ചുരുങ്ങിയ സമയംകൊണ്ട് വടകരയിൽ തീർത്ത ഷാഫി തരംഗമാണ് വോട്ടുകളായി പരിണമിച്ചത്.
വടകര: പാലക്കാട് നിന്നും വടകരയിലെത്തി ഷാഫി പറമ്പിൽ നേടിയത് കരുത്തുറ്റ വിജയമാണ്. സിപിഎമ്മിന് സ്വാധീനമുള്ള മണ്ഡലം തിരികെ പിടിക്കാനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി കെ.കെ.ശൈലജ ടീച്ചർ തന്നെയെത്തിയത്. കെ.മുരളീധരന് ഒപ്പത്തിനൊപ്പം നിന്ന് മത്സരിക്കാൻ കഴിയുന്ന ശക്തയായ നേതാവാണ് ശൈലജ ടീച്ചർ. എന്നാൽ, അപ്രതീക്ഷിതമായി കെ.മുരളീധരൻ തൃശൂരിലേക്ക് പോയതോടെ വടകരയിൽ നറുക്ക് വീണത് ഷാഫി പറമ്പിലിനാണ്.
വടകരയിൽ അപരിചിത്വത്തിന്റെ യാതൊരു ലാഞ്ചനയുമില്ലാതെ ഷാഫിയും കൂട്ടരും പ്രചരണത്തിനിറങ്ങി. ചുരുങ്ങിയ സമയംകൊണ്ട് വടകരയിൽ തീർത്ത ഷാഫി തരംഗമാണ് വോട്ടുകളായി പരിണമിച്ചത്. ഷാഫി പറമ്പിൽ നേടിയ ആകെ വോട്ടുകൾ 557528 ആണ്. ശൈലജ ടീച്ചർക്ക് ലഭിച്ച ആകെ വോട്ട് 443022 ആണ്. എൻഡിഎ സ്ഥാനാർഥി പ്രഫുൽ കൃഷ്ണൻ നേടിയ വോട്ടുകൾ 111979 ആണ്.
കണ്ണൂര്‍ ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളും അടങ്ങുന്നതാണ് വടകര ലോക്‌സഭാ മണ്ഡലം. കണ്ണൂര്‍ ജില്ലയിലെ തലശേരി, കൂത്തുപറമ്പ് എന്നീ നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാ മണ്ഡലങ്ങളും.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.ജയരാജനെ പരാജയപ്പെടുത്തി 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2014 -ല്‍ ഇടതു സ്ഥാനാര്‍ത്ഥി അഡ്വ. എന്‍ ഷംസീറിനെ പരാജയപ്പെടുത്തി മുല്ലപ്പള്ളി രാമചന്ദ്രന്‍ 416,479 വോട്ടുകള്‍ നേടി വിജയിച്ചു. 2009- ലും യുഡിഎഫിന് വേണ്ടി കോൺഗ്രസ് സ്ഥാനാർത്ഥി മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെയാണ് വടകരയിൽ മത്സരിച്ച് ജയിച്ചത്. അന്ന് എൽഡിഎഫിനായി സിപിഎം നേതാവ് പി സതീദേവി മത്സരിച്ചെങ്കിലും 56186 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു