വിനയകുമാറിന്റെ മുറിയിൽ കഴിഞ്ഞമാസം 30 മുതൽ ചീട്ടുകളി നടന്നിരുന്നതായാണ് വ്യക്തമായിട്ടുള്ളത്
തിരുവനന്തപുരം: പണം വെച്ചുള്ള ചീട്ടുകളിയിൽ ട്രിവാൻഡ്രം ക്ലബിനെതിരെ സർക്കാർ നടപടി. പൊതുമേഖലാ സ്ഥാപനമായ ട്രിവാൻഡ്രം ക്ലബിന്‍റെ മെമ്പർഷിപ്പ് സസ്പെൻഡ് ചെയ്തു. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന് ഉണ്ടായിരുന്നത് ഇൻസ്റ്റിറ്റ്യൂഷണൽ മെമ്പർഷിപ്പാണ്. ഈ മെമ്പർഷിപ്പാണ് സർക്കാർ സസ്പെൻഡ് ചെയ്തത്. കൂടുതൽ അന്വേഷണത്തിന് ശേഷമാകും തുടർനടപടി.
ട്രിവാൻഡ്രം ക്ലബ്ബിൽ പണം വെച്ച് ചീട്ടുകളിച്ച സംഘം പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എം ഡിയും കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാ സഹോദരനുമായ വിനയകുമാറിന്‍റെ പേരിലെടുത്ത മുറിയിൽ ഇന്നലെ മാത്രമല്ല പണംവെച്ചുള്ള ചീട്ടുകളി നടന്നത്. വിനയകുമാറിന്റെ മുറിയിൽ കഴിഞ്ഞമാസം 30 മുതൽ ചീട്ടുകളി നടന്നിരുന്നതായാണ് വ്യക്തമായിട്ടുള്ളത്. ട്രിവാന്‍ഡ്രം ക്ലബ്ലില്‍ പണംവച്ച് ചീട്ടുകളിച്ച ഒൻപതംഗ സംഘത്തെ ഇന്നലെ രാത്രിയാണ് പൊലീസ് പിടികൂടിയത്. അഞ്ചര ലക്ഷത്തിലധികം രൂപയും ഇവിടെ നിന്നും പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ വിനയകുമാർ ഉള്‍പ്പടെ 9 പേർക്കെതിരെയും കേസെടുത്തിട്ടുമുണ്ട്.
വകുപ്പ് തല പരിശോധന നടത്തുമെന്ന് മന്ത്രി പി രാജീവ്
ട്രിവാൻഡ്രം ക്ലബിലെ ചൂതാട്ടത്തിൽ പ്രതികരണവുമായി നേരത്തെ വ്യവസായ മന്ത്രി പി രാജീവും രംഗത്തെത്തിയിരുന്നു. ഇക്കാര്യം വകുപ്പ് തലത്തിൽ പരിശോധിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.
സംഭവം ഇങ്ങനെ
വിനയകുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി. രഹസ്യവിവരത്തിൽ പൊലീസ് നടത്തിയ പരിശോധനക്ക് ശേഷമാണ് വിനയ്കുമാർ അടക്കമുള്ളവർ പിടിയിലായത്. മുറിയിൽ നിന്നും അഞ്ചരലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തിരുന്നു. കേസിൽ 9 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഷ്റഫ്, സീതാറാം, സിബി ആന്റണി, മനോജ്, വിനോദ്, അമൽ, ശങ്കർ, ശിയാസ്, വിനയകുമാർ എന്നിവരാണ് അറസ്റ്റിലായത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം