
കൊച്ചി: കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ പദ്ധതി വിഹിതത്തിൽ നിന്നും മിച്ചം പിടിച്ച തുക ഉപയോഗിച്ച് പുതിയ പദ്ധതികൾ ട്വന്‍റി ട്വന്‍റി പാർട്ടി പ്രഖ്യാപിച്ചു. ട്വന്‍റി ട്വന്‍റി ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് വൈദ്യുതി, പാചകവാതക ബില്ലിൽ 25 ശതമാനം ഇളവ് ലഭിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. രണ്ടു പഞ്ചായത്തുകളിലുമായി പ്ലാൻ ഫണ്ടിൽ മിച്ചംവന്നം 37.5 കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വികസനപദ്ധതിക്ക് സർക്കാര്‍ എതിര് നിന്നാൽ കോടതിയിൽ പോകുമെന്ന് ട്വന്‍റി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു .
രാജ്യത്തുതന്നെ പഞ്ചായത്തുകളിൽ ഇതാദ്യമായിട്ടാണ് ഇങ്ങനെയൊരു പദ്ധിയെന്നാണ് ട്വന്‍റി ട്വന്‍റിയുടെ അവകാശവാദം. കിഴക്കമ്പലത്തിന് പുറകേ ട്വന്‍റി ട്വന്‍റി ഭരിക്കുന്ന ഐക്കരനാട് പഞ്ചായത്തിലെ ജനങ്ങൾക്ക് കൂടി പദ്ധതിയുടെ പ്രയോജനം കിട്ടും. സകല വികസന പ്രവർത്തനങ്ങളും കഴിഞ്ഞ് 25 കോടി രൂപ കിഴക്കമ്പലം പഞ്ചായത്തിന്‍റെ കൈവശവും 12.5 കോടി രൂപ ഐക്കരനാട് പഞ്ചായത്തിന്‍റെ കൈവശവുമുണ്ട്. ഈ പണമുപയോഗിച്ച് ഇരു പഞ്ചായത്തുകളിലും താമസിക്കുന്നവരുടെ വൈദ്യുതി, പാചകവാതക ബില്ലിന്‍റെ 25 ശതമാനം തിരികെ നൽകും.
റേഷൻ കാർഡിൽ വെളളക്കാർഡ് ഒഴികെയുളള വീടുകൾക്ക് ഇതിന്‍റെ പ്രയോജനം കിട്ടും. പദ്ധതിക്കായി സർക്കാരിനോട് ഉടൻ അനുമതി തേടും. കിട്ടിയില്ലെങ്കിൽ കോടതിയിൽ പോകും . എന്തുപദ്ധതി കൊണ്ടുവന്നാലും എതിർക്കുന്ന നിലപാടാണ് കുന്നത്തുനാട് എം എൽ എ പിവി ശ്രീനിജന്‍റേതെന്നും ട്വന്‍റി ട്വന്‍റി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് പറഞ്ഞു.രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്നും തങ്ങൾ ഭരിക്കുന്ന രണ്ട് പഞ്ചായത്തുകളിലും ജനത്തിന്‍റെ ജീവിത ചെലവ് ഇതിലൂടെ കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വർഷം രണ്ടര കോടി രൂപയാണ് എല്ലാ വികസന പ്രവർത്തനങ്ങൾക്ക് ശേഷവും രണ്ട് പഞ്ചായത്തുകളിലും മിച്ചം പിടിച്ചത്. സദ്‌ഭരണം കാഴ്ചവച്ചാൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇത് സാധ്യമാണ്. മിച്ചം പിടിക്കുന്ന പണം ബാങ്കിലിട്ട് പലിശ ഉണ്ടാക്കലല്ല ഒരു തദ്ദേശസ്ഥാപനത്തിന്റെ ജോലി. അത് ജനങ്ങളിലേക്ക് തന്നെ എത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ട്വന്‍റി , ട്വന്‍റി ഭരിക്കുന്ന കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിൽ പദ്ധതി തൽക്കാലമില്ല. പ്രതിപക്ഷത്തിന്‍റെ എതിർപ്പുമൂലം വികസന പ്രവർത്തനങ്ങൾ വൈകിയാണ് തുടങ്ങാനായത്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് എതാനം മാസങ്ങൾ മാത്രം ശേഷിക്കെയാണ് ട്വന്‍റി ട്വന്‍റിയുടെ പുതിയ പദ്ധതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam