ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും വിജിലൻസ് മേധാവി എംആർ അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ.
തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദം ശക്തമായി നിൽക്കെ വിജിലൻസ് മേധാവി എം ആർ അജിത് കുമാറിനെ നീക്കിയ സർക്കാർ നടപടി രാഷ്ട്രീയ വിവാദമായേക്കും. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിനെ അനുനയിപ്പിച്ച ഷാജ് കിരണുമായി സംസാരിച്ചതിനാണ് നടപടി. എം.ആർ.അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചതിന്‍റെ വിശദാംശങ്ങൾ ഇന്‍റലിജൻസും ശേഖരിച്ചിരുന്നു. മുഖ്യമന്ത്രിയാണ് എം.ആർ.അജിത് കുമാറിനെ മാറ്റാൻ നിർദ്ദേശം നൽകിയത്. ഉദ്യോഗസ്ഥനെ മാത്രം ബലിയാടാക്കി സർക്കാർ മുഖംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും വിജിലൻസ് മേധാവി എംആർ അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ. വിജയ് സാഖറെ ഇന്നലെ തന്നെ ആരോപണം നിഷേധിച്ചു. അജിത് കുമാർ നിഷേധിച്ചിരുന്നില്ല. ഇതിനിടെയാണ് ഇന്‍റലിജൻസ് നടത്തിയ പരിശോധനയിൽ എം.ആർ.അജിത് കുമാറും ഷാജ് കിരണുമായി നിരവധിതവണ സംസാരിച്ചതിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നത്.
ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് സ്വപ്നയെ അനുനയിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിതന്നെ എം.ആർ.അജിത് കമാറിനെ മാറ്റാൻ നിർദ്ദേശം നൽകിയത്. പകരം ഐജി എച്ച് വെങ്കിടേഷിനാണ് ചുമതല. അജിത് കുമാറിന് പകരം നിയമനം നൽകിയിട്ടില്ല. സരിത്തിനെ അതിവേഗം പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്തതും അജിത് കുമാറിന്‍റെ തിടുക്കത്തിലുള്ള നീക്കമാണെന്നാണ് സർക്കാർ വിലയിരുത്തൽ.
രണ്ട് നടപടിയും സർക്കാരിനെ വെട്ടിലാക്കിയിരുന്നു. വിവിദങ്ങളിൽ നിന്ന് മുഖംരക്ഷിക്കാനാണ് അജിത് കുമാറിനെ മാറ്റിയത്. പക്ഷേ. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയർന്ന കേസിൽ ഉന്നത ഉദ്യോഗസ്ഥൻ മാത്രം എങ്ങനെ ഇടപെട്ടുവെന്ന സംശയം ബലപ്പെടുന്നുണ്ട്. ഉന്നത രാഷ്ട്രീയ-ഉദ്യോഗസ്ഥ അനുനയനീക്കങ്ങൾ പുറത്തായതോടെ ഉദ്യോഗസ്ഥനെ ബലിയാടാക്കാനുള്ള സാധ്യത ഏറെ.
അജിത് കുമാർ സ്വന്തം നിലയ്ക്കാണ് ഷാജ് കിരണുമായി സംസാരിച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. വിജിലൻസ് മേധാവിയെ മാറ്റിയതോടെ സ്വപ്നയുടെ ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന വാദം മുറുകുകയാണ്. അജിത് കുമാറിന്‍റെ സ്ഥലംമാറ്റം ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
ലൈഫ് മിഷൻ അഴിമതിക്കേസ്; സരിത്തിന്‍റെ ഫോണ്‍ വിജിലൻസ് പരിശോധനയ്ക്കയച്ചു