ഒന്നര വയസിൽ വിട്ടുമാറാതെ വന്നൊരു വയറുവേദനയിൽ നിന്നാണ് തുടക്കം. പരിശോധനയിൽ രണ്ട് വൃക്കകളിലും മുഴ കണ്ടെത്തി. തിരുവനന്തപുരം ആർസിസിയിൽ ചികിത്സ തുടങ്ങി. പിന്നീട് ശസ്ത്രക്രിയക്കായി ആർസിസിയിൽ നിന്ന് മുംബൈ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു
തിരുവനന്തപുരം: ഓടിക്കളിക്കേണ്ട പ്രായത്തിൽ ക്യാൻസറിനോട് പൊരുതുകയാണ് തിരുവനന്തപുരത്തെ ഒരു രണ്ടര വയസുകാരൻ. നേമം സ്വദേശിയായ അജിത്കുമാറിന്റെയും ബീനയുടെയും മകൻ ആദിദേവാണ് വൃക്കകൾക്ക് ക്യാൻസർ ബാധിച്ച് ചികിത്സയിലുള്ളത്. കൂലിപ്പണിക്കാരനായ അജിത്കുമാറും കുടുബവും മകന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
നടന്ന് തുടങ്ങും മുമ്പ് കുഞ്ഞ് ആദിദേവ് ക്യാൻസറിന് മുന്നിൽ വീണുപോയി. ഒന്നര വയസിൽ വിട്ടുമാറാതെ വന്നൊരു വയറുവേദനയിൽ നിന്നാണ് തുടക്കം. പരിശോധനയിൽ രണ്ട് വൃക്കകളിലും മുഴ കണ്ടെത്തി. ഇടത് വശത്തും വലത് വശത്തുമായി അഞ്ച് മുഴകൾ. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് ബാധിക്കുന്ന വിൽമ്സ് ട്യൂമറാണന്ന് കണ്ടെത്തിയതോടെ തിരുവനന്തപുരം ആർസിസിയിൽ ചികിത്സ തുടങ്ങി. പിന്നീട് ശസ്ത്രക്രിയക്കായി ആർസിസിയിൽ നിന്ന് മുംബൈ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. പക്ഷെ മുംബെയിലെ ഭാരിച്ച ചികിത്സ ചെലവ് നിർധന കുടംബത്തിന് താങ്ങാൻ കഴിയുന്നതായിരുന്നില്ല.
"സാമ്പത്തികമായി ഒന്നുമില്ല. ഭർത്താവ് ഡ്രൈവറാണ്. കീമോ എടുക്കാൻ പോലും നിവൃത്തിയില്ല. ആശുപത്രിയിൽ പോകാനുള്ള ചെലവ് പോലും അടുത്തുള്ള വീട്ടുകാരാണ് നൽകുന്നത്. സ്വന്തമായി വീട് പോലുമില്ല"- ബീന പറഞ്ഞു.
നാട്ടുകാരുടെ സഹായത്തോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യത്തെ ശസ്ത്രക്രിയ നടത്തി. ഇടത് വൃക്കയിലെ രണ്ട് മുഴകൾ നീക്കം ചെയ്തു. ഇനി വലത് വശത്തെ മൂന്ന് മുഴകൾ കൂടി ശസ്ത്രക്രിയ ചെയ്യണം. വൈകുംതോറും സ്ഥിതി രൂക്ഷമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. കീമോ അടക്കമുള്ളവയ്ക്കും മരുന്നിനുമായി ഇതുവരെ ലക്ഷങ്ങൾ ചെലവായി. ഇനിയുള്ള ശസ്ത്രക്രിയക്കും മരുന്നിനുമൊക്കെ വലിയ തുക വേണം. അതിന് സുമനസുകളുടെ സഹായം അത്യാവശ്യമാണ്.
AJITHKUMAR OS
CENTRAL BANK OF INDIA
RANNI BRANCH
Ac NO: 4055445380
IFSC Code: CBIN0280991
G-PAY: 8606595747