'മുഖ്യമന്ത്രിയേ ആക്രമിക്കാൻ ഗൂഢാലോചന', സുരക്ഷ കൂട്ടിയത് കൃത്യമായ സൂചന കിട്ടിയത് കൊണ്ടെന്ന് ശിവന്‍കുട്ടി

By Web Team  |  First Published Jun 12, 2022, 1:10 PM IST

വിമോചന സമരം മാതൃകയിൽ സമരത്തിന് ശ്രമമെന്നും വി ശിവൻകുട്ടി പറഞ്ഞു. 


തിരുവനന്തപുരം: മുഖ്യമന്ത്രിയേ ആക്രമിക്കാൻ ഗൂഢാലോചന നടന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതേക്കുറിച്ച് കൃത്യമായ സൂചന കിട്ടിയത് കൊണ്ടാണ് സുരക്ഷ കൂട്ടിയത്. സുരക്ഷകൂട്ടി എന്ന് ആക്ഷേപിച്ച് അപകടം ഉണ്ടാക്കാനാണ് നീക്കം. വിമോചന സമരം മാതൃകയിൽ സമരത്തിന് ശ്രമമെന്നും വി ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്ന് മന്ത്രി എം വി ഗോവിന്ദനും പറഞ്ഞു. സുരക്ഷ നൽകേണ്ട സന്ദർഭത്തിൽ അത് വേണം. ആവശ്യമായ സുരക്ഷ മുഖ്യമന്ത്രിക്ക് വേണം. മാസ്ക് പ്രതിഷേധത്തിന് ഉപകരണമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.  മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷയ്ക്കെന്ന പേരിൽ പൊതുജനങ്ങളെ കറുത്ത മാസ്ക് ധരിക്കുന്നതിൽ നിന്ന് വിലക്കിയതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും രംഗത്തെത്തി. കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം.  കറുത്ത ഷർട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നത്  എന്നുമായിരുന്നു ഇ പി യുടെ ചോദ്യം. 

കൊച്ചിയിൽ കറുത്ത വസ്ത്രം ധരിച്ചതിന് ട്രാൻസ്ജെന്‍റര്‍ വ്യക്തികളെ കസ്റ്റഡിയിലെടുത്ത നടപടിയെയും ജയരാജൻ ന്യായീകരിച്ചു. അവർ പാവങ്ങളാണ്, അവരെ കൊണ്ടുവന്നത് ബിജെപിക്കാരാണ്.  അന്താരാഷ്ട്ര കുറ്റവാളികളെ സംരക്ഷിക്കുന്ന സ്ഥാപനമാണ് എച്ച്ആർഡിഎസ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ എൽഡിഎഫ് ആയിരുന്നു പ്രതിപക്ഷം. എൽഡിഎഫ് അക്രമം കാണിക്കില്ല. അക്രമമാണോ ജനാധിപത്യമെന്നും ഇ പി ജയരാജൻ ചോദിച്ചു. മുഖ്യമന്ത്രിക്ക് ഇന്നും അസാധാരണ സുരക്ഷയാണ് ഒരുക്കിയത്. മലപ്പുറത്തെ രണ്ട് പരിപാടികളിൽ 700 പൊലീസുകാരെ നിയോഗിച്ചു. തവനൂരിൽ പരിപാടിക്കെത്തിയവരുടെ കറുത്ത മാസ്ക് അഴിപ്പിച്ചു. കുറ്റിപ്പുറത്ത് ഹോട്ടലുകൾ അടപ്പിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി കുറ്റിപ്പുറം - പൊന്നാനി റോഡും അടച്ചു. പൊതുജനങ്ങൾ ബദൽ റോഡിലൂടെ കടന്ന് പോകണമെന്നാണ് നിർദ്ദേശം. 

Latest Videos

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് മുന്നിൽ കണ്ട് കുന്നംകുളത്തും ചങ്ങരംകുളത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. മലപ്പുറം ചങ്ങരംകുളത്ത് അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് കരുതൽ തടങ്കലിലാക്കിയത്. മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുന്ന  കുന്നംകുളത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നാല് പേരെയാണ് കരുതൽ തടങ്കലിലാക്കിയത്. യൂത്ത് കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം എ എം നിധിഷ്, കടങ്ങോട് മണ്ഡലം പ്രസിഡണ്ട് അസ്‍ലം, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രഞ്ചിൽ, വിഗ്നേശ്വര പ്രസാദ് എന്നിവരെ ഇന്ന് രാവിലെ വീടുകളിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് ഈ അസാധാരണ സുരക്ഷ.

click me!