ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാർത്തകൾ ഒറ്റനോട്ടത്തിൽ അറിയാം... ചുവടെ
എഐ ക്യാമറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിവാദങ്ങളിൽ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തെത്തി. എഐ ക്യാമറ പദ്ധതിയിൽ വിവാദം ഉയർത്തി പ്രതിപക്ഷം പുകമറ ഉണ്ടാക്കുകയാണെന്നും നയാപൈസയുടെ അഴിമതിയുണ്ടായിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി. 100 കോടിയുടെ അഴിമതിയെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. 132 കോടിയുടെ അഴിമതിയെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. പ്രതിപക്ഷ നേതൃത്വത്തിന് വേണ്ടി കോൺഗ്രസിൽ വടംവലിയാണ്. ആദ്യം അഴിമതി വിവരത്തിൽ കോൺഗ്രസ് യോജിപ്പ് ഉണ്ടാക്കട്ടേയെന്നും ഗോവിന്ദൻ പറഞ്ഞു.
കോടികള്‍ കട്ടുമുടിക്കാന്‍ ആവിഷ്കരിച്ച എഐ ക്യാമറ, കെ ഫോണ്‍ തുടങ്ങിയ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണമെന്ന കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നത് ഭയം ഉള്ളത് കൊണ്ടാണ്. മാനദണ്ഡങ്ങള്‍ ലംഘിച്ച് കരാര്‍ നല്‍കിയതിന്‍റെ തെളിവുകള്‍ പുറത്ത് വന്നിട്ടും അതിന് മറുപടി പറയാതെ ഇരുട്ട് കൊണ്ട് ഓട്ടയടക്കാനാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മന്ത്രിമാരും ശ്രമിക്കുന്നത്. തെളിവുകളെ ദുരാരോപണങ്ങളായി ചിത്രീകരിച്ച് പുകമറ സൃഷ്ടിക്കാമെന്ന മുഖ്യമന്ത്രിയുടെ തന്ത്രം വിലപ്പോകില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
3 'മുഖ്യമന്ത്രി ആകാശവാണി, ചോദ്യങ്ങൾക്ക് മറുപടിയിയില്ല; റോഡുകൾ റെഡിയാക്കിയിട്ട് പിഴയീടാക്കൂ': സതീശൻ
റോഡിലെ എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് ഇന്നും രംഗത്തെത്തി. അഴിമതിയാരോപണങ്ങൾ ശക്തമായിട്ടും മുഖ്യമന്ത്രി കാണാമറയത്തിരുന്ന് സംസാരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. ക്യാമറ വിവാദങ്ങളിൽ മുഖ്യമന്ത്രിയാണ് ആരോപണവിധേയൻ. അഴിമതിയാരോപണത്തിൽ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. പ്രതിപക്ഷം പുറത്ത് വിട്ട തെളിവുകളെ പുകമറയെന്ന് പറഞ്ഞ് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ രീതി ശരിയല്ലെന്നും സതീശൻ പറഞ്ഞു.
4 ക്യാമറ വിവാദത്തിൽ പ്രതികരണവുമായി പ്രസാഡിയോ; ആരോപണങ്ങൾ അടിസ്ഥാനരഹിതം, നിയമ നടപടിയെന്നും കമ്പനി
ക്യാമറ വിവാദത്തിൽ വിശദീകരണവുമായി പ്രസാഡിയോ രംഗത്ത്. കമ്പനിയെക്കുറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് പ്രസാഡിയോ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ നിയമ നടപടിയെടുക്കും. ലൈറ്റ് മാസ്റ്റർ എം ഡി ജയിംസ് പാലമുറ്റത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസാഡിയോ വ്യക്തമാക്കി. സേഫ് കേരളയിൽ ചെയ്തത് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട ജോലികളാണ്. ഏൽപിച്ച ജോലികൾ സമയത്ത് പൂർത്തിയാക്കിയെന്നും പ്രസാഡിയോ പറഞ്ഞു.
5 ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ച് രാഹുൽ ഗാന്ധി; ആരോഗ്യനിലയിൽ പുരോഗതി, ഐസിയുവിൽ നിന്ന് മാറ്റി
ന്യുമോണിയ ബാധയെ തുടർന്ന് ബംഗ്ലൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുൽ ബെംഗളൂരുവിലെ ഹെൽത്ത് കെയർ ഗ്ലോബൽ ആശുപത്രിയിലെത്തിയത്. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ബെന്നി ബെഹനാൻ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഉമ്മൻചാണ്ടിയോട് രാഹുൽ ഗാന്ധി നേരിട്ട് സംസാരിച്ചു. മക്കളോടും ഭാര്യയോടും അദ്ദേഹം ആരോഗ്യ വിവരങ്ങൾ ആരാഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നിലവിൽ പുരോഗതിയുണ്ടെന്നും ഐസിയുവിൽ നിന്നും മാറ്റിയതായും ആശുപത്രി അധികൃതർ അറിയിച്ചു.
6 'കേരള സ്റ്റോറിയെ എതിർക്കുന്നവർ ഭീകരരെ പിന്തുണക്കുന്നവർ', കേന്ദ്രമന്ത്രിയുടെ പരാമർശം വിവാദത്തിൽ
ദ കേരളാ സ്റ്റോറി സിനിമയെ എതിർത്തും അനുകൂലിച്ചും ചർച്ചകൾ സജീവമാകുന്നതിനിടെ കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂറിന്‍റെ വിവാദ പരാമർശം. കേരള സ്റ്റോറിയെ എതിർക്കുന്നവർ ഭീകരരെ പിന്തുണക്കുന്നവരാണെന്ന കേന്ദ്രമന്ത്രിയുടെ പരാമർശമാണ് വിവാദത്തിലായത്. കേരളാ സ്റ്റോറി വെറും സിനിമയല്ല. വലിയ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരുന്ന സിനിമയാണ്. സിനിമയെ എതിർക്കുന്നവർ ഐ എസിനെയും പോപ്പുലർ ഫ്രണ്ടിനെയും പിന്തുണക്കുന്നവരാണ്. പെണ്‍കുട്ടികളെ ഭീകരതയിലേക്ക് ആകർഷിക്കുന്നതെങ്ങനെയാണെന്ന് ചിത്രം വിവരിക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
7 കെഎസ്ആര്‍ടിസി: ഇന്ന് രാത്രി 12 മുതല്‍ ബിഎംഎസ് പണിമുടക്ക്, ശമ്പളം പിടിക്കുമെന്ന് മന്ത്രി
ശമ്പളവിതരണത്തിലെ കാലതാമസത്തില്‍ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ബി എം എസ് യൂണിയന്‍റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രിമുതല്‍ തുടങ്ങും. കഴിഞ്ഞമാസത്തെ ശമ്പളത്തില്‍ ആദ്യഗഡു മാത്രമാണ് കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ക്ക് ലഭിച്ചത്. അഞ്ചാംതീയതിക്ക് മുന്‍പ് മുഴുവന്‍ ശമ്പളമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാളിയതോടെയാണ് തൊഴിലാളി സംഘടനകള്‍ സമരത്തിനിറങ്ങിയത്. ഇന്ന് രാത്രി 12 മണി മുതല്‍ നാളെ രാത്രി 12 വരെയാണ് ബിഎംഎസ് പണിമുടക്കുന്നത്. പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു.
8 തിരുവനന്തപുരത്ത് മൂന്ന് ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റ അമ്മ അറസ്റ്റിൽ
തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെ തമ്പാനൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. മാരായമുട്ടത്തെ ഒരു വീട്ടിൽ ഒളിവിൽ കഴിയവെയാണ് അറസ്റ്റ്. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ ജനിച്ച നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ കരമന സ്വദേശിക്കാണ് ഇവർ വിറ്റത്. കഴിഞ്ഞ ഏപ്രിൽ 21 നാണ് തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ച ഉടനെ വിൽപ്പന നടത്തിയതായുള്ള വിവരം പുറത്ത് വന്നത്. കരമന സ്വദേശിയായ സ്ത്രീയായിരുന്നു മൂന്ന് ലക്ഷം രൂപ കൊടുത്ത് കുഞ്ഞിനെ വാങ്ങിയത്. ഏഴാം മാസത്തിലാണ് കുഞ്ഞിന്റെ അമ്മയായ പൊഴിയൂർ സ്വദേശി തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. കുഞ്ഞിനെ വീണ്ടെടുത്ത് ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയിരുന്നു.
9 തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ 100 കിലോയോളം കഞ്ചാവുമായി 4 പേർ പിടിയിൽ
തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവ് എക്സൈഡ് പിടികൂടി. ജഗതിക്കടുത്ത് കണ്ണേറ്റുമുക്കിൽ വെച്ചാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് വൻ കഞ്ചാവ് കടത്ത് തടഞ്ഞത്. നാല് പേരെ പിടികൂടിയിട്ടുണ്ട്. ഇവരിൽ മൂന്ന് പേരെ എക്സൈസ് സംഘവും ഓടിരക്ഷപ്പെടാൻ ശ്രമിച്ചയാളെ നാട്ടുകാരും പിടികൂടുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടിരക്ഷപ്പെട്ടെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലായിരുന്നു കഞ്ചാവ് കടത്ത്. കുടുംബമായി യാത്ര പോകാനെന്ന വ്യാജേനയാണ് വാഹനം എടുത്തത്. പിന്നീട് സംസ്ഥാനം വിട്ടുപോയ വാഹനം തുടർച്ചയായി 1300 കിലോമീറ്ററോളം നിർത്താതെ ഓടി. വാഹനത്തിന്റെ ജിപിഎസ് ട്രാക്കറിൽ ഇക്കാര്യം മനസിലാക്കിയ വാഹനത്തിന്റെ ഉടമ എക്സൈസ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.
10 സിനിമാ സെറ്റുകളിലെ പൊലീസ് പരിശോധന: സ്വാഗതം ചെയ്ത് ഫിലിം ചേംബർ, സഹായിക്കുമെന്ന് ജി സുരേഷ് കുമാർ
സിനിമാ സെറ്റുകളിൽ ലഹരി മരുന്ന് ഉപയോഗം തടയാനുള്ള പൊലീസ് പരിശോധനയെ സ്വാഗതം ചെയ്ത് ഫിലിം ചേംബർ രംഗത്തെത്തി. സിനിമാ സെറ്റിലെ ലഹരി പരിശോധനയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ വ്യക്തമാക്കി. ഈ പരിശോധന കുറച്ചുകൂടെ നേരത്തെ തുടങ്ങിയിരുന്നെങ്കിൽ കുറെ പ്രശ്നങ്ങൾ പരിഹരിക്കാമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇനിയും ഇത് വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും പറഞ്ഞു.