വാക്സീൻ ക്ഷാമം തുടരുന്നു; പുതിയ ബാച്ച് എത്തിയില്ലെങ്കിൽ നാളെ സംസ്ഥാനത്ത് പലയിടത്തും വാക്സിനേഷൻ മുടങ്ങും

By Web Team  |  First Published Mar 8, 2021, 12:41 PM IST

തെരഞ്ഞെടുപ്പിന് മുൻപ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് രണ്ട് ഡോസ് വാക്സീൻ നൽകേണ്ടതുണ്ട്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും വാക്സീൻ നൽകിയാൽ കോഴിക്കോട് ജില്ലയിൽ നിലവിലുള്ള സ്റ്റോക്ക് മതിയാകാതെ വരും.


കോഴിക്കോട്: സംസ്ഥാനത്ത് വാക്സീൻ ക്ഷാമം തുടരുന്നു. കോഴിക്കോട് ജില്ലയിൽ ഇന്ന് സർക്കാർ ആശുപത്രികൾ വഴി തെരഞ്ഞെടുപ്പ് ജോലികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് മാത്രമാണ് വാക്സീൻ നൽകുന്നത്. വിവിധ ആശുപത്രികളിലെത്തിയ 60 വയസ്സിന് മുകളിൽ പ്രായമുള്ള നിരവധി പേർ വാക്സീൻ കിട്ടാതെ മടങ്ങിപ്പോയി. പുതിയ ബാച്ച് വാക്സീൻ ഉടൻ എത്തിയില്ലെങ്കിൽ സംസ്ഥാനത്ത് പലയിടത്തും നാളെ മുതൽ വാക്സിനേഷൻ പൂർണമായി മുടങ്ങും.

തെരഞ്ഞെടുപ്പിന് മുൻപ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് രണ്ട് ഡോസ് വാക്സീൻ നൽകേണ്ടതുണ്ട്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും വാക്സീൻ നൽകിയാൽ ജില്ലയിൽ നിലവിലുള്ള സ്റ്റോക്ക് മതിയാകാതെ വരും. കോഴിക്കോട് ജില്ലയിൽ നിലവിൽ അവശേഷിക്കുന്ന സ്റ്റോക്ക് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് നൽകാൻ മാത്രമേ തികയൂ എന്ന് ജില്ല വാക്സീൻ ഓഫീസർ വ്യക്തമാക്കുന്നു. 

Latest Videos

undefined

ചൊവ്വാഴ്ച വാക്സീൻ എത്തിയില്ലെങ്കിൽ ബുധനാഴ്ച മുതൽ ജില്ലയിൽ വാക്സീനേഷൻ പൂർണമായി നിർത്തിവെക്കേണ്ടി വരും. കോഴിക്കോട് ജില്ലയിൽ 91 സർക്കാർ ആശുപത്രികളിലാണ്  വാക്സീനേഷൻ നടക്കുന്നത്. വിവിധ സർക്കാർ ആശുപത്രികളിലെത്തിയ 60 വയസ്സിന് മുകളിൽ പ്രായമുള്ള നിരവധി പേർ വാക്സീൻ കിട്ടാതെ മടങ്ങിപ്പോയി.

സ്വകാര്യ ആശുപത്രികളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 60 വയസ്സിന് മുകളിലുള്ളവർക്ക് വാക്സീൻ നൽകുന്നുണ്ട്. എന്നാൽ ജില്ലയിൽ വാക്സിനേഷൻ സൗകര്യമുള്ള 20 സ്വകാര്യ ആശുപത്രികളിലും നൽകേണ്ടവരുടെ എണ്ണം നാലിലൊന്നായി കുറച്ചു. നേരത്തെ 400 പേർക്ക് നൽകിയിരുന്ന ആശുപത്രികളിൽ നിലവിൽ 100ൽ തഴെ പേർക്ക് മാത്രമാണ് വാക്സീൻ നൽകുന്നത്. മറ്റ് ജില്ലകളിലും സമാന അവസ്ഥയാണ്. തൃശ്ശൂർ ജില്ലയിൽ പുതിയ ബാച്ച് വാക്സീൻ എത്തിയില്ലെങ്കിൽ നാളെ മുതൽ വാക്സിനേഷൻ പൂർണമായി മുടങ്ങും. ജില്ലയിൽ സ്പോട്ട് രജിസ്ട്രേഷൻ നിർത്തി വച്ചിരിക്കുകയാണ്.

click me!