രണ്ടു വർഷത്തിന് ശേഷം ബഹിഷ്കരണം അവസാനിപ്പിച്ച് ഇ പി ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തത് യെച്ചൂരിയെ അവസാനമായി കാണാനാണ്. അന്നത്തെ ഭൗതിക സാഹചര്യത്തിൽ അന്ന് എടുത്ത നിലപാട് ശരി. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇപ്പോഴെടുത്ത നിലപാട് ശരിയാണെന്നും ഇപി പ്രതികരിച്ചു.
കണ്ണൂർ: ഇൻഡിഗോയുമായുള്ള സമരത്തേക്കാൾ വലുത് സീതാറാം യെച്ചൂരിയാണെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ. രണ്ടു വർഷത്തിന് ശേഷം ബഹിഷ്കരണം അവസാനിപ്പിച്ച് ഇ പി ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തത് യെച്ചൂരിയെ അവസാനമായി കാണാനാണ്. ദില്ലിയിൽ അടിയന്തരമായി എത്തേണ്ടതു കൊണ്ടാണ് ഇൻഡിഗോയിൽ യാത്ര ചെയ്തത്. ഇന്നലെ രാത്രി 10.30ന് കരിപ്പൂരിൽ നിന്നുള്ള വിമാനത്തിലാണ് ഇ പി ദില്ലിയിലെത്തിയത്. അന്നത്തെ ഭൗതിക സാഹചര്യത്തിൽ അന്ന് എടുത്ത നിലപാട് ശരി. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇപ്പോഴെടുത്ത നിലപാട് ശരിയാണെന്നും ഇപി പ്രതികരിച്ചു.
പാർട്ടിയുമായുള്ള അകൽച്ച അല്ല ഇപ്പോഴത്തെ വിഷയമെന്നും ഇപി പറഞ്ഞു. യെച്ചൂരിയെന്ന വിഷയം മാത്രമേയുള്ളൂ. എല്ലാ കാര്യങ്ങളും പിന്നീട് വിശദമായി പറയുമെന്നും ഇപി വ്യക്തമാക്കി.
undefined
2022 ജൂലായ് 13നാണ് ഇപിയുടെ ഇൻഡിഗോ ബഹിഷ്കരണത്തിന് കാരണമായ സംഭവം നടന്നത്. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജൻ തടയാൻ ശ്രമിച്ചത് വിവാദമായിരുന്നു. വിമാനത്തിൽ വെച്ചുള്ള പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ച്ചത്തെ വിലക്കും തടഞ്ഞ ഇ പി ജയരാജന് ഒരാഴ്ച്ചത്തെ വിലക്കും ഇൻഡിഗോ ഏർപ്പെടുത്തി. ഈ വിലക്കിൽ പ്രതിഷേധിച്ചാണ് താനിനി ഇൻഡിഗോയിൽ കയറില്ലെന്ന് ഇപി പ്രഖ്യാപിച്ചത്. ഇത് തിരുവനന്തപുരത്തേക്കുള്ള ഇപിയുടെ യാത്രയെ കാര്യമായി ബാധിച്ചിരുന്നു. പിന്നീട് വന്ദേഭാരത് സർവ്വീസ് തുടങ്ങിയതു മുതലാണ് ഇപിക്ക് യാത്ര സുഗമമായത്. വന്ദേഭാരതിന്റെ ഗുണങ്ങളെക്കുറിച്ചും ഇപി വാചാലനായിരുന്നു. പിന്നീട് ഇൻഡിഗോ ക്ഷമാപണം നടത്തിയെങ്കിലും ഇപി ബഹിഷ്കരണം തുടരുകയായിരുന്നു. എയർ ഇന്ത്യ വന്നതോടെ യാത്ര അതിലായിരുന്നു.
ബഹിഷ്ക്കരണവുമായി ബന്ധപ്പെട്ട് ഇപി ജയരാജൻ അന്ന് പറഞ്ഞത് ഇങ്ങനെയാണ്- "ഏറ്റവും കൂടുതൽ ഇൻഡിഗോയിൽ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത് ഞാനും ഭാര്യയുമായിരിക്കും. വൃത്തികെട്ട കമ്പനിയാണിത്. തെറ്റു ചെയ്തവർക്ക് നേരെ നടപടിയെടുക്കാനല്ല താൽപ്പര്യം കാണിച്ചത്. അതുകൊണ്ട് തന്നെ ഈ കമ്പനിയുടെ വിമാനത്തിൽ ഞാൻ കയറില്ല. മാന്യമായി സർവ്വീസ് നടത്തുന്ന മറ്റു വിമാനങ്ങളിലേ പോകൂ".
എന്നാൽ രണ്ടു വർഷത്തിന് ശേഷം പിണക്കം മറന്ന് ഇൻഡിഗോ തന്നെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇപി ജയരാജൻ. യെച്ചൂരിയെ ഒരുനോക്കു കാണാൻ ദില്ലിയിൽ എത്തേണ്ട സാഹചര്യത്തിലാണ് ഇൻഡിഗോയിലെ യാത്ര.