'ആ ഉപദേശത്തിന് പിന്നാലെ തീരുമാനം', വിവാഹം വേണ്ടെന്നുവെച്ച വിഎസിൻ്റെ ജീവിതത്തിലേക്ക് വസുമതി വന്ന കഥ!

By Sumam Thomas  |  First Published Oct 19, 2023, 9:07 PM IST

'പിറ്റേന്നു നേരം പുലര്‍ന്നപ്പോള്‍ പുതുമണവാളന്‍ മണവാട്ടിയെ സഹോദരിയുടെ വീട്ടിലാക്കി നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തേക്കു വണ്ടി കയറി'


'കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി സെക്രട്ടറി സഖാവ് അച്യുതാനന്ദനും കുത്ത്യതോട് കോടംതുരുത്തുമുറിയില്‍ കൊച്ചുതറയില്‍ ശ്രീമതി വസുമതിയമ്മയും തമ്മിലുള്ള വിവാഹം 1967 ജൂലൈ 18 ന് ഞായറാഴ്ച പകല്‍ മൂന്നുമണിക്ക് ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണമണ്ഡപത്തില്‍വച്ചു നടത്തുന്നതിനു നിശ്ചയിച്ചിരിക്കുന്നതിനാല്‍ തദവസരത്തില്‍ താങ്കളുടെ മാന്യസാന്നിധ്യം ഉണ്ടായിരിക്കണമെന്നു താല്‍പര്യപ്പെടുന്നു.
വിധേയന്‍, എന്‍ ശ്രീധരന്‍.
ജോയിന്റ് സെക്രട്ടറി, കമ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ജില്ലാ കമ്മറ്റി. 

അമ്പത്തിയാറ് വര്‍ഷം പഴക്കമുള്ള, 1967 ജൂലൈ 4-ാം തീയതി തയ്യാറാക്കിയ ഒരു വിവാഹക്ഷണക്കത്താണിത്.

Latest Videos

അന്നത്തെ ജില്ലാ സെക്രട്ടറി സഖാവ് അച്യുതാനന്ദന്‍ പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിയായി, സമരയൗവനമായി, പാവങ്ങളുടെ പടത്തലവനായി. വി എസ്‌ - വസുമതി ദമ്പതികള്‍ ഒരുമിച്ചുള്ള ജീവിതം അമ്പത്തിയാറ് വര്‍ഷം പിന്നിടുന്നു.
കതിര്‍മണ്ഡപമൊരുങ്ങാതെ പുടവ നല്‍കാതെ, സദ്യയൊരുക്കാതെ, പരസ്പരം മാലയിട്ട് അവര്‍ ജീവിതത്തിലേക്ക് നടന്നുകയറി. ചടങ്ങ് കഴിഞ്ഞു നേരെ പോയതു സഹോദരിയുടെ വീട്ടിലേക്ക്. വാടകവീട്ടിലായിരുന്നു അന്നത്തെ രാത്രി തങ്ങിയത്. അന്നുരാവിലെ തേച്ചുകഴുകിയിട്ടതിന്റെ നനവുമാറാത്ത വാടകവീട്ടില്‍ പുതിയ ജീവിതത്തിനു തുടക്കം. കഞ്ഞിവയ്ക്കാന്‍ ചട്ടിയും കലവും മുതല്‍ അരിസാമാനങ്ങള്‍ വരെ കണ്ടെത്തേണ്ടതു കല്യാണപ്പെണ്ണിന്റെ ജോലിയായി.

വിഎസിന്‍റെ മൂന്നാര്‍ ഓപ്പറേഷന്‍; അട്ടിമറിച്ചത് സിപിഐയും സിപിഎമ്മും സംയുക്തമായെന്ന് കെ സുരേഷ് കുമാര്‍

പിറ്റേന്നു നേരം പുലര്‍ന്നപ്പോള്‍ പുതുമണവാളന്‍ മണവാട്ടിയെ സഹോദരിയുടെ വീട്ടിലാക്കി നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തേക്കു വണ്ടി കയറി. കേരള രാഷ്ട്രീയത്തില്‍ പിന്നീടങ്ങോട്ട് വി എസ് എന്ന വ്യക്തിപ്രഭാവം ദിനംപ്രതി തിളങ്ങിക്കൊണ്ടിരുന്നു. രാഷ്ട്രീയ താല്‍പര്യമൊന്നുമില്ലാത്ത ഒരു സാധാരണ സ്ത്രീയായിരുന്നു വസുമതി. സഖാവിനെ സ്‌നേഹിച്ചും പരിചരിച്ചും നിഴല്‍ പോലെ അമ്പത്തിയാറ് വര്‍ഷങ്ങളായി അവര്‍ കൂടെത്തന്നെയുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നു ഹെഡ് നഴ്‌സായിട്ടാണ് വസുമതി വിരമിക്കുന്നത്. അതുവരെ വി എസിന്റെ രാഷ്ട്രീയ ജീവിതത്തിലെ അനുകൂല പ്രതികൂല സാഹചര്യങ്ങളെ അവര്‍ നിശ്ശബ്ദം നോക്കിക്കണ്ടു.

വിവാഹത്തോടു താല്‍പര്യമില്ലായിരുന്ന വി എസ്, ഒടുവില്‍ തന്റെ രാഷ്ട്രീയ ഗുരുവായ എന്‍ സുഗതന്റെ ഉപദേശം സ്വീകരിച്ചാണ് 43-ാം വയസ്സില്‍ അതിനു തയാറായത്. അന്ന് വസുമതിക്ക് പ്രായം 29. എല്ലാ വിവാഹവാര്‍ഷികങ്ങളും കടന്നു പോയത് ആഘോഷങ്ങളുടെ ആരവമില്ലാതെയായിരുന്നു. സന്തോഷ സൂചകമായി എല്ലാവര്‍ക്കും പായസം നല്‍കും, അത്രമാത്രം. കഴിഞ്ഞ ജൂലൈ 18 -ഉം അങ്ങനെ തന്നെയാണ് കടന്നുപോയത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!