റോഡ് കെട്ടിയടച്ച് സമ്മേളനവും സമരവും; എംവി ഗോവിന്ദൻ, ബിനോയ് വിശ്വം അടക്കമുള്ള നേതാക്കൾ നേരിട്ട് ഹാജരാകണം

By Web Desk  |  First Published Jan 9, 2025, 3:38 PM IST

തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് കെട്ടിയടച്ച് സിപിഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിലും സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് കെട്ടിയടച്ച് ജോയിന്‍റ് കൗണ്‍സിൽ നടത്തിയ സമരത്തിലും നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി.


തിരുവനന്തപുരം: റോഡ് തടസ്സപ്പെടുത്തി പാര്‍ട്ടിയോഗങ്ങളും സമരവും സംഘടിപ്പിച്ച നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഹൈക്കോടതി. തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് കെട്ടിയടച്ച് സിപിഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിലും സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് കെട്ടിയടച്ച് സിപിഐയുടെ സംഘടനയായ ജോയിന്‍റ് കൗണ്‍സിൽ നടത്തിയ സമരത്തിലും നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നേതാക്കളോട് നേരിട്ട് ഹാജരാക്കാൻ ഹൈക്കോടതി നിര്‍ദേശം നൽകിയത്.

വഞ്ചിയൂരിൽ സിപിഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ എംവി ഗോവിന്ദൻ, കടകംപള്ളി സുരേന്ദ്രൻ, എം വിജയകുമാര്‍, വികെ പ്രശാന്ത് അടക്കമുള്ള നേതാക്കള്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം.  വഴിയടച്ച് സെക്രട്ടറേയിറ്റിൽ ജോയിന്‍റ് കൗണ്‍സിൽ നടത്തിയ സമരത്തിലെ കോടതിയലക്ഷ്യ ഹര്‍ജിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. ഫെബ്രുവരി പത്തിനാണ് നേതാക്കള്‍ ഹാജരാകേണ്ടത്. പൊലീസ് ഉദ്യോഗസ്ഥരായ ജി സ്പര്‍ജന്‍ കുമാര്‍,പുട്ട വിമലാദിത്യ എന്നിവരും ഹാജരാകണം. വഞ്ചിയൂരില്‍ റോഡ്  കെട്ടിയടച്ച് സമ്മേളനം നടത്തിയ നടപടി കോടതിയലക്ഷ്യമാണെന്ന് പരാതിപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

Latest Videos

വ‍ഞ്ചിയൂരിലേത് പ്രതിഷേധത്തിന്‍റെ ഭാഗം പോലുമായിരുന്നില്ലെന്നും സാധാരണ ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടിയായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. എല്ലാ ദിവസവും ഇഥ്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും ചെറുതായി കാണാനാകില്ലെന്നും കോടതി കുറ്റപ്പെടുത്തി.കൊച്ചി കോര്‍പ്പറേഷന് മുന്നിൽ ഡിസിസി നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനോടും ടിജെ വിനോദ് എംഎൽഎയോടും അന്നേ ദിവസം ഹാജരാകാൻ കോടതി ഉത്തരവിട്ടു.

മൂന്ന് സംഭവങ്ങളിലായി നേരിട്ട് ഹാജരാകേണ്ട നേതാക്കള്‍

സി.പി.എം നേതാക്കളായ എം.വി. ഗോവിന്ദൻ,എം. വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, വി. ജോയ്,  വി.കെ. പ്രശാന്ത്, സി.പി.ഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, ജയചന്ദ്രൻ കല്ലിങ്കൽ (ജോ. കൗൺസിൽ), കോൺഗ്രസ് നേതാക്കളായ മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ്, ഡൊമിനിക് പ്രസന്‍റേഷൻ, പൊലീസ് ഉദ്യോഗസ്ഥരായ ജി. സ്പർജൻകുമാർ, പുട്ട വിമാലാദിത്യ, കിരൺ നാരായണൻ, ഡി. ഗിരിലാൽ, അനീഷ് ജോയ്, പ്രജീഷ് ശശി.

റോഡ് തടഞ്ഞ് സിപിഎം പാളയം ഏരിയ സമ്മേളനം: പൊലീസ് കേസെടുത്തു; 'പൊതുജന സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കി'

 

click me!