കോടിക്കണക്കിന് രൂപയുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസിൽ വര്‍ക്കലയിലെ ഹോംസ്റ്റേയിൽ നിന്ന് പിടിയിലായ ലിത്വാനിയൻ പൗരൻ അലക്സേജ് ബസിക്കോവ് രണ്ടു വര്‍ഷം മുമ്പേ നോട്ടപ്പുള്ളി.2023ൽ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന ഒരു വനിത ഉള്‍പ്പെടെ മൂന്നു റഷ്യക്കാരെ നാടുകടത്തി. ഇവരെ നാടുകടത്തിയതിന്‍റെ നോട്ടീസിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസിൽ വര്‍ക്കലയിലെ ഹോംസ്റ്റേയിൽ നിന്ന് പിടിയിലായ ലിത്വാനിയൻ പൗരൻ അലക്സേജ് ബസിക്കോവ് രണ്ടു വര്‍ഷം മുമ്പേ നോട്ടപ്പുള്ളി. 2023ൽ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന ഒരു വനിത ഉള്‍പ്പെടെ മൂന്നു റഷ്യക്കാരെ നാടുകടത്തി. ഇവരെ നാടുകടത്തിയതിന്‍റെ നോട്ടീസിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. എന്നാൽ മൂന്നു റഷ്യക്കാരെ നാടുകടത്തിയപ്പോഴും അലക്സേജിലേക്ക് അന്വേഷണം പോയിരുന്നില്ല.
അതേസമയം, ശതകോടിയുടെ തട്ടിപ്പ് നടത്തിയ അലക്സേജ് വർഷങ്ങളോളം വർക്കലയിൽ താമസിച്ചിരുന്ന വിവരം അറിഞ്ഞതിന്‍റെ അമ്പരപ്പിലാണ് നാട്ടുകാർ. ഇടക്കിടക്ക് വിദേശത്തേക്ക് പോകാറുണ്ടാിരുന്ന അലക്സേജ് പ്രദേശവാസികളുമായി അധികം അടുപ്പമുണ്ടായിരുന്നില്ല. ഭാര്യയും രണ്ടുമക്കളും റഷ്യയിൽ നിന്നുള്ള ചില സുഹൃത്തുക്കൾക്കുമൊപ്പം ഹോം സ്റ്റേക്കുള്ളിൽ തന്നെയായിരുന്നു കൂടുതൽ സമയം കഴിഞ്ഞിരുന്നത്. ശതകോടതട്ടിപ്പ് നടത്തിയ അല്കേസജ് ഒരു ഫീച്ചർ ഫോൺ മാത്രമായിരുന്നു കേരളത്തിൽ ഉപയോഗിച്ചിരുന്നത്.
രണ്ട് വർഷം മുമ്പ് ഈ ഹോം സ്റ്റേ കേന്ദ്രീകരിച്ച് ലഹരിവില്പന നടത്തുന്ന വിവരം പൊലീസിന് അറിയാമായിരുന്നു. കഞ്ചാവ് വില്പന നടത്തിയതിന് ഡാൻസാഫ് സംഘം ഇവിടെ രണ്ട് വർഷം മുമ്പ് റെയ്ഡ് നടത്തിയിരുന്നു. ഒരു വനിത അടക്കം മൂന്ന് റഷ്യക്കാരെ അന്ന് പിടികൂടി നാടുകടത്തിയിരുന്നു. ഇവരുടെ നാടുകടത്തൽ നോട്ടീസിലെ പ്രതികളുടെ വിലാസം കാണിച്ചിരുന്നത് അലക്സേജ് താമസിച്ചിരുന്ന സോയ എന്ന ഹോം സ്റ്റേയുടെ പേരായിരുന്നു. അന്ന് പക്ഷെ അലക്സേജിലേക്ക് അന്വേഷണം പോയില്ല. കഴിഞ്ഞ പത്തിന് ഇൻറർപോൾ നോട്ടീസ് കിട്ടിയപ്പോഴാണ് കൊടും കുറ്റവാളിയാണ് അലക്സേജ് എന്ന് പൊലീസ് തിരിച്ചറിയുന്നത്.
കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ കള്ളപ്പണ കേസിൽ പ്രതിയായ ലിത്വാനിയ സ്വദേശി ബെഷ്യോകോവ് അലക്സെസ് എന്ന 46 കാരനെ വർക്കല കുരയ്ക്കണ്ണിയിലെ ഒരു ഹോം സ്റ്റേയിൽ നിന്ന് പിടികൂടിയത്. ലിത്വാനിയ സ്വദേശിയാണെങ്കിലും റഷ്യയിൽ സ്ഥിരതാമസക്കാരനാണ് പ്രതി. ഇയാൾക്കെതിരെ ദില്ലി പാട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വർക്കല പൊലീസാണ് കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.