തൃശൂര്‍ പൂരം കലക്കലിൽ തൃശൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. തിരുവമ്പാടി ദേവസ്വത്തെ പ്രതിയാക്കാതിരിക്കാനാണ് പൊതുവായ പരാതിയിൽ പൊലീസ് കേസെടുത്തത്.
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിലാണ് തൃശൂർ ടൗൺ ആരെയും പ്രതിചേർക്കാതെ കേസെടുത്തത്. അന്വേഷണം വഴിമുട്ടിയെന്ന വിമർശനങ്ങൾക്കിടെയാണ് പൊലീസ് തിരക്കിട്ട് കേസെടുത്തത്. രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർദ്ദ ഉണ്ടാക്കൽ, ഗൂഢാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ മാസം മൂന്നിനാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്.
ഇതിനുശേഷം ഒമ്പത് ദിവസം കഴിഞ്ഞാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. എന്നാഷ, പ്രത്യേക സംഘത്തിന് കേസെടുക്കാനോ അന്വേഷണവുമായി മുന്നോട്ട് പോകാനോ കഴിഞ്ഞില്ല. തിരുവമ്പാടി ദേവസ്വത്തെ സംശയ നിഴലിലാക്കുന്ന റിപ്പോർട്ടാണ് എഡിജിപി എംആർ അജിത് കുമാർ നൽകിയത്. എന്നാൽ, എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടാണ് ഡിജിപി നൽകിയത്. എഡിജിപിയുടെ റിപ്പോർട്ടിന്മേൽ കേസെടുക്കാനാകില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന് കിട്ടിയ നിയമോപദേശം.
അന്വേഷണം നിലച്ചെന്ന വ്യാപക വിമർശനങ്ങൾക്കിടെയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ പരാതിക്കാരനാക്കി കേസെടുത്ത് മുഖം രക്ഷിക്കാനുള്ള നീക്കമുണ്ടായിരിക്കുന്നത്. കേസെടുത്തെങ്കിലും എഫ്ഐആറിൽ ആരെയും പ്രതിയാക്കിയില്ല. എഡിജിപിയുടെ റിപ്പോർട്ടിൽ കേസെടുത്താൽ തിരുവമ്പാടി ദേവസ്വം പ്രതിയാകും. അതൊഴിവാക്കാൻ കൂടിയാണ് ഇത്തരത്തിലുള്ളോരു കേസ്. വിവിധ പരാതികളുടേയും റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ പൂരം അലങ്കോലപ്പെട്ടെന്നാണ് ഇൻസ്പെക്ടറുടെ പരാതി. ഈ പരാതിയിലാണ് കേസ്. പൂരം കലങ്ങിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി നിസ്സാരവൽക്കരിക്കുമ്പോഴാണ് പൊലീസ് ഗൂഡാലോചനയിൽ പേരിനെങ്കിലും കേസെടുക്കുന്നത്.
അതേസമയം, തൃശൂർ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സിപിഐ രംഗത്തെത്തി. ബിജെപിക്ക് ജയിക്കാനായി പൂരം ബോധപൂർവം കലക്കിയതാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇതിനിടെ, ആർഎസ്എസിനെ സുഖിപ്പിക്കാനാണ് മുഖ്യമന്ത്രി പുരം കലക്കൽ ഒളിപ്പിക്കുന്നതെന്ന് കോൺഗ്രസ് വിമർശിച്ചു. തിരുവമ്പാടി ദേവസ്വവും മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞു. പാറമേക്കാവ് ദേവസ്വവും അന്വേഷണം ആവശ്യപ്പെട്ടു.
പിണറായിയുടെ നിസ്സാരവൽക്കരിക്കൽ ഏറെക്കുറെ വിസ്മൃതിയിലായിരുന്ന പൂരം കലക്കൽ, ഉപതെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും സജീവചർച്ചയായി. കലക്കൽ സമ്മതിച്ചാൽ ബിജെപിയുമായുള്ള ഡീൽ ആക്ഷേപം മുറുകുന്ന പ്രശ്നമാണ് മുഖ്യമന്ത്രിയുടെ കലങ്ങിയില്ല പരാമർശത്തിന് കാരണമെന്ന സൂചനകളുണ്ട്. അതല്ല, എഡിഎമ്മിന്‍റെ മരണത്തിൽ പിപി ദിവ്യക്കുള്ള സംരക്ഷണത്തിലെ ചർച്ചകൾ വഴി തിരിക്കാനുള്ള ശ്രമമാണോ എന്നും വിലയിരുത്തലുണ്ട്.