തിരൂർ സതീഷ് സിപിഎമ്മിന്റെ ടൂളാണെന്ന് രൂക്ഷഭാഷയിൽ വിമർശിച്ച ശോഭ സുരേന്ദ്രൻ പറയുന്നത് സതീഷാണെങ്കിലും പ്രവർത്തിക്കുന്നത് എകെജി സെന്ററാണെന്നും ആരോപിച്ചു.
തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ വെളിപ്പെടുത്തൽ നടത്തിയ തൃശ്ശൂരിലെ മുൻ ബിജെപി ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തിരൂർ സതീഷ് സിപിഎമ്മിന്റെ ടൂളാണെന്ന് രൂക്ഷഭാഷയിൽ വിമർശിച്ച ശോഭ സുരേന്ദ്രൻ പറയുന്നത് സതീഷാണെങ്കിലും പ്രവർത്തിക്കുന്നത് എകെജി സെന്ററാണെന്നും ആരോപിച്ചു. സതീഷിനെ ഉപയോഗിച്ച് തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. പ്രസിഡന്റ് ആകാൻ തനിക്ക് അയോഗ്യതയില്ലെന്നും എന്താണ് അയോഗ്യതയെന്നും ശോഭ ചോദിച്ചു. തിരൂർ സതീഷിന്റെ കോൾ ലിസ്റ്റ് എടുക്കണമെന്നും വിളിച്ചവർ ആരൊക്കെയെന്ന് സതീഷിനെ കൊണ്ട് പറയിപ്പിക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ശോഭാ സുരേന്ദ്രന്റെ വാർത്താ സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങളിങ്ങനെ: കപ്പലണ്ടി കച്ചവടം മോശമാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. കപ്പലണ്ടി കച്ചവടത്തിൽ നിന്ന് കേരള ബാങ്കിന്റെ തലപ്പത്ത് വന്നു എന്നാണ് പറഞ്ഞത്. അതെങ്ങനെയെത്തി എന്നുള്ള ചോദ്യമാണ് ഇന്നലെ ഉന്നയിച്ചത്. അതിനുത്തരം കണ്ണൻ നൽകിയില്ല. സതീഷിന് ഒരു കൊല്ലം മുമ്പ് ലോൺ കൊടുത്തു എന്നാണ് കണ്ണൻ ഇന്നലെ പറഞ്ഞത്. എന്നാൽ ഒരു കൊല്ലം മുമ്പ് അല്ല സതീഷ് വീടു വച്ചത്. ഒന്നരവർഷം മുമ്പ് ബിജെപിയുടെ ഓഫീസിൽ നിന്ന് പുറത്താക്കിയ സതീഷിന് ഒരു കൊല്ലം മുമ്പ് ലോൺ കൊടുക്കുന്നു.
ശോഭ സുരേന്ദ്രൻ നൂലിൽ കെട്ടി ഇവിടെ ഇറങ്ങി വന്ന ആളല്ല. ഗോഡ് ഫാദർ വളർത്തി വിട്ട ആളുമല്ല. പറയാനുള്ളത് പാർട്ടിക്ക് അകത്ത് നല്ല തന്റേടത്തോടുകൂടി പറഞ്ഞ ആളാണ്. പ്രവർത്തകർക്കൊപ്പം ശാരീരിക പ്രതിസന്ധികൾ പോലും നോക്കാതെ നിന്നിട്ടുള്ള ആളാണ്. സതീഷിനെ കൊണ്ട് സംസ്ഥാന നേതൃത്വത്തിനെതിരെ പറയിച്ച് എനിക്ക് സംസ്ഥാന പ്രസിഡന്റ് ആകാൻ ആരാണ് സതീഷ്? ആർഎസ്എസ് പ്രവർത്തകൻ ആണെങ്കിൽ ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടാൽ സതീഷ് പോകേണ്ടത് ആർഎസ്എസിന്റെ സംസ്ഥാന കാര്യാലയത്തിലേക്കാണ്. ഇത്തരമൊരു ഉപകരണത്തെ ഉപയോഗിച്ച് ശോഭാ സുരേന്ദ്രനെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണ്.
പണം വാങ്ങാൻ മുൻമന്ത്രിയുടെ വീട്ടുനടക്കൽ മൂന്നു തവണ പോയി. മൊയ്തീന്റെ മുഖത്ത് എന്തിനാണ് ഇത്ര വെപ്രാളം? എന്നിട്ടും മൊയ്തീൻ പറയുകയാണ്, ശോഭക്കെതിരെ കേസ് കൊടുക്കുമെന്ന്. ശോഭക്കെതിരെ ആരെല്ലാം കേസ് കൊടുത്തിരിക്കുന്നു? ശോഭയ്ക്ക് കേസ് പുത്തരിയാണോ? സതീഷിന്റെ പിന്നിൽ ആരാണെന്നും ആരെയൊക്കെ വിളിച്ചിട്ടുണ്ടെന്നും സതീഷിനെ കൊണ്ട് പൊതുസമൂഹത്തിന് മുന്നിൽ പറയിക്കും. പാർട്ടിക്കുവേണ്ടി ഇത്രയും പ്രവർത്തിച്ച നേതാവായ എനിക്ക് പാർട്ടിയുടെ ഏതെങ്കിലും ഘടകം വാതിൽ കൊട്ടിയടക്കും എന്ന് വിചാരിക്കാമോ?
എമറാജ് കമ്പനി മരം മുറി കേസിലെ സഹോദരൻമാരുടെ കമ്പനിയാണ്. ആഫ്രിക്കയിലെ ഘാനയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. മറ്റൊരു ഓഫീസ് മലേഷ്യയിലാണ്. മറ്റൊരു ഓഫീസ് പ്രവർത്തിക്കുന്നത് എവിടെയാണെന്ന് രേഖകൾ ഇല്ല. ജിസിസി എന്ന് മാത്രമേയുള്ളൂ. എന്തുകൊണ്ടാണ് വെബ്സൈറ്റിൽ നിന്ന് ഒരു സുപ്രഭാതത്തിൽ റിമൂവ് ചെയ്യപ്പെട്ടത്? ഇരുട്ടി വെളുത്തപ്പോൾ കുചേലൻ കുബേരൻ ആയി മാറി. അങ്ങനെകാണാൻ പോയ കൃഷ്ണന് മുഖ്യമന്ത്രി അവാർഡ് കൊടുക്കുന്നു. ഈ കുചേലന്റെ കൈപിടിച്ച് ഈ കൃഷ്ണൻ പഞ്ചനക്ഷത്ര ഹോട്ടലുകൾ എഴുതിക്കൊടുത്തു. കൃഷ്ണന് എന്താണ് കുചേലന്റെ ഭാര്യയുമായി ബന്ധം? കുചേലന്റെ ഭാര്യയുടെ പേരിൽ വരെയാണ് ഹോട്ടൽ എഴുതിക്കൊടുത്തത്.
ഈ കൃഷ്ണനെ ഗാന്ധിജിക്ക് തുല്യമായി വെളുപ്പിച്ചു. വിദേശരാജ്യങ്ങളിൽ കമ്പനികൾ ഉണ്ടെന്ന് വരുത്തി തീർത്ത് അവിടെ നിന്നും കൊണ്ടുവന്ന പണം കൊണ്ടാണ് ചാനൽ വാങ്ങിയത്. ഇത് അന്താരാഷ്ട്ര ഭീകരവാദികളുടെ പണമാണോ? ഇത് സംബന്ധിച്ച് ഞാൻ കേന്ദ്ര ഏജൻസികളെ സമീപിക്കും. സതീഷിന്റെ ദൈവം കണ്ണൂർകാരൻ വട്ടിപലിശക്കാരൻ ദൈവമാണോ? എകെജി സെന്ററിൽ ഇരിക്കുന്ന ദൈവമാണോ? സതീഷ് വെറും നാവാണ്. സതീഷിന്റെ തിരക്കഥ എകെജി സെന്ററിൽ നിന്നുള്ളതാണ്. ഒരു സുപ്രഭാതം കൊണ്ട് ചാനലും പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഷെയറുകളും വാങ്ങി. അതെങ്ങനെ സാധിച്ചു. അതിനുള്ള പണം എവിടുന്ന്? ആർക്കൊക്കെയാണ് ഷെയർ ഉള്ളത്?
ഓഫീസിൽ നിന്നു പോയിട്ട് ഒരു പണിയും സതീശനെടുത്തിട്ടില്ല. പിന്നെ എങ്ങനെ ലോൺ അടച്ചു? എന്റെ ഒപ്പം എവിടെയാണ് സതീശനെ കണ്ടിട്ടുള്ളത്? മരംമുറി കേസിലെ കുറ്റപത്രം വൈകുന്നതെന്ത്? ഒരു സംഘടനാ വിഷയങ്ങളും പറയാൻ സതീഷ് തന്നെ കണ്ടിട്ടില്ല. ശോഭാ സുരേന്ദ്രനെ കാണാൻ ഇതുവരെ സതീഷ് വന്നിട്ടില്ല. കൊടകര കേസ് സതീഷ് സംസാരിച്ചിട്ടില്ല. ഒരു മാധ്യമത്തിന്റെ കൃത്യമായ ഗൂഢാലോചന ആണിത്. സതീഷിന്റെ വീട്ടിൽ ഒരിക്കലും ഞാൻ പോയിട്ടില്ല. എന്റെ വീടിന്റെ പണി നടക്കുന്ന സ്ഥലത്ത് അമ്പലത്തിൽ പോയി വരുന്ന സതീഷ് എന്തിനാണ് നോക്കാൻ പോകുന്നത്. സതീഷ് പണം വാങ്ങി ശ്രമിക്കുന്നത് ഒന്ന് പാർട്ടിയെ തകർക്കാൻ, രണ്ട് ശോഭയെ തകർക്കാൻ. എന്റെ യുദ്ധം മുഖ്യമന്ത്രിക്കെതിരെയാണ്. എന്റെ യുദ്ധം എമ്രാജ് കമ്പനിയുടെ മുതലാളിക്കെതിരെയാണ്.