കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കൊച്ചി പൊലീസ്.
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കൊച്ചി പൊലീസ്. സ്റ്റേജ് നിർമ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ മിഷൻ സിഇഒ ഷെമീർ അബ്ദുൽ റഹീം, ഓസ്കാർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇർക്കെതിരെ ചുമത്തിയിരിക്കുന്നത്. മൃദംഗ വിഷൻ സിഇഒയും എംഡിയും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ മൃദംഗനാദമെന്ന പേരിൽ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റത്. വയനാട് മൃദംഗവിഷന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
അതേസമയം, പരിപാടിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഉറപ്പുള്ള സ്റ്റേജ് ഒരുക്കണമായിരുന്നു. സംഘാടകർ ലാഘവത്തോടെ കൈകാര്യം ചെയ്തു. വേദിക്ക് ബാരിക്കേഡ് കെട്ടേണ്ടതായിരുന്നു. തന്‍റെ ഗൺമാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. സങ്കടകരമായ അപകടമാണ് എംഎൽഎയ്ക്ക് ഉണ്ടായത്. എട്ടു മിനിറ്റ് കൊണ്ട് പരിപാടി അവസാനിപ്പിച്ചു. ബാക്കിയുള്ള മറ്റു പരിപാടികൾ നടത്തിയില്ല. എന്നു മാത്രമല്ല ഇത്ര വലിയ അപകടമാണെന്ന് അപ്പോൾ തിരിച്ചറിഞ്ഞുമില്ലെന്നും സജി ചെറിയാൻ പറഞ്ഞു.