തൃശൂർ പൂരം കലങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം; ഗൂഢാലോചനക്കാരെ ഇനിയും കണ്ടെത്താനായില്ല, എങ്ങുമെത്താതെ അന്വേഷണം

Published : Apr 19, 2025, 09:00 AM ISTUpdated : Apr 19, 2025, 09:10 AM IST
തൃശൂർ പൂരം കലങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം; ഗൂഢാലോചനക്കാരെ ഇനിയും കണ്ടെത്താനായില്ല, എങ്ങുമെത്താതെ അന്വേഷണം

Synopsis

വിവാദമായ പൂരം അട്ടിമറിക്ക് പിന്നിലെ ഗൂഢാലോചനക്കാരെ ഇനിയും കണ്ടെത്താനായില്ല. ഒടുവിൽ പ്രഖ്യാപിച്ച ത്രിതല അന്വേഷണം മെല്ലെപ്പോക്കിലാണ്.

തിരുവനന്തപുരം: തൃശൂർ പൂരം കലങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുമ്പോഴും എങ്ങുമെത്താതെ അന്വേഷണം. വിവാദമായ പൂരം അട്ടിമറി ആരോപണ വിധേയനായ എം ആർ അജിത് കുമാറിനെ കൊണ്ട് അന്വേഷിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഇടത് മുന്നണിക്കുള്ളിൽ നിന്ന് ഉയർന്നത് വ്യാപക എതിർപ്പാണ്. ഒടുവിൽ പ്രഖ്യാപിച്ച ത്രിതല അന്വേഷണം മെല്ലെപ്പോക്കിലാണ്.

വിഖ്യാതമായ തൃശൂർ പൂരത്തിൽ കഴിഞ്ഞ വർഷം അരങ്ങേറിയത് അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്. എഴുന്നള്ളിപ്പ് തടഞ്ഞും പൂരപ്രേമികളെ ലാത്തി വീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് വെച്ച് കെട്ടി അടച്ചും പൊലീസ്. ആനകൾക്ക് തീറ്റയുമായി വന്ന ജീവനക്കാരെ പോലും ബലം പ്രയോഗിച്ച് നീക്കി. എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. പുലർച്ച നടക്കേണ്ട വെടിക്കെട്ട് നാല് മണിക്കൂർ വൈകി നടന്നത് പകൽ വെളിച്ചത്തിൽ. പൂരം കലങ്ങിയതിനും പൂര നഗരിയിലേക്കുള്ള തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ആംബുലൻസിലെ എൻട്രിക്കും തമ്മിൽ ബന്ധമുണ്ടെന്നായിരുന്നു പ്രധാന ആക്ഷേപം. തെരഞ്ഞെടുപ്പിൽ തൃശൂരിൽ താമര വിരിയാൻ കാരണം പൂരം കലക്കലാണെന്ന് സിപിഐ ഇപ്പോഴും വിശ്വസിക്കുന്നു. പൂരം കഴിഞ്ഞ് ഒരുവർഷമായിട്ടും കലക്കലിന് പിന്നിലെ ഗൂഢാലോചനക്കാരെ കണ്ടെത്തിയില്ല. 

വിവാദങ്ങൾക്കിടെ സർക്കാർ അന്വേഷണം ഏൽപ്പിച്ചത് പൂരം കലക്കലിൽ ആരോപണം നേരിട്ട എഡിജിപി എംആർ അജിത് കുമാറിനെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയലാഭത്തിനായി ഗൂഢാലോചന നടന്നെന്നായിരുന്നു റിപ്പോർട്ട്. തിരുവമ്പാടി ദേവസ്വത്തെ വിമർശിക്കുന്ന റിപ്പോർട്ടിൽ ഒരു രാഷ്ട്രീയപ്പാർട്ടിയെയും പേരെടുത്ത് പറഞ്ഞില്ല. അജിത് കുമാറിനെ രൂക്ഷമായി കുറ്റപ്പെടുത്തി ഡിജിപി റിപ്പോർട്ട് തള്ളി. സ്ഥലത്തുണ്ടായിരുന്ന അജിത് കുമാർ എന്ത് ചെയ്യുകയായിരുന്നുവെന്നായിരുന്നു ഡിജിപിയുടെ ചോദ്യം. ഡിജിപി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഒക്ടോബർ മൂന്നിന് സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചു. ഇതിൽ പൊലീസ് ഒഴികെയുള്ള വകുപ്പുകൾക്ക് വീഴ്ച പറ്റിയോ എന്ന മനോജ് ഏബ്രഹാമിൻ്റെ അന്വേഷണം മാത്രമാണ് പൂർത്തിയായത്. അജിത് കുമാറിൻ്റെ പങ്കിനെ കുറിച്ചുള്ള ഡിജിപിയുടെ അന്വേഷണവും ഗൂഢാലോചനയിലെ ക്രൈംബ്രാഞ്ച് അന്വേഷണവും ഒന്നുമായില്ല.

Also Read:  കണ്ണൂർ സ‍ർവകലാശാല ചോദ്യപേപ്പർ ചോർച്ച: ആരോപണം നിഷേധിച്ച് കോളേജ്; ബിസിഎ പരീക്ഷ പൂർണമായി റദ്ദാക്കില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയത് നാല് ക്വട്ടേഷൻ ഗ്രൂപ്പുകൾ ചേർന്ന്; പിന്നിൽ ഖത്തർ പ്രവാസിയെന്ന് അന്വേഷണ സംഘം
‌‌‌`വെള്ളാപ്പള്ളിയുടേത് മറുപടി അർഹിക്കാത്ത പ്രസ്താവനകൾ'; വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്ലീംലീഗ്