'മുഖ്യമന്ത്രി രാജിവയ്ക്കണം' ഒക്ടോബര്‍ എട്ടിന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും യുഡിഎഫ് ധര്‍ണ

By Web TeamFirst Published Sep 27, 2024, 3:31 PM IST
Highlights

പിണറായി സര്‍ക്കാര്‍ നടത്തിയ കൊള്ളയ്ക്ക് കൂട്ടുനിന്ന് പി വി അന്‍വറിന് യുഡിഎഫ് രാഷ്ട്രീയ അഭയം നല്‍കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ്  അന്തിമ സമരം ആരംഭിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. തൃശ്ശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യന്‍ അന്വേഷണം നടത്തുക, മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കുക,അഴിമതിക്കാരനായ എഡിജിപി എം ആര്‍ അജിത്കുമാറിനെ സസ്‌പെന്‍ഡ് ചെയ്യുക, അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 8ന് സെക്രട്ടറിയേറ്റിനു മുന്നിലും പതിമൂന്ന് ജില്ലാ ആസ്ഥാനങ്ങളിലും യുഡിഎഫിന്റെ നേതൃത്വത്തില്‍ സായാഹ്ന പ്രതിഷേധ സംഗമങ്ങള്‍ നടത്തുമെന്ന് എംഎം ഹസ്സന്‍ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പിണറായി സര്‍ക്കാര്‍ നടത്തിയ കൊള്ളയ്ക്ക് കൂട്ടുനിന്ന് പി വി അന്‍വറിന് യുഡിഎഫ് രാഷ്ട്രീയ അഭയം നല്‍കില്ല.സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നം മാത്രമാണ് മുഖ്യമന്ത്രിയും അന്‍വറും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്. അന്‍വര്‍ പുതിതായി ഒന്നും പറഞ്ഞില്ല. കഴിഞ്ഞ മൂന്നുവര്‍ഷം തുടര്‍ച്ചയായി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് പിവി അന്‍വര്‍ ചെയ്തത്.
 
സിപിഎം-ആര്‍എസ്എസ് അന്തര്‍ധാര പുറത്തുകൊണ്ടുവന്നത് പ്രതിപക്ഷ നേതാവാണ്. അതിന് ശക്തിപകരുന്ന പ്രതികരണം മാത്രമാണ് അന്‍വര്‍ നടത്തിയത്. പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണ്ണക്കടത്ത്, സ്പ്രിങ്കളര്‍,മണല്‍ക്കടത്ത്,എഐ ക്യാമറ അഴിമതി,ബ്രൂവറി,കെ ഫോണ്‍,അങ്ങനെ നിരവധി അഴിമതി ആരോപണം പ്രതിപക്ഷം കൊണ്ടുവന്നതാണ്. അന്ന് ഇതിനെതിരെ പൊതുസമൂഹത്തില്‍ പറയാന്‍ സിപിഎമ്മില്‍ നിന്ന് ആരെങ്കിലും തയ്യാറായോ?കഴിഞ്ഞ മൂന്നുവര്‍ഷം അന്‍വര്‍ എവിടെയായിരുന്നു?  മുഖ്യമന്ത്രിയുടെ ഓഫീസില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍  ക്രിമിനല്‍ സംഘത്തെ നിയന്ത്രിക്കുന്ന ഉപജാപക സംഘമുണ്ടെന്ന് പറഞ്ഞതും പ്രതിപക്ഷമാണ്. ഇക്കാര്യങ്ങളില്‍ നിയമസഭയില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. അന്ന് അന്‍വര്‍ നിശബ്ദനായിരുന്ന് ഭരണപക്ഷത്തിന് വേണ്ടി കൈ പൊക്കിയ എംഎല്‍എയാണ് അന്‍വറെന്നും ഹസന്‍ പറഞ്ഞു.

Latest Videos

ഭരണപക്ഷത്ത് ഇരുന്ന് അവരുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്ത വ്യക്തിയാണ് അന്‍വര്‍.അങ്ങനെയുള്ള വ്യക്തിയുടെ ആരോപണങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം മാത്രമാണ് യുഡിഎഫ് ഇതിന് നല്‍കുന്നത്. പിണറായി സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്താനുള്ള ശക്തി കോണ്‍ഗ്രസിനും യുഡിഎഫിനുമുണ്ട്.മോദി-പിണറായി സര്‍ക്കാരിനോടുമുള്ള ജനങ്ങളുടെ എതിര്‍പ്പാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കിട്ടിയ വിജയം.വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇതിനേക്കാള്‍ വലിയ വിജയം നേടാന്‍ സാധിക്കും. അന്‍വറിന് നെഹ്‌റു പേരിനോട് ബഹുമാനവും ഗാന്ധി പേരിനോട് അലര്‍ജിയുമാണ്. അതിനാലാണ് രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞത്.അങ്ങനെയുള്ള ആള്‍ എത്രവലിയ കോണ്‍ഗ്രസ് പാരമ്പര്യം അവകാശപ്പെട്ടിട്ട് എന്തുകാര്യം?  

സര്‍ക്കാരിന്റെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയോ കൊള്ള മുതല്‍ പങ്കിടുകയോ ചെയ്തതിനുശേഷം ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ആണ് അന്‍വര്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനെതിരെ തിരിഞ്ഞത്.ഒക്ടോബര്‍ എട്ടിനു ശേഷം യുഡിഎഫ് ഉന്നത അധികാര സമിതി ചേര്‍ന്ന് തുടര്‍ സമരങ്ങളെപ്പറ്റി ആലോചിക്കും.ജനങ്ങളെ അണിനിരത്തി ഈ സര്‍ക്കാരിനെതിരെ യുഡിഎഫ് സമരം തുടരുമെന്നും ഹസ്സന്‍ പറഞ്ഞു

 

click me!