വാക്സീൻ ചലഞ്ച് ഏറ്റെടുത്ത് ജനം; രണ്ട് ദിവസം കൊണ്ട് ദുരിതാശ്വാസ നിധിയിലെത്തിയത് ഒരു കോടിയിലധികം

By Web Team  |  First Published Apr 23, 2021, 2:05 PM IST

സമീപകാലത്ത് കാര്യമായ സംഭാവനകൾ എത്താതെ ഉറങ്ങിക്കിടന്നിരുന്ന ദുരിതാശ്വസ നിധിയിലേക്ക് യാതൊരു ഔദ്യോഗിക അറിയിപ്പുമില്ലാതെ പണം ഒഴുകി വരികയാണ്.


തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊവിഡ് വാക്സീൻ സ്വന്തമായി വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹം. രണ്ട് ദിവസത്തിനുള്ളിൽ ഒരു കോടിയോളം രൂപയാണ് ജനങ്ങൾ സംഭാവന ചെയ്തത്. സർക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യപനവുമില്ലാതെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വന്ന ക്യാമ്പയിൻ ജനങ്ങൾ ഏറ്റെടുത്തത്.

വാക്സീൻ സ്വന്തമായി പണം മുടക്കി വാങ്ങണമെന്ന് സംസ്ഥാനങ്ങളോട്  കേന്ദ്രം നിർദ്ദേശിച്ചതിന് പിന്നാലെയാണ് എന്തു വന്നാലും കേരളത്തിൽ വാക്സീൻ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെത്തിയത്. കേന്ദ്ര തീരുമാനത്തിനോട് ജനങ്ങൾ പ്രതികരിച്ചത് വാക്സിനുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കൊണ്ടാണ്. സമീപകാലത്ത് കാര്യമായ സംഭാവനകൾ എത്താതെ ഉറങ്ങിക്കിടന്നിരുന്ന ദുരിതാശ്വസ നിധിയിലേക്കങ്ങനെ യാതൊരു ഔദ്യോഗിക അറിയിപ്പുമില്ലാതെ പണം ഒഴുകിത്തുടങ്ങി.

Latest Videos

undefined

കഴിഞ്ഞ ദിവസം ഏഴായിരത്തോളം ആളുകളിൽ നിന്ന് എത്തിയത് മുപ്പത്തിയഞ്ച് ലക്ഷം രൂപ. ഇന്ന് ഉച്ചവരെ മാത്രം അറുപത്തിരണ്ട് ലക്ഷത്തിലേറെ രൂപയും. സൗജന്യമായി വാക്സീൻ സ്വീകരിക്കുമ്പോൾ രണ്ട് ഡോസിന്റെ പണമായ എണ്ണൂറ് രൂപ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായാണ് സാമൂഹിക മാധ്യമങ്ങളിൽ ക്യാമ്പയിൻ തുടങ്ങിയത്. മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിനാളുകൾ അതേറ്റെടുത്തു. മികച്ച പ്രതികരണം വരുന്ന സാഹചര്യത്തിൽ സർക്കാർ തന്നെ വാക്സിൻ ചലഞ്ചുമായി മുന്നോട്ട് വരാനുള്ള ആലോചനയിലാണ്.

പ്രളയകാലത്ത് ഇത്തരത്തിൽ സർക്കാർ പൊതുജനത്തിന്റെ പിന്തുണ തേടിയപ്പോഴും സംഭാവനകൾ ഒഴുകിയിരുന്നു. 4912 കോടി രൂപയായിരുന്നു 2018-19 വർഷങ്ങളിലായി ദുരിതാശ്വാസ നിധിയിലെത്തിയത്.

click me!