ജർമൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിക്കകത്ത് നിന്നാണ് കുരങ്ങിനെ കിട്ടിയത്. മൃഗശാല ജീവനക്കാരെത്തിയാണ് കുരങ്ങിനെ പിടികൂടിയത്. രണ്ടാഴ്ച്ചയായി ഹനുമാൻ കുരങ്ങിനെ പിടിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി. ജർമൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിക്കകത്ത് നിന്നാണ് കുരങ്ങിനെ കിട്ടിയത്. മൃഗശാല ജീവനക്കാരെത്തിയാണ് കുരങ്ങിനെ പിടികൂടിയത്. രണ്ടാഴ്ച്ചയായി ഹനുമാൻ കുരങ്ങിനെ പിടിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയായിരുന്നു.
തിരുപ്പതി സുവോളജിക്കൽ പാർക്കിൽ നിന്നെത്തിച്ച ഈ കുരുങ്ങ് അടക്കമുള്ള പുതിയ അതിഥികളെ തുറന്ന് വിടാനായിരുന്നു തീരുമാനം. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹനുമാൻ കുരങ്ങിനെ തുറന്നുവിട്ടത്. പരീക്ഷണാടിസ്ഥാനത്തിൽ, തുറന്നു വിടുന്നതിനിടെയാണ് മൂന്ന് വയസ്സുള്ള പെൺകുരങ്ങ് ചാടിപ്പോയത്. എന്നാൽ കൂട്ടിലേക്ക് പിന്നീട് തിരികെ വരാൻ കൂട്ടാക്കിയില്ല.
കൂട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ ഉടൻ മരങ്ങളിലേക്ക് കയറി കുരങ്ങ് അകന്ന് പോകുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാമായിരുന്നു. മൃഗശാലക്കുള്ളിൽ തന്നെയുള്ള മരത്തിന് മുകളിലായി കുരങ്ങിനെ കണ്ടെത്തിയിരുന്നു. എന്നാൽ തിരികെ മൃഗശാലയിലേക്ക് മടങ്ങിയെത്തിയ കുരങ്ങ്, മരത്തിന് മുകളിൽ തുടരുകയായിരുന്നു. ഇഷ്ടഭക്ഷണം കാണിച്ചിട്ടും താഴേക്ക് ഇറങ്ങാൻ കുരങ്ങ് കൂട്ടാക്കുന്നില്ലായിരുന്നു. അതിനിടെ മൃഗശാലയുടെ കോമ്പൌണ്ട് വിട്ട് പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് നഗരത്തിന്റെ വിവിധയിടങ്ങളിലായി കുരങ്ങിനെ കുടുക്കാൻ പലവിധത്തിലും നോക്കിയെങ്കിലും ഹനുമാൻ കുരങ്ങിനെ പിടികൂടാനായിരുന്നില്ല.
മടങ്ങാന്‍ കൂട്ടാക്കാതെ ഹനുമാന്‍ കുരങ്ങ്; 'നല്ല ഭംഗി, ഹനുമാനെപ്പോലുണ്ട്' എന്ന് കാണികൾ
കുരുങ്ങിനൊപ്പമെത്തിയ അഞ്ച് വയസ്സുള്ള ആൺസിംഹത്തെയും ആറ് വയസ്സുള്ള പെൺസിംഹത്തെയും ഇന്ന് തുറന്നുവിട്ടിരുന്നു. കാർത്തിക്ക് എന്ന ആണ്‍സിംഹം ഇനി ലിയോ എന്നും കൃതിക എന്ന പെണ്‍സിംഹം ഇനി നൈല എന്നും അറിയപ്പെടും. വൈകാതെ വിദേശരാജ്യങ്ങളിൽ നിന്ന് സീബ്രയെയും അമേരിക്കൻ കടുവയെയും മൃഗശാലയിലേക്ക് എത്തിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി പ്രഖ്യാപിച്ചിരുന്നു.