെയ്തത് എന്തിനായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.