വാക്കുപറഞ്ഞ് പറ്റിച്ച് കൊച്ചിയിലെ ടൂ‍ർ ഏജൻസിക്ക് കിട്ടിയത് കനത്ത ശിക്ഷ; നഷ്ടപരിഹാരം നൽകേണ്ടത് 78000 രൂപ

By Web TeamFirst Published Sep 19, 2024, 6:27 PM IST
Highlights

വിനോദയാത്രാ സംഘത്തിലെ ഭൂരിഭാഗം യാത്രക്കാർക്കും ഭക്ഷ്യവിഷബാധ ഉണ്ടായെന്നും ചിലർ ആശുപത്രിയിലായെന്നും അതുകൊണ്ട് യഥാസമയം ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്താൻ കഴിഞ്ഞില്ലെന്നുമാണ് കമ്പനിയുടെ വാദം

കൊച്ചി: വാക്ക് പറഞ്ഞ് പറ്റിച്ചെന്ന പരാതിയിൽ ടൂർ ഏജൻസിക്കെതിരായ പരാതിയിൽ നടപടി. ട്രാവൽ വിഷൻ ഹോളിഡേയ്‌സ് എന്ന സ്ഥാപനത്തിനോട് 75000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും 3000 രൂപ കോടതി ചെലവായി നൽകാനും എറണാകുളം ഉപഭോക്തൃ തർക്കപരിഹാര ഫോറം വിധിച്ചു. ദില്ലിയിലേക്കുള്ള ടൂർ പാക്കേജുമായി ബന്ധപ്പെട്ട പരാതിയിലാണ് വിധി.

ഡൽഹി, ആഗ്ര, കുളു, മണാലി, അമൃതസർ, വാഗാ അതിർത്തി തുടങ്ങിയ കേന്ദ്രങ്ങളിൽ കൊണ്ടുപോകുമെന്ന് വിശ്വസിപ്പിച്ചാണ്  ട്രാവൽ വിഷൻ ഹോളിഡേയ്‌സ് ബുക്കിംഗ് സ്വീകരിച്ചത്. വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ ഒന്നും നൽകിയില്ലെന്നും സന്ദർശിക്കാനുള്ള സ്ഥലങ്ങൾ വെട്ടിച്ചുരുക്കിയെന്നുമാണ് മൂവാറ്റുപുഴ സ്വദേശി വിശ്വനാഥൻ പി.കെ പരാതിപ്പെട്ടത്. പരാതിക്കാരനും ഭാര്യയും അടക്കം 42 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 

Latest Videos

ഡൽഹിയിലെ വിവിധ കേന്ദ്രങ്ങളിൽ വോൾവോ എസി സെമി സ്ലീപ്പർ ഡീലക്സ് ബസിൽ എത്തിക്കുമെന്ന വാഗ്ദാനമാണ് കമ്പനി ആദ്യം ലംഘിച്ചത്. സാധാരണ എസി ബസിലായിരുന്നു യാത്ര. വയോധികനായ ഒറ്റ ഡ്രൈവറാണ് ബസിൽ ഉണ്ടായിരുന്നത്. തുടർച്ചയായി 3000 കിലോമീറ്റർ ഇദ്ദേഹം ഒറ്റയ്ക്ക് ബസ് ഓടിച്ചു. ഒരു ഡ്രൈവറെ കൂടി നൽകുമെന്ന വാഗ്ദാനവും ലംഘിക്കപ്പെട്ടു. താമസത്തിന് നിലവാരമുള്ള ഹോട്ടൽ മുറി നൽകിയില്ല. ഏഴ് രാത്രി ത്രീ സ്റ്റാർ സൗകര്യമുള്ള മുറി നൽകുമെന്ന് പറഞ്ഞിട്ട് മൂന്ന് രാത്രി ബസിൽ തന്നെ കഴിയേണ്ടി വന്നു. ത്രീ സ്റ്റാർ സൗകര്യങ്ങൾ തന്നെ നൽകിയെന്ന് ചില ഫോട്ടോകൾ കാണിച്ച് ടൂർ കമ്പനി വാദിച്ചെങ്കിലും അവ വിശ്വാസ യോഗ്യമല്ലെന്ന് കോടതി കണ്ടെത്തി. 

വിനോദയാത്രാ സംഘത്തിലെ ഭൂരിഭാഗം യാത്രക്കാർക്കും ഭക്ഷ്യവിഷബാധ ഉണ്ടായെന്നും ചിലർ ആശുപത്രിയിലായെന്നും അതുകൊണ്ട് യഥാസമയം ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്താൻ കഴിഞ്ഞില്ലെന്നുമാണ് കമ്പനിയുടെ വാദം. അമൃത്സർ, വാഗ അതിർത്തി ഉൾപ്പെടെ ആകർഷകമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒഴിവാക്കി. പണവും ആരോഗ്യവും നഷ്ടപ്പെട്ട യാത്രാ സംഘത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ബസ് വേഗത കുറച്ച് യാത്ര ചെയ്തതെന്ന് കമ്പനി വാദിച്ചു. എന്നാൽ ബസിന്റെ ഫിറ്റ്നസ് യാത്ര പുറപ്പെടുന്നതിനു മുൻപേ കഴിഞ്ഞിരുന്നുവെന്ന രേഖയും പരാതിക്കാരൻ കോടതി മുമ്പാകെ ഹാജരാക്കി. വാഗ്ദാനം ചെയ്തത് പോലെ നിലവാരമുള്ള ബസ് ഏർപ്പെടുത്തിയില്ല, പല ടൂറിസ്റ്റ് കേന്ദ്രങ്ങളും കാണാൻ കഴിഞ്ഞില്ല തുടങ്ങി പരാതിയിൽ പറഞ്ഞ പല കാര്യങ്ങളും ശരിയാണെന്ന് ബോധ്യപ്പെട്ടതായി വിധിയിൽ വ്യക്തമാക്കുന്നു.

click me!