ഭിന്നശേഷിക്കാരനായ മകന് അസുഖം ബാധിച്ചതോടെ പാതിവഴിയിൽ പഠനം നിർത്തിയ ആരതിക്ക് നഴ്സിങ് സ്കൂൾ സർട്ടിഫിക്കറ്റുകൾ തിരിച്ച് നൽകിയിരുന്നില്ല. ഇതോടെ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോലിക്കായി യോഗ്യതാ സർട്ടിഫിക്കറ്റുകളൊന്നും ഹാജരാക്കാനായില്ല.
അട്ടപ്പാടി: പാലക്കാട് സർക്കാർ നഴ്സിങ് സ്കൂളിന്‍റെ പിടിവാശി മൂലം അട്ടപ്പാടിയിലെ ആദിവാസി യുവതിക്ക് നഷ്ടമായത് സ്വപ്ന ജോലി. പാതിവഴിയിൽ പഠനം നിർത്തിയ ആരതിക്ക് നഴ്സിങ് സ്കൂൾ സർട്ടിഫിക്കറ്റുകൾ തിരിച്ച് നൽകിയിരുന്നില്ല. ഇതോടെ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോലിക്കായി യോഗ്യതാ സർട്ടിഫിക്കറ്റുകളൊന്നും ഹാജരാക്കാനായില്ല. ഷോളയൂർ കാരയൂരിലെ ആരതി. 2015ലാണ് പാലക്കാട് ഗവ. നഴ്സിങ് സ്കൂളിൽ ജനറൽ നഴ്സിങ്ങിന് ചേർന്നത്. ആറ് മാസത്തിന് ശേഷം പഠനം നിർത്തി. ഭിന്നശേഷിക്കാരനായ മകന് അസുഖം ബാധിച്ചതോടെയാണ് പഠനം മുടങ്ങിയത്. അഞ്ചുവർഷത്തിനിപ്പുറം മറ്റൊരു ജോലിക്ക് തയ്യാറെടുത്തത്.
നഴ്സിങ് കോളേജില്‍ ബോണ്ട് വച്ചതിനാൽ 50,000 രൂപ നൽകാതെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തിരിച്ചു നൽകില്ലെന്ന് ആരതി പഠിച്ച സർക്കാർ സ്ഥാപനം നിലപാടെടുത്തു. ഒരു സർക്കാർ സ്ഥാപനത്തിൻ്റെ നിബന്ധന, ഒരു പാവപ്പെട്ട, പിന്നാക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയുടെ സ്വപ്ന ജോലിക്ക് വിലങ്ങു തടിയാവുകയായിരുന്നു. സർട്ടിഫിക്കറ്റുകൾ നഴ്സിങ് സ്കൂളിലെ ലോക്കറിൽ വച്ചാൽ ഒരു നിബന്ധന പാലിച്ചെന്നു പറയാം. പക്ഷേ, അത് ആരതിക്ക് നൽകിയിരുന്നെങ്കിൽ ഇന്ന് യുവതിക്കൊരു ജോലി കിട്ടിയേനെ.
undefined
കഴിഞ്ഞ ദിവസമാണ് ഉന്തിയ പല്ലെന്ന് കാരണം പറഞ്ഞ് ആദിവാസി യുവാവിന് പിഎസ്‌സി ജോലി നിഷേധിച്ച വാര്‍ത്ത പുറത്ത് വന്നത്. പാലക്കാട് ആനവായ് ഊരിലെ മുത്തുവിനാണ് ഒരു കൈപ്പാടകലെ സർക്കാർ ജോലി നഷ്ടമായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷ പാസായി അഭിമുഖം വരെ എത്തിയ ശേഷമാണ് പല്ലിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടത്. എഴുത്തുപരീക്ഷ വിജയിച്ച് കായികക്ഷമതയും തെളിയിച്ച ശേഷമാണ് മുത്തുവിന് ജോലി നിഷേധിച്ചത്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്ക് സംവരണം ചെയ്തിരിക്കുന്ന തസ്തികയിലേക്കാണ് ജോലി നിഷേധിക്കപ്പെട്ടത്. അട്ടപ്പാടിയിലെ മുക്കാലിയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് മുത്തുവിന്റെ വീട്. പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് പൊരുതി നേടിയ ജോലിയാണ് മുത്തുവിനെ കൈയ്യകലത്ത് നഷ്ടപ്പെട്ടത്.