വയനാട്ടിലെ നരഭോജി കടുവ കൂട്ടിൽ, കുടുങ്ങിയത് കാപ്പിതോട്ടത്തിൽ വച്ച ഒന്നാം കെണിയിൽ; കൊല്ലണമെന്ന് നാട്ടുകാർ

By Web Team  |  First Published Dec 18, 2023, 2:31 PM IST

കൂടല്ലൂരില്‍ കര്‍ഷകനെ കടുവ കടിച്ചുകൊന്ന സംഭവമുണ്ടായി പത്തു ദിവസത്തിനുശേഷമാണ് കടുവ കെണിയിലകപ്പെടുന്നത്


കല്‍പ്പറ്റ:വയനാട്ടിലെ ആളെക്കൊല്ലി കടുവ ഒടുവില്‍ കൂട്ടിലായി. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്.കൂടല്ലൂരില്‍ കര്‍ഷകനെ കടുവ കടിച്ചുകൊന്ന സംഭവമുണ്ടായി പത്തു ദിവസത്തിനുശേഷമാണ് കടുവ കെണിയിലകപ്പെടുന്നത്. ദിവസങ്ങള്‍ നീണ്ടുനിന്ന തെരച്ചിൽ ഒരുഭാഗത്ത് നടക്കുന്നതിനിടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂടുകളിലൊന്നില്‍ കടുവ കൂട്ടിലാകുന്നത്.

ഏറ്റവും ആദ്യം സ്ഥാപിച്ച ഒന്നാമത്തെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. കൂടല്ലൂര്‍ കോളനിക്കവലയ്ക്ക് സമീപമുള്ള കാപ്പി തോട്ടത്തിലെ കൂട്ടിലാണിപ്പോള്‍ കടുവ. കെണിയിലകപ്പെട്ട കടുവയെ പുറത്തേക്ക് കൊണ്ടുവരാനുള്ള നടപടിയിലാണ് അധികൃതര്‍. കടുവയെ പിടികൂടിയതിന്‍റെ ആശ്വാസത്തിലാണ് നാട്ടുകാര്‍. എന്നാല്‍, കടുവയെ വനത്തിലേക്ക് തുറന്നുവിടരുതെന്നും വെടിവച്ച് കൊല്ലണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കടുവയെ പിടികൂടിയെങ്കിലും നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലാണ്. വനംവകുപ്പിനെതിരെ മുദ്രാവാക്യം വിളികളുമായി നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തെതുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്തുനിന്ന്  കടുവയെ മാറ്റാനായിട്ടില്ല. കടുവ കുടുങ്ങിയ കൂട് ഉള്‍പ്പെെടെ വനംവകുപ്പിന്‍റെ വാഹനത്തിലേക്ക് മാറ്റിയെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് പുറത്തേക്ക് കൊണ്ടുവരാനായിട്ടില്ല. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് എത്തിക്കൊണ്ടിരിക്കുകയാണ്. കടുവയെ കൊണ്ടുപോയി കാട്ടില്‍ തുറന്നുവിടാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.

Latest Videos

undefined

വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീര കര്‍ഷകനായ പ്രജീഷിനെ കടുവ കടിച്ചുകൊല്ലുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13വയസുള്ള വയസന്‍ കടുവയാണിതെന്ന് തിരിച്ചറിയുകയായിരുന്നു.WWL45 എന്ന കടുവയാണ് സ്ഥലത്തെത്തിയതന്നും സ്ഥിരീകരിച്ചിരുന്നു. ഈ കടുവ തന്നെയാണ് കൂട്ടിലകപ്പെട്ടതെന്നാണ് അധികൃതര്‍ പറയുന്നത്.കൂടല്ലൂരിലെ ആളെക്കൊല്ലി കടുവയെ പിടിക്കാൻ ഇതുവരെയായി വലിയ രീതിയിലുള്ള തെരച്ചിലായിരുന്നു വനംവകുപ്പ് നടത്തിയിരുന്നത്. നാലു കൂടുകളാണ് വിവിധയിടങ്ങളിലായി സ്ഥാപിച്ചിരുന്നത്. ഇന്നലെ രാത്രി മുതല്‍ പുലരുവോളം തെരച്ചിലും നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. പ്രദേശത്ത് ക്യാമറ സ്ഥാപിച്ചും ഡ്രോണ്‍ പറത്തിയും വ്യാപക തെരച്ചില്‍ നടത്തിയും കുങ്കിയാനകളെ എത്തിച്ചുമെല്ലാം ദൗത്യം തുടര്‍ന്നെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. ഇതിനിടയിലാണിപ്പോള്‍ കടുവ കൂട്ടിലായിരിക്കുന്നത്. കൂട്ടിലായ കടുവയെ സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്കായിരിക്കും കൊണ്ടുപോവുക. ഇവിടെ എത്തിച്ചശേഷം കടുവയെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. ഇതിനുശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക. 

 

വയനാട്ടിലെ ആളെക്കൊല്ലി കടുവയെ തിരിച്ചറിഞ്ഞു; പ്രജീഷിനെ പിടിച്ചത് WWL 45 എന്ന കടുവ
വയനാട്ടില്‍ യുവാവിനെ കടുവ കടിച്ചു കൊന്നു ; പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി

 

click me!