തിരുവനന്തപുരം വിമാനത്താവളത്തിലെ തൊഴിലാളി സമരം: വിദേശ സർവീസുകൾ വൈകി, കാർഗോ നീക്കം പ്രതിസന്ധിയിൽ

By Web TeamFirst Published Sep 8, 2024, 9:10 AM IST
Highlights

എമിറേറ്റ്സ് വിമാനത്തിൽ മാത്രമാണ് കാർഗോ നീക്കം നടന്നത്. ഈ വിമാനത്തിലേക്ക് ആറ് ജീവനക്കാർ ചേർന്ന് 23 ടൺ സാധനങ്ങൾ കയറ്റി അയച്ച ശേഷം മൂന്ന് മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യാ സാറ്റ്സ് കരാർ തൊഴിലാളികളുടെ സമരം വിദേശ സർവീസുകൾ വൈകിപ്പിച്ചു. കാർഗോ നീക്കത്തിലും വൻ പ്രതിസന്ധിയാണ് നേരിടുന്നത്. വിദേശത്തേക്കുള്ള വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന 20 ടൺ ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടക്കുകയാണ്. ഇന്നലെ രാത്രി മുതൽ വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന ഭക്ഷ്യവസ്തുക്കളാണ് കെട്ടിക്കിടക്കുന്നത്.

എയർ ഇന്ത്യ സാറ്റ്സ് കൈകാര്യം ചെയ്യുന്ന വിമാനങ്ങളിലെ കാർഗോ നീക്കത്തിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ മസ്കറ്റ്, അബുദാബി, ഷാർജ, എയർ അറേബ്യ, ഖത്തർ എയർവേയ്സ്, കുവൈറ്റ് വിമാനങ്ങളിലെ കാർഗോ നീക്കമാണ് മുടങ്ങിയത്. പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ മാത്രമാണ് കാർഗോ നീക്കം നടന്നത്. ഈ വിമാനത്തിലേക്ക് ആറ് ജീവനക്കാർ ചേർന്ന് 23 ടൺ സാധനങ്ങൾ കയറ്റി അയച്ച ശേഷം മൂന്ന് മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.

Latest Videos

എയർ ഇന്ത്യ സാറ്റ്‌സ്, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കൈകാര്യം ചെയ്യുന്ന വിദേശ സർവീസുകളിൽ നിന്നുള്ള ലഗേജ് ക്ലിയറൻസിലും വലിയ കാലതാമസം നേരിടുന്നതായി യാത്രക്കാർ പരാതിപ്പെടുന്നുണ്ട്. രണ്ട് മണിക്കൂർ വരെ കാത്തു നിൽക്കേണ്ടി വന്നെന്നു യാത്രക്കാർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. അതേസമയം മറ്റു ഏജൻസികൾ കൈകാര്യം ചെയ്യുന്ന വിദേശ സർവീസുകളിൽ ലാഗേജ്‌ ക്ലിയറൻസ് സുഗമമായി നടക്കുന്നുണ്ട്.

click me!