കൃഷ്ണേന്ദു ബസിനടിയിലേക്ക് വീണത് കാലിൽ കേബിള്‍ കുടുങ്ങി; റിപ്പോര്‍ട്ട് തേടി മന്ത്രി, ഞെട്ടലിൽ നാട്ടുകാര്‍

By Web Desk  |  First Published Jan 10, 2025, 7:24 PM IST

തിരുവനന്തപുരം മടവൂരിൽ രണ്ടാം ക്ലാസുകാരി സ്കൂള്‍ ബസിനടിയിൽപെട്ട് മരിച്ച സംഭവത്തിന്‍റെ ഞെട്ടലിലാണ് നാട്ടുകാര്‍. ബസിൽ നിന്നിറങ്ങിയപ്പോള്‍ കേബിളിൽ കാൽ കുരുങ്ങി ബസിനടയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി


തിരുവനന്തപുരം: തിരുവനന്തപുരം മടവൂരിൽ രണ്ടാം ക്ലാസുകാരി സ്കൂള്‍ ബസിനടിയിൽപെട്ട് മരിച്ച സംഭവത്തിന്‍റെ ഞെട്ടലിലാണ് നാട്ടുകാര്‍. മടവൂര്‍ ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്.  സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ കേബിളിൽ കാൽ കുരുങ്ങി ബസിനടയിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് ജീവൻ നഷ്ടപ്പെട്ടു. കെഎസ്ആർടി ഡ്രൈവർ മണികണ്ഠൻറെയും സൂപ്പർ മാർക്കറ്റ് ജീവനക്കാരി ശരണ്യയുടെയും മകളാണ് കൃഷ്ണേന്ദു. അതേസമയം, അപകടത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി റിപ്പോര്‍ട്ട് തേടി.

സ്‌കൂൾ ബസിൽ വീട്ടിലേക്ക് വന്നതാണെന്നും വീട്ടിലേക്ക് കയറുന്ന വഴി റോഡിലുണ്ടായിരുന്ന കേബിളിൽ കാൽ കുരുങ്ങി വണ്ടിയ്ക്കടിയിലേക്ക് വീണതാണെന്നും വല്ലാത്തൊരു ഞെട്ടലിലാണെന്നും നാട്ടുകാരനായ സൈനുലാബുദ്ദീൻ പറഞ്ഞു. വിവരം അറിയിച്ചശേഷം കുട്ടിയുടെ അച്ഛനെ വീട്ടിലേക്ക് എത്തിച്ചപ്പോള്‍ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും ബന്ധുക്കളും കുഴങ്ങി.

നെഞ്ചുപൊട്ടികരഞ്ഞാണ് കൃഷ്ണേന്ദുവിന്‍റെ അച്ഛൻ മണികണ്ഠൻ വീട്ടിലേക്ക് എത്തിയത്. വീടിന് സമീപത്തെ ഇടറോഡിൽ വെച്ചാണ് അപകടം. ബസിൽ നിന്നും ആയ കുട്ടിയെ ഇറക്കിയിരുന്നു. ഇതിനുശേഷം ബസ് മുന്നോട്ട് എടുക്കുന്നതിനിടയിൽ കൃഷ്ണേന്ദുവിന്‍റെ കാൽ കേബിളിൽ കുടുങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതോടെ ബസിന്‍റെ പിൻചക്രത്തിനടിയിലേക്ക് വീണു. കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോക്കാരൻ അപകടം കണ്ടിരുന്നുവെന്നും സ്ഥലത്ത് ചാനൽ കേബിളിന്‍റെ പണി നടക്കുന്നുണ്ടായിരുന്നുവെന്നും സൈനുലാബുദ്ദീൻ പറഞ്ഞു. 

Latest Videos

പോസ്റ്റിൽ തൂങ്ങിക്കിടന്ന കേബിളിൽ കാൽ കുരുങ്ങിയാണ് കുട്ടി വീണതെന്ന് സ്കൂൾ ബസ്സിന് പുറകെ ഓട്ടോറിക്ഷ ഓടിച്ചു വന്ന ഓട്ടോ ഡ്രൈവർ ഉണ്ണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേബിൾ കുരങ്ങിയാണ് കുട്ടി വീണത് എന്നാണ് ദൃക്സാക്ഷിയായ ഓട്ടോഡ്രൈവർ പറഞ്ഞതെന്ന് വാര്‍ഡ് മെമ്പര്‍ സന്തോഷും സ്ഥിരീകരിച്ചു. സ്ഥലത്ത് കേബിളിന്‍റെ പണി നടക്കുന്നുണ്ടായിരുന്നു എന്നാൽ, ബസ് ഇടിച്ചാണ് കുഞ്ഞ് വീണത് എന്നാണ് കേബിൾ ജോലിക്കാരൻ പറഞ്ഞതെന്നും എന്താണെന്ന് പരിശോധിക്കണമെന്നും വാര്‍ഡ് മെമ്പര്‍ സന്തോഷ് പറഞ്ഞു.

മടവൂർ ഗവ. എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദുവിന്റെ വിയോഗം അതീവ ദുഖകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.. കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുകയാണ്. അപകടം സംബന്ധിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

 

തിരുവനന്തപുരത്ത് സ്കൂൾ ബസ് കയറി നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

 

click me!