കഴക്കൂട്ടത്ത് വിജിലൻസ് സിഐയും സിറ്റി ഗ്യാസ് ഇൻസ്റ്റലേഷൻ കമ്പനി പിആർഒയും തമ്മിൽ കയ്യാങ്കളി; ഇരുവരും പരാതി നൽകി

By Web Team  |  First Published Dec 26, 2024, 9:07 PM IST

തിരുവനന്തപുരത്ത് സിറ്റി ഗ്യാസ് ഇൻസ്റ്റലേഷൻ കമ്പനി പിആർഒയും വിജിലൻസ് സിഐയും പൊലീസിൽ പരാതി നൽകി


തിരുവനന്തപുരം: സിറ്റി ഗ്യാസ് ഇൻസ്റ്റലേഷൻ കമ്പനി പിആർഓയെ വിജിലൻസ് സി ഐ മർദ്ദിച്ചെന്ന് പരാതി. പിആർഒ തന്നെ ജാതീയമായി അധിക്ഷേപിച്ചെന്ന് സിഐയും പരാതി നൽകി. സിറ്റി ഗ്യാസ് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന അതിഥി സോളാർ കമ്പനിയുടെ പിആർഒ ആയ എസ്.വിനോദ് കുമാറിനാണ് മർദ്ദനമേറ്റത്. വിനോദ് ജാതി അധിക്ഷേപം നടത്തിയെന്ന് വിജിലൻസ് സി ഐ യായ അനൂപ് ചന്ദ്രനും പരാതി നൽകി.

കഴക്കൂട്ടം സെൻ്റ് ആൻ്റണീസ് സ്കൂൾ റോഡിൽ ബുധനാഴ്ച്ച രാത്രി 10 നായിരുന്നു സംഭവം. സിറ്റി ഗ്യാസ് പദ്ധതിയുടെ പൈപ്പിടൽ ജോലികൾ നടക്കുന്ന ഭാഗമാണിത്. അവസാന വട്ട ജോലിക്കായി ഈ റോഡിൽ ഗതാഗതം നിരോധിച്ചിരുന്നു. ഇതുവഴി കാറിലെത്തിയ അനൂപ് ചന്ദ്രൻ റോഡ് അടച്ചതുമായി ബന്ധപ്പെട്ട് വിനോദിനോട് ചോദിച്ചു. ഇവർ തമ്മിലെ സംസാരം തർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും മാറി. സിഐ തന്നെ മർദ്ദിച്ചെന്ന് വിനോദ് കുമാർ പരാതി നൽകി. തൻ്റെ കാറിലിടിച്ച് ബഹളമുണ്ടാക്കിയ വിനോദ് കുമാർ, കാറിൽ നിന്ന് പുറത്തിറങ്ങിയ തന്നെ തെറിവിളിച്ച് മർദ്ദിച്ചെന്ന് സിഐയും പരാതി നൽകി. ജാതിപ്പേര് വിളിച്ച് ജാതീയമായി അധിക്ഷേപിച്ച് സംസാരിച്ചതായും ഭാര്യയുടെയും മകളുടെയും  മുന്നിൽ വച്ച് അസഭ്യം പറഞ്ഞതായും അനൂപ് ചന്ദ്രൻ കഴക്കൂട്ടം പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. വിനോദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Latest Videos

click me!