തട്ടിക്കൂട്ടിയ സ്റ്റേജ്, സ്റ്റേഡിയത്തിന് പുറത്ത് ആംബുലൻസില്ല, കലൂരിൽ അടിമുടി സുരക്ഷാവീഴ്ച്ചയെന്ന് റിപ്പോർട്ട്

By Web Desk  |  First Published Dec 31, 2024, 7:52 AM IST

ഉമ തോമസ് എംഎൽഎയ്ക്ക് അപകടം ഉണ്ടായ സംഭവത്തിൽ സംയുക്ത പരിശോധന റിപ്പോര്‍ട്ട്  പുറത്ത്. കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച എന്നാണ് സംയുക്ത പരിശോധന റിപ്പോർട്ട്‌. പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളാണ് റിപ്പോർട്ട്‌ തയ്യാറാക്കിയത്


കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് അപകടം ഉണ്ടായ സംഭവത്തിൽ സംയുക്ത പരിശോധന റിപ്പോര്‍ട്ടും പുറത്തുവന്നു. കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച എന്നാണ് സംയുക്ത പരിശോധന റിപ്പോർട്ട്‌. പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളാണ് റിപ്പോർട്ട്‌ തയ്യാറാക്കിയത്. സ്റ്റേജ് നിർമിച്ചത് അപകടകടമായി തന്നെയാണെന്നും അധികമായി നിർമിച്ച ഭാഗത്തിനു വേണ്ട ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

വിഐപി സ്റ്റേജിന് അടുത്തായി ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ വൈകിയെന്നും പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. താത്കാലികമായി യാതൊരു സുരക്ഷയും പാലിക്കാതെയാണ് സ്റ്റേജ് ഉണ്ടാക്കിയതെന്നും പരിശോധനയിൽ കണ്ടെത്തി. 

അതേസമയം പരിപാടിയിൽ നടന്ന ക്രമക്കേടുകളെ പറ്റിയും കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. പരിപാടിയുടെ സംഘാടകർ നൃത്ത അധ്യാപകർ വഴി നർത്തകരോട് പണം ആവശ്യപ്പെട്ടിരുന്നു എന്ന വിവരങ്ങൾ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. കൂടുതൽ നർത്തകരെ പങ്കെടുപ്പിക്കുന്നവർക്ക് സ്വർണ നാണയം അടക്കം സംഘാടകർ വാഗ്ദാനം ചെയ്തിരുന്നു. അതേസമയം, ഗിന്നസ് നേടുക എളുപ്പമല്ലെന്നും ഗിന്നസ് നേടുന്നതിന് പിന്നിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ഇതിന് പിന്നിൽ സാമ്പത്തിക ലാഭമില്ലെന്നും ഗിന്നസ് പക്രു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Latest Videos

കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ മൂന്ന് പേരെ ഇന്നലെ കൊച്ചി പൊലീസ് ചെയ്തിരുന്നു. സ്റ്റേജ് നിർമ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ മിഷൻ സിഇഒ ഷെമീർ അബ്ദുൽ റഹീം, ഓസ്കാർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇർക്കെതിരെ ചുമത്തിയിരിക്കുന്നത്. മൃദം​ഗ വിഷൻ സിഇഒയും എംഡിയും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ മൃദം​ഗനാദമെന്ന പേരിൽ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ​ഗ്യാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ​ഗുരുതര പരിക്കേറ്റത്. വയനാട് മൃദം​ഗവിഷന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. 

അതേസമയം, പരിപാടിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഉറപ്പുള്ള സ്റ്റേജ് ഒരുക്കണമായിരുന്നു. സംഘാടകർ ലാഘവത്തോടെ കൈകാര്യം ചെയ്തു. വേദിക്ക് ബാരിക്കേഡ് കെട്ടേണ്ടതായിരുന്നു. തന്‍റെ ഗൺമാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. സങ്കടകരമായ അപകടമാണ് എംഎൽഎയ്ക്ക് ഉണ്ടായത്. എട്ടു മിനിറ്റ് കൊണ്ട് പരിപാടി അവസാനിപ്പിച്ചു. ബാക്കിയുള്ള മറ്റു പരിപാടികൾ നടത്തിയില്ല. എന്നു മാത്രമല്ല ഇത്ര വലിയ അപകടമാണെന്ന് അപ്പോൾ തിരിച്ചറിഞ്ഞുമില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

കലൂര്‍ സ്റ്റേഡിയം അപകടം: ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ ശുഭപ്രതീക്ഷ; കണ്ണു തുറന്നു, കൈകാലുകള്‍ അനക്കിയെന്ന് മകൻ

 

click me!