തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി മുഹമ്മദ് ‌നിഷാമിന് പരോൾ

സംസ്ഥാന സർക്കാരിനോട് വ്യവസ്ഥതകൾ നിശ്ചയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ വ്യവസ്ഥ നിശ്ചയിക്കുന്നത് മുതൽ 15 ദിവസത്തേക്കാണ് പരോൾ.

Thrissur security guard Chandrabose hit and killed by vehicle high court ordered accused Mohammed Nisham granted parole

കൊച്ചി: തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോൾ അനുവദിച്ചു. കഴിഞ്ഞ മൂന്നാം തിയതിയാണ് ഹൈക്കോടതി മുഹമ്മദ് നിഷാമിന് പരോൾ അനുവദിച്ചത്. സംസ്ഥാന സർക്കാരിനോട് വ്യവസ്ഥതകൾ നിശ്ചയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ വ്യവസ്ഥ നിശ്ചയിക്കുന്നത് മുതൽ 15 ദിവസത്തേക്കാണ് പരോൾ. 2016 ൽ സെക്യൂറിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് കഴിയുകയാണ് നിഷാം. 

തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് നിഷാം ജയിലിലായത്. തൃശൂര്‍ ശോഭാ സിറ്റിയിലെ താമസക്കാരനായിരുന്നു മുഹമ്മദ് നിഷാം. 2015 ജനുവരി 29 പുലർച്ചെ മൂന്ന് മണിയോടെ നിഷാം എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ.ഡി. കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് നിഷാം, ചന്ദ്രബോസിനെ ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ എഴുന്നേൽപിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചെന്നാണ് കേസ്. 

Latest Videos

സെക്യൂരിറ്റി റൂമും ഫർണിച്ചറുകളും, ജനലുകളും അടിച്ച് തകര്‍ത്ത മുഹമ്മദ് നിഷാം ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപിനെയും (31) മർദിച്ചു. മറ്റ് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് ഫ്ളയിങ് സ്ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആക്രമണത്തിൽ ചന്ദ്രബോസിന്‍റെ നട്ടെല്ലും വാരിയെല്ലുകള്‍ തകർന്നിരുന്നു. ശ്വാസകോശത്തിന് സാരമായ പരിക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും 2015 ഫെബ്രുവരി 16ന് ഉച്ചയ്ക്ക് തൃശ്ശൂർ അമല ആശുപത്രിയിൽ വെച്ച് ചന്ദ്രബോസ് മരിച്ചു. 

ചന്ദ്രബോസ് വധത്തിൽ വൻജനരോഷമാണ് പിന്നീട് ഉയർന്നത്. പൊട്ടിയ വാരിയെല്ലുകൾ തറഞ്ഞുകയറി ആന്തരാവയങ്ങൾക്ക് സംഭവിച്ച മുറിവുകളും ക്ഷതങ്ങളുമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. 2016 ജനുവരി 21-ന് ചന്ദ്രബോസ് വധക്കേസിൽ കൊലപാതകമുൾപ്പെടെ 9 കുറ്റങ്ങൾ തെളിഞ്ഞുവെന്നും നിസാം കുറ്റക്കാരനാണെന്നും കണ്ടെത്തിയ തൃശ്ശൂർ അഡീഷണൽ കോടതി പ്രതിക്ക് ജീവപരന്ത്യവും 24 വർഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നിഷാം 50 ലക്ഷം രൂപ ചന്ദ്രബോസിന്‍റെ ഭാര്യ ജമന്തിക്ക് നൽകാനും കോടതി ഉത്തരവിട്ടിരുന്നു.

ട്രംപിന്റെ 50 ശതമാനം തീരുവ ഭീഷണിക്ക് വഴങ്ങില്ല, അമേരിക്കക്ക് ശക്തമായ തിരിച്ചടി നൽകും; നിലപാട് വ്യക്തമാക്കി ചൈന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!