സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി; പലിശയടക്കം തിരിച്ചടക്കണം, വിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പ തന്നെ

By Web Team  |  First Published Dec 3, 2024, 7:51 AM IST

വിജിഎഫ് തിരിച്ചടവ് സംസ്ഥാന സര്‍ക്കാരിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന വാദം പൂര്‍ണ്ണമായും തള്ളുകയാണ് കേന്ദ്രം. 


തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകുന്ന ധനസഹായം കേരളം തിരിച്ചടച്ചേ മതിയാകൂവെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. വയബിലിറ്റി ഗ്യാപ് ഫണ്ട് ദീര്‍ഘകാല വായ്പയായി പരിഗണിക്കരുതെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം തള്ളി കേന്ദ്ര ധനമന്ത്രാലയം മുഖ്യമന്ത്രിയുടെ ഓഫീസിന് കത്തയച്ചു. വിജിഎഫ് തിരിച്ചടവ് സംസ്ഥാന സര്‍ക്കാരിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന വാദം പൂര്‍ണ്ണമായും തള്ളുകയാണ് കേന്ദ്രം.

അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സാമ്പത്തികമായി ലാഭമില്ലാത്ത പദ്ധതികൾക്ക് നൽകുന്ന കേന്ദ്ര സഹായമാണ് വി‍ജിഎഫ് അഥവ വയബിലിറ്റി ഗ്യാപ് ഫണ്ട്. ധനസഹായം എന്ന നിലയിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് കേന്ദ്രം അനുവദിക്കേണ്ട വിജിഎഫ് 817.80 കോടി രൂപയാണ്. ഇത് അനുവദിക്കണമെങ്കിൽ ഭാവിയിൽ തുറമുഖം ലാഭത്തിലാകുമ്പോഴുള്ള മൂല്യം കണക്കാക്കി തുക തിരിച്ചടക്കണമെന്നാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെടുന്നത്. തൂത്തുക്കുടി അടക്കം തുറമുഖങ്ങൾക്ക് ധനസഹായം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് മാത്രം കാണിക്കുന്ന വിവേചനത്തിൽ സംസ്ഥാന സര്‍ക്കാര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. 

Latest Videos

undefined

817 കോടി പലിശ സഹിതം തിരിച്ചടക്കുമ്പോൾ 12000 കോടിയോളം വരുമെന്നും വര്‍ഷങ്ങൾക്ക് ശേഷം മാത്രം വരുമാനം കിട്ടിത്തുടങ്ങുന്ന പദ്ധതിക്ക് ഇത് വലിയ ബാധ്യതയാകുമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രി നേരിട്ട് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. ഇതിനുള്ള മറുപടി എന്ന നിലയിലാണ് വായ്പ അല്ലാതെ ധനസഹായം പരിഗണിക്കാനാകില്ലെന്ന് തീര്‍ത്ത് പറയുന്ന കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ മറുപടി. 

കുതിപ്പ് തുടരുന്നു, വിഴിഞ്ഞം ഏഷ്യ - യൂറോപ്പ് സ്ഥിരം ചരക്ക് പാതയിൽ; എംഎസ്‍‍സിയുടെ കപ്പലുകൾ ഇനി സ്ഥിരമായി എത്തും

അര്‍ഹമായ ആനുകൂല്യങ്ങൾ തടഞ്ഞ് വച്ച് സംസ്ഥാനത്തെ സാമ്പത്തിക ഉപരോധത്തിലാക്കുന്ന കേന്ദ്ര നടപടിക്കെതിരെ കടുത്ത പ്രതിഷേധം നിലനിൽക്കെയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയോടും കേന്ദ്രം മുഖം തിരിച്ച് നിൽക്കുന്നത്. പദ്ധതിക്ക് ചെലവ് വരുന്ന 8867 കോടി രൂപയിൽ 5595 കോടിയാണ് സംസ്ഥാന സര്‍ക്കാര് മുടക്കേണ്ടത്. ഇതിൽ 2159 കോടി സംസ്ഥാനം ചെലവഴിച്ചിട്ടും ഒരു രൂപപോലും മുടക്കാൻ കേന്ദ്രം തയ്യാറായിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശവാദം. പിപിപി മോഡൽ തുറമുഖ പദ്ധതിക്ക് വിജിഎഫ് അനുവദിക്കുന്നത് ആദ്യമായിട്ടാണെന്നും അതുകൊണ്ടാണ് തിരിച്ചടവ് വ്യവസ്ഥ മുന്നോട്ട് വക്കുന്നതെന്നുമാണ് കേന്ദ്ര വാദം. 15 വര്‍ഷത്തിന് ശേഷം വരുമാനം പങ്കിടുന്ന രീതിയിലാണ് അദാനി പോര്‍ട്ടും സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാര്‍. 20 ശതമാനം തുകമുടക്കുന്നതിനാൽ വരുമാന വിഹിതം വേണമെന്ന കേന്ദ്ര നിര്‍ബന്ധത്തോട് കേരളം സ്വീകരിക്കുന്ന തുടര്‍ നടപടി വരും ദിവസങ്ങളിൽ വിഴിഞ്ഞം തുറമുഖം മുൻനിര്ത്തി വലിയ ചര്‍ച്ചയാകും. 

 

 

 

 

click me!