
തിരുവനന്തപുരം: വഖഫ് ഭീകരതയിൽ വേട്ടക്കാർക്ക് ഒപ്പം ഓടിയവർ ഇരകളുടെ കൂടെയെന്ന് തെളിയിക്കാൻ മുനമ്പത്ത് നുണകളുടെ പെരുമഴ പെയ്യിക്കുകയാണെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. മാധ്യമങ്ങളെയെടക്കം തെറ്റിദ്ധരിപ്പിക്കുകയാണ് ഇന്ത്യ സഖ്യം. കേന്ദ്രമന്ത്രി വാക്ക് പാലിച്ചില്ലെന്ന് കള്ളം പറയുന്നവർ മുനമ്പത്തെ ജനതയക്ക് വേണ്ടി ചെറുവിരൽ പോലും അനക്കാത്തവരാണ്.
മുനമ്പം പ്രശ്ന പരിഹാരത്തിന് വഖഫ് ഭേദഗതി പര്യാപ്തമല്ലെന്ന് പറയുന്നവർ ആടിനെ പട്ടിയാക്കുകയാണെന്നും വി.മുരളീധരൻ ആരോപിച്ചു. പുതിയ ആക്ടിന്‍റെ ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ മുനമ്പത്തെ പ്രശ്നത്തിന് പരിഹാരമാകും. വഖഫ് ബോർഡിന്റെ തീരുമാനത്തിനെതിരായ നിയമ പോരാട്ടങ്ങളിൽ പുതിയ ചട്ടങ്ങൾ സാധാരണക്കാർക്ക് സഹായകമാവുമെന്ന് മുൻ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
മുനമ്പം ജനതയ്ക്ക് ഒപ്പം നിൽക്കേണ്ട സംസ്ഥാന വഖഫ് ബോർഡ്, വഖഫ് ട്രൈബ്യൂണലിന്‍റെ നടപടികൾക്കെതിരെ സ്റ്റേ വാങ്ങി. അക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് എന്താണ് പറയാനുള്ളതെന്ന് മുരളീധരൻ ചോദിച്ചു. മുനമ്പത്തെ ജനതയോടുള്ള പ്രതികാര മനോഭാവം ഇൻഡി സഖ്യം തുടരുകയാണെന്നതിൻ്റെ തെളിവാണതെന്ന് വി.മുരളീധരൻ പ്രതികരിച്ചു.മുനമ്പത്ത് റവന്യൂ അവകാശങ്ങൾ എപ്പോൾ പുനസ്ഥാപിക്കുമെന്ന് പറയേണ്ടത് സംസ്ഥാന സർക്കാരാണ്. വഖഫ് ബോർഡാണ് കേസിന് തടസം നിൽക്കുന്നത്.
മുനമ്പത്തെ ജനതയോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നവർ ഇത്രയും കാലം എടുത്ത നിലപാട് പൊതുജനസമക്ഷത്തിലുണ്ട്. മുനമ്പത്തെ ജനതയോട് ഒപ്പമാണ് ഇന്ത്യ സഖ്യമെങ്കിൽ നിയമസഭയിലെ പ്രമേയം പിൻവലിക്കട്ടെ എന്നും വി.മുരളീധരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam