ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പ്രൊഫൈൽ ഫോട്ടോയ്ക്ക് താഴെ കമന്‍റുകൾ ചർച്ചയായി നിൽക്കെ ആണ് വീണയുടെ പ്രൊഫൈൽ പിക്ചർ മാറ്റമെന്നതും ശ്രദ്ധേയമാണ്
കൊല്ലം: ഡോക്ടർ വന്ദന ദാസിന്റെ മരണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ നടത്തിയ 'പരിചയക്കുറവ്' പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം മാറ്റി. ഡോക്ടർ വന്ദനയുടെ ചിത്രം ഔദ്യോഗിക ഫേസ്ബുക്ക് പേജിന്‍റെ പ്രൊഫൈൽ ചിത്രമാക്കുകയാണ് വീണ ജോർജ് ചെയ്തത്. ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പ്രൊഫൈൽ ഫോട്ടോയ്ക്ക് താഴെ ലവ് സിംബലും കമന്‍റുകളും ചർച്ചയായി നിൽക്കെ ആണ് വീണയുടെ പ്രൊഫൈൽ പിക്ചർ മാറ്റമെന്നതും ശ്രദ്ധേയമാണ്. എന്നാൽ വീണയുടെ പ്രൊഫൈൽ പിക്ചർ മാറ്റത്തിന് താഴെ ശക്തമായ വിമർശനമാണ് ഉണ്ടായിരിക്കുന്നത്. മന്ത്രിയുടെ പരാമർശത്തിനെതിരെ നിരവധിപേരാണ് കമന്‍റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം നേരത്തെ ഡോക്ടർ വന്ദന ദാസിന്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നടത്തിയ 'പരിചയക്കുറവ്' പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇതിനെതിരെ പ്രതികരണവുമായി ഡോക്ടർമാരും പ്രതിപക്ഷ നേതാവ് വിഡി സതീശനുമടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എല്ലാ ഡോക്ടർമാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നാണ് സതീശൻ പറഞ്ഞത്. ഡോക്ടർക്ക് അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയമില്ലായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വീണാ ജോർജ്ജ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.
അതേസമയം കൊട്ടാരക്കര സർക്കാർ ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ജി സന്ദീപിനെ കൊട്ടരാക്കര മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഇന്ന് വൈകീട്ടാണ് ഇദ്ദേഹത്തെ പൊലീസ് സംഘം കോടതിയിൽ ഹാജരാക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ പണിമുടക്ക് നാളെയും തുടരുമെന്ന് ഐഎംഎ അറിയിച്ചു. പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടൽ സംഘടന ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ മുഖ്യമന്ത്രി ഇടപെടണമെന്നും ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്ന ചട്ടം ഓർഡിനൻസായി ഉടൻ ഇറക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. പൊലീസിന്റെ സാന്നിധ്യത്തിൽ ഇത്തരമൊരു കൊലപാതകം നടന്നത് അതീവ ഗൗരവതരമെന്ന് കേരള ഗവ മെഡിക്കൽ ഓഫീസേർസ് അസോസിയേഷനും വിമർശിച്ചു. അത്യാഹിത വിഭാഗം ഒഴിവാക്കിക്കൊണ്ട് ഇന്ന് സർക്കാർ ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു.