Trending Videos: പി പി ദിവ്യ വിളിച്ചു, ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ; സ്വതന്ത്രനായി ഷാനിബ്

എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നവീൻ ബാബു പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായിട്ടാണെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. ഫയൽ ബോധപൂർവം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നും കണ്ടെത്തൽ. അതേസമയം കേരളം ഉപതെരഞ്ഞെടുപ്പ് ചൂടിലാണ്. കന്നിയങ്കത്തിന് തുടക്കം കുറിക്കാന്‍ പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. പ്രേക്ഷകർ ഇന്ന് കണ്ടിരിക്കേണ്ട പ്രധാന വീഡിയോകളിലേക്ക്...

11:56 AM

ഇറാന് വേണ്ടി ചാരവൃത്തി നടത്തി; ഏഴ് ഇസ്രായേലി പൗരന്മാർ അറസ്റ്റിൽ

ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ ഏഴ് ഇസ്രായേലി പൗരന്മാർ അറസ്റ്റിൽയ യുദ്ധസമയത്ത് ശത്രുവിനെ സഹായിച്ചു എന്നത് ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചു. 
 

11:53 AM

സ്പീക്കർ എ എൻ ഷംസീർ നവീൻ ബാബുവിന്റെ വീട്ടിലെത്തി

സ്പീക്കർ എ എൻ ഷംസീർ നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. നവീൻ ബാബുവിന്‍റെ മരണത്തെ കുറിച്ച് പൊലീസ് അന്വേഷണം നല്ല രീതിയിൽ നടക്കുന്നുവെന്ന് സ്പീക്കർ പ്രതികരിച്ചു. 

11:50 AM

പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കളക്ടർ

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ച് ജില്ലാ കളക്ടർ അരുൺ കെ വിജയൻ. നവീന്‍ ബാബുവിനെതിരായ ആരോപണത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ല. നവീൻ ബാബുവുമായി ഉണ്ടായിരുന്നത് നല്ല ബന്ധമാണ്. യോഗത്തിന് മുൻപ് ദിവ്യ വിളിച്ചിരുന്നുവെന്നും കോള്‍ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘത്തില്‍ കൈമാറിയെയെന്നും അരുൺ കെ വിജയൻ.

11:48 AM

പാലക്കാട് സ്വതന്ത്രനായി മത്സരിക്കാൻ ഷാനിബ്

കോണ്‍ഗ്രസിലെ കുറെ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടിയാണ് തന്‍റെ പോരാട്ടമെന്ന് എ കെ ഷാനിബ്. ആളുകൾ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുന്നതാണു കോൺഗ്രസ്‌ സമീപനം. പാർട്ടി പ്രവർത്തകരുടെ വാക്ക് കേൾക്കാൻ തയ്യാറാകാത്ത ആളാണ് സതീശൻ. സതീശനു ധാർഷ്ട്യമാണെന്ന് എ കെ ഷാനിബ്

9:51 AM

റോഡ് ഷോയിൽ പങ്കാളിത്തം കുറഞ്ഞതെന്തുകൊണ്ട്? കാരണം തേടി ബിജെപി

പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാറിന്‍റെ റോഡ് ഷോയിൽ പ്രവർത്തകരുടെ പങ്കാളിത്തം കുറഞ്ഞു. വിജയ സാധ്യതയുള്ള മണ്ഡലത്തിൽ സംഭവിച്ചതെന്ത് എന്നതിന്‍റെ കാരണം തേടുകയാണ് ബിജെപി.

9:48 AM

പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കാൻ യുപിയിൽ നിന്ന് ഒരു കർഷകൻ

യുപിയിൽ നിന്നെത്തിയ സോനു സിംഗ് വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കും. ആരെയും തോൽപ്പിക്കാനല്ല, പ്രധാനമന്ത്രിയാകാനാണ് മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

9:43 AM

കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് പോയേക്കാം: പി വി അൻവർ

പാലക്കാട് ബിജെപി സ്ഥാനാർത്ഥിക്ക് ജനപിന്തുണയുണ്ടെന്നും കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് പോയേക്കാമെന്നും പി വി അൻവർ. ബിജെപി ജയിച്ചാൽ അതിന്റെ ഉത്തരവാദിത്തം തന്റെ തലയിൽ ഇടാനാണ് ശ്രമമെന്നും പി വി അന്‍വര്‍.

9:40 AM

ആര്യ രാജേന്ദ്രനെതിരായ പരാതി: യദുവിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും

മേയർ ആര്യ രാജേന്ദ്രനെതിരെ നൽകിയ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു നൽകിയ ഹർജി ഇന്ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ ഹാജരാക്കാൻ പൊലീസിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.

7:58 AM

വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് ആവേശം രാജ്യതലസ്ഥാനത്തും

ദില്ലിയിൽ പലയിടങ്ങളിലായി പ്രിയങ്ക ഗാന്ധിയുടെ നൂറുകണക്കിന് പോസ്റ്ററുകൾ പതിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രചാരണത്തിനായി നിരവധി പ്രവർത്തകർ ഉടൻ വയനാട്ടിലേക്ക് തിരിക്കും. രാഹുൽ ഗാന്ധിക്കൊപ്പം വൈകീട്ട് പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്തും. നാളെ രണ്ട് കിലോമീറ്റ‍ർ റോഡ് ഷോയോടെയാണ് പ്രിയങ്കയുടെ പത്രികാസമർപ്പണം.

7:53 AM

അവസാനം സന്ദേശം കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്ക്

എഡിഎം നവീൻ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂർ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്ക്. ഭാര്യയുടെയും മകളുടെയും ഫോൺ നമ്പറുകളാണ് സന്ദേശത്തിൽ അയച്ചത്. ചൊവ്വാഴ്ച പുലർച്ചെ 4.58നാണ് സന്ദേശം അയച്ചത്.

7:51 AM

നവീൻ ബാബു പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായി

എഡിഎം നവീൻ ബാബു കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തൽ. ഫയൽ ബോധപൂർവം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയെന്നതിനോ തെളിവില്ല. അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് കൈമാറും.