നിപ: സംസ്ഥാനത്തിന് നിർദേശങ്ങളുമായി കേന്ദ്രം, 12 ദിവസത്തെ സമ്പർക്കങ്ങൾ കണ്ടെത്തണം, പ്രത്യേക സംഘത്തെ അയക്കും

By Web Team  |  First Published Jul 21, 2024, 3:49 PM IST

14 വയസ് പ്രായമുളള നിപ രോഗി മരിക്കും മുമ്പ് മോണോ ക്ലോണൽ ആൻ്റി ബോഡി എത്തിച്ചിരുന്നു. എന്നാൽ ആരോഗ്യ സ്ഥിതി മോശമായതിനാൽ നൽകാനായില്ല.


ദില്ലി : കേരളത്തിൽ ഒരു നിപ മരണം കൂടി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്തിന് നിർദേശങ്ങളുമായി കേന്ദ്രം. രോഗബാധിതരുടെ 12 ദിവസത്തെ സമ്പർക്കങ്ങൾ കണ്ടെത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘത്തെ സംസ്ഥാന സർക്കാരിനെ സഹായിക്കാൻ നിയോഗിക്കും. സമ്പർക്കത്തിൽ വന്നവരെ അടിയന്തരമായി ക്വാറൻ്റീനിലേക്ക് മാറ്റണം. സാമ്പിൾ പരിശോധനയ്ക്ക് അയക്കണം. മോണോക്ലോണൽ ആന്റിബോഡി സംസ്ഥാനത്തിന്റെ അഭ്യർത്ഥന പ്രകാരം അയച്ചു നൽകി. 14 വയസ് പ്രായമുളള നിപ രോഗി മരിക്കും മുമ്പ് മോണോ ക്ലോണൽ ആൻ്റി ബോഡി എത്തിച്ചിരുന്നു. എന്നാൽ ആരോഗ്യ സ്ഥിതി മോശമായതിനാൽ നൽകാനായില്ല. മൊബൈൽ ബിഎസ്എൽ 3 ലബോറട്ടറി കോഴിക്കോട് എത്തിച്ചുവെന്നും കേന്ദ്രം വിശദീകരിച്ചു. 

സംസ്ഥാനത്ത് വീണ്ടും നിപ മരണം, ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു

Latest Videos

undefined

നിപയെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കാം

മലപ്പുറത്ത് നിപ ബാധിച്ച് മരണമടഞ്ഞ കുട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികള്‍ അർപ്പിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിപ വൈറസ് സംശയിച്ച സാഹചര്യത്തില്‍ കോണ്ടാക്ട് ട്രെയ്സിംഗ് ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 246 പേരും അതില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ 63 പേരുമാണ് നിലവിലുള്ളത്. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കും. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആവശ്യമായ അതിതീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ താല്ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വണ്ടൂര്‍, നിലമ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളില്‍ ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ളവ എത്തിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിപ പ്രതിരോധത്തിന്  ഒരുമിച്ച് പ്രവര്‍ത്തിക്കാം. വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്, മറ്റേതെങ്കിലും ജീവികള്‍ കടിച്ചതോ ഉപേക്ഷിക്കപ്പെട്ടതോ ആയ പഴങ്ങള്‍ കഴിക്കരുത്, വാഴക്കുലയിലെ തേന്‍ കുടിക്കരുത്, വവ്വാലുകളെയോ അവയുടെ വിസര്‍ജ്യമോ അവ കടിച്ച വസ്തുക്കളോ സ്പര്‍ശിക്കുന്ന സാഹചര്യം ഉണ്ടായാല്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിട്ടൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യുക. ഏതെങ്കിലും തരത്തില്‍ സംശയമുള്ളവര്‍ നിപ കണ്‍ടോള്‍ റൂമിലേക്ക് വിളിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

0483-2732010
0483-2732050
0483-2732060
0483-2732090

click me!