മുഖ്യമന്ത്രിയെ കടന്നാക്രമിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ നീക്കമാണെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. രാഷ്ട്രീയ നീക്കം രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മധുര: മാസപ്പടി കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയ്ക്കായി പാർട്ടി നേതാക്കൾ ഒറ്റക്കെട്ടായി രംഗത്ത്. വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ഗൗരവതരമല്ലെന്ന നിലപാടിലാണ് സിപിഎം. പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെ അനുമതി കൊടുത്തത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്നും നിയമപരമായ വഴിയിലൂടെ നിജസ്ഥിതി തെളിയിക്കാനാകുമെന്നുമാണ് പാർട്ടി വിലയിരുത്തൽ. മുഖ്യമന്ത്രിയെ കടന്നാക്രമിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ നീക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. രാഷ്ട്രീയ നീക്കം രാഷ്ട്രീയമായി നേരിടുമെന്നും പറഞ്ഞ ഗോവിന്ദൻ, കൈക്കൂലിക്ക് ആരെങ്കിലും ടാക്സ് അടക്കുമോ എന്നും ചോദിച്ചു. പാർട്ടി കോൺഗ്രസ് നടക്കുന്ന പശ്ചാത്തലത്തിൽ സിപിഎമ്മിനെ കളങ്കപ്പെടുത്താനും മുഖ്യമന്ത്രിയെ ടാർജറ്റ് ചെയ്യാനുമുള്ള ശ്രമം മാത്രമാണിത്. ബോധപൂർവം ഉണ്ടാക്കിയ കള്ള പ്രചരണമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
എസ്എഫ്ഐ അന്വേഷണം ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ വരുന്നത് സൂക്ഷ്മമായി പരിശോധിക്കേണ്ട കാര്യമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണിത്. വഴിവിട്ട ഒരു സഹായവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സിഎംആർഎൽ കമ്പനിക്ക് അനുകൂലമായി ഒരു നിലപാടും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. എസ്എഫ്ഐഒ അന്വേഷണം സംബന്ധിച്ച വാർത്ത തന്നെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. ദില്ലി ഹൈക്കോടതിയിൽ കേസ് റദ്ദാക്കുന്നതിന് വാദം നടക്കുകയാണ്. വാദം കേട്ട ജഡ്ജി അലഹബാദ് കോടതിയിലേക്ക് മാറ്റി. ജൂലൈയിൽ വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചിരിക്കെ ഇപ്പോൾ എസ്എഫ്ഐഒ ഈ നാടകം നടത്തുകയാണ്. ഇത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇത് ഗൗരവപൂർവം പരിശോധിക്കേണ്ടതാണ്. രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടാണിത്. മുഖ്യമന്ത്രിയൊ സർക്കാരോ കമ്പനിക്ക് അനുകൂലമായ ഒരു സഹായവും ചെയ്തിട്ടില്ല. മൂന്ന് കോടതികൾ മുഖ്യമന്ത്രിയെ അഴിമതിയിൽ പ്രതി ചേർക്കാൻ ഒന്നും കണ്ടെത്തിയില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.
എസ് എഫ് ഐ ഒ നടപടിയിൽ ഗൂഢാലോചന സംശയിക്കണമെന്ന് എം എ ബേബി പ്രതികരിച്ചു. ജനങ്ങളുടെ മനസ്സിൽ കെട്ടടങ്ങിയ ഒരു കേസാണിത്. തമിഴ്നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും പാർട്ടി ഒരേ വേദിയിൽ ഇരിക്കുമ്പോഴാണ് ഇങ്ങനെ ഒരു നീക്കം ഉണ്ടായത്. അപ്പോൾ കേന്ദ്രം നീക്കം സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എം എ ബേബി പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് കെ എന്‍ ബാലഗോപാൽ കുറ്റപ്പെടുത്തി. പാർട്ടി കോൺഗ്രസ് സമയത്ത് രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങൾ ചെയ്യുന്നുവെന്നായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം. മാസപ്പടി കേസ് കമ്പനികൾ തമ്മിലുള്ള ഇടപാടാണ്. ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് പണം നൽകിയത്. ജോലി ചെയ്തിട്ടില്ലെന്ന് ആക്ഷേപം കമ്പനി ഇതുവരെ ഉന്നയിച്ചിട്ടില്ല. ജോലി കൊടുക്കേണ്ടത് കമ്പനിയാണ്. ആവേശകരമായി നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ പൊലിമ കുറയ്ക്കാനുള്ള നീക്കമെന്നും രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്നും കെ കെ ശൈലജ വിമര്‍ശിച്ചു. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ മുഹമ്മദ് റിയാസ് തയ്യാറായില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം