കൊച്ചി മെട്രോ രണ്ടാം ഘട്ടം: മുന്നൊരുക്കത്തിൽ വലഞ്ഞ് കൊച്ചി, ഗതാഗത കുരുക്ക് രൂക്ഷം

By Pranav Ayanikkal  |  First Published Nov 10, 2022, 12:52 PM IST

മെട്രോ ഒന്നാംഘട്ട നിർമാണം തുടങ്ങുന്നതിന് മുന്പ് സമാന്തര റോഡുകൾ, പാലം വീതി കൂട്ടൽ, ടാറിടൽ തുടങ്ങി മുന്നൊരുക്കങ്ങൾ കാര്യക്ഷമമായിരുന്നു.


കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണത്തിന്‍റെ മുന്നൊരുക്കത്തിൽ വലഞ്ഞ് കൊച്ചി. മുന്നൊരുക്കം പാതിവഴിയിൽ നിലച്ചതോടെ ഇൻഫോപാർക്ക്, കാക്കനാട് മേഖലയിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. സാമ്പത്തിക പ്രതിസന്ധിയാണ് നിർമാണം ഇഴയുന്നതിന് പിന്നിൽ.

മെട്രോ ഒന്നാംഘട്ട നിർമാണം തുടങ്ങുന്നതിന് മുന്പ് സമാന്തര റോഡുകൾ, പാലം വീതി കൂട്ടൽ, ടാറിടൽ തുടങ്ങി മുന്നൊരുക്കങ്ങൾ കാര്യക്ഷമമായിരുന്നു. രണ്ടാംഘട്ടത്തിലെത്തുമ്പോൾ മുന്നൊരുക്കം തന്നെ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന അവസ്ഥയാണുള്ളത്.

Latest Videos

undefined

കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയാണ് മെട്രോ രണ്ടാംഘട്ടം. കലൂർ കഴിഞ്ഞ് പാലാരിവട്ടം പിന്നിടുന്പോഴേ ഗതാഗത കുരുക്ക് തുടങ്ങും. നാട്ടിൽ നിന്ന് ജീവനക്കാർ ഇൻഫോപാർക്കിലേക്ക് വരികയും മടങ്ങുകയും ചെയ്യുന്ന തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഗതാഗത കുരുക്ക് കിലോമീറ്ററോളം നീളും.

11.2 കിലോ മീറ്റർ ദൂരമുള്ള രണ്ടാംഘട്ട നിർമാണത്തിനായി റോഡ് വീതി കൂട്ടലും കാന പുനർനിർമാണവുമെല്ലാം മാസങ്ങൾക്ക് മുന്പേ ആരംഭിച്ചതാണ്. പക്ഷേ നിർമാണ പ്രവർത്തനങ്ങൾ പാതിയിൽ നിലച്ചു. സ്ഥലം ഏറ്റെടുപ്പിന് ഫണ്ടില്ലാത്തതാണ് പ്രശ്നം.

രണ്ടാംഘട്ട നിർമാണത്തിന്‌ പ്രോജക്ട്‌ മാനേജ്‌മെന്റ്‌ കൺസൾട്ടന്റിനെ കണ്ടെത്താനുള്ള ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. സാന്പത്തിക പ്രതിസന്ധിയില്ല്ലെന്നും കൺസൾട്ടന്റിനെ കണ്ടെത്തി നിർമാണം അടുത്തവർഷം ആദ്യം തുടങ്ങുമെന്നും കെഎംആർഎൽ. ഇപ്പോൾ ഇങ്ങിനെയെങ്കിൽ മെട്രോ നിർമാണം തുടങ്ങിയാൽ ഗതാഗത കുരുക്ക് എവിടെ ചെന്ന് നിൽക്കുമെന്ന ആശങ്കയിലാണ് നാട്ടുകാ‍ർ.
 

click me!