ആംബുലൻസ് ലഭിക്കാതെ മൃതദേഹം ഓട്ടോറിക്ഷയിൽ സംസ്കരിക്കാൻ കൊണ്ടുപോയ സംഭവത്തിൽ ഇടപെട്ട് ഗോത്രവർഗ കമ്മീഷൻ

By Web Team  |  First Published Dec 17, 2024, 5:28 PM IST

ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ മറുപടി നൽകണമെന്നാണ് പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.


കൽപ്പറ്റ: മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ ആംബുലൻസ് ലഭിക്കാത്ത സംഭവത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.  ആദിവാസി സ്ത്രീയുടെ മൃതദേഹം ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. വയനാട് എടവക പഞ്ചായത്തിലെ പള്ളിക്കൽ വീട്ടിച്ചാൽ നാല് സെന്റ് ഉന്നതിയിലെ സംഭവത്തിൽ  വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കാൻ മാന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർക്ക് കമ്മീഷൻ നിർദേശം നൽകി.

മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവത്തിൽ പരാതി നൽകുമെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു. ഒരു വഴിയുമില്ലാത്തതിനാലാണ് മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോകേണ്ടി വന്നതെന്നും രാത്രി 8 മണിയ്ക്ക് മരണം സംഭവിച്ചതിന് ശേഷം രാവിലെയായിട്ടും ആംബുലൻസ് ലഭ്യമായില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. അധികൃതർ പറഞ്ഞതനുസരിച്ച് ഏറെ നേരം കാത്തുനിന്നതിന് ശേഷമാണ് ഓട്ടോറിക്ഷ വിളിക്കേണ്ടി വന്നതെന്നും അവർ കൂട്ടിച്ചേർത്തു.  

Latest Videos

undefined

മാനന്തവാടിയിൽ ട്രൈബൽ വകുപ്പിന് രണ്ട് ആംബുലൻസുകൾ മാത്രമാണുള്ളത്. രണ്ട് ആംബുലൻസുകളും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനാൽ ആദിവാസി വിഭാഗക്കാർക്ക് ലഭ്യമല്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. മുൻപും ആളുകൾ മരിക്കുമ്പോൾ ആംബുലൻസുകൾ ലഭ്യമായിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്.  പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളുവിന്റെ മണ്ഡലത്തിലാണ് ദുരവസ്ഥ. 

സ്വകാര്യ ആംബുലൻസുകൾ വിളിച്ചാൽ ട്രൈബൽ വകുപ്പ് പണം നൽകാറില്ലന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു. പണം നൽകാത്തതിനാൽ സ്വകാര്യ ആംബുലൻസുകൾ വരാറില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ആംബുലൻസുകൾ ഇല്ലെന്ന പരാതി മന്ത്രിക്കും കളക്ടർക്കും നൽകാനൊരുങ്ങുകയാണ് എടവക പഞ്ചായത്ത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!