പൂരം കലക്കൽ അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് മുന്നിൽ മൊഴിയെടുക്കാനായി തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഹാജരായി. പൊലീസിന് സംഭവിച്ച വീഴ്ചകൾ ഭാരവാഹികൾ അക്കമിട്ടുനിരത്തി.
തൃശൂര്‍: പൂരം കലക്കൽ അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് മുന്നിൽ മൊഴിയെടുക്കാനായി തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഹാജരായി. അന്നത്തെ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിന്‍റെ പൊലീസ് രാജ് ആണ് ഉണ്ടായതെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ, ജോയിൻറ് സെക്രട്ടറി ശശിധരൻ എന്നിവർ മൊഴി നൽകി. എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് പ്രതിഷേധിച്ചതെന്നും അന്വേഷണ സംഘം ഇരുവരോടും ചോദിച്ചു.
പൊലീസിന് സംഭവിച്ച വീഴ്ചകൾ ഭാരവാഹികൾ അക്കമിട്ടുനിരത്തി. 2023 ലെ പ്രശ്നങ്ങൾ 2024 ആവർത്തിച്ചെന്നും അറിയിച്ചു. വെടിക്കെട്ട് സമയത്തുണ്ടായ പ്രശ്നങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞുവെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാറും ജോയിന്‍റ് സെക്രട്ടറി ശശിധരനും പറഞ്ഞു. പൂരത്തിന്‍റെ അന്ന് രാവിലെ മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
എഴുന്നള്ളത്ത് കഴിഞ്ഞിട്ടും മതി വെടിക്കെട്ട് എന്നാണ് പൊലീസ് പറഞ്ഞത്. ത്രിതല അന്വേഷണത്തിലെ ആദ്യ അന്വേഷണമാണ്. മറ്റു കാര്യങ്ങൾ അടുത്തഘട്ടത്തിൽ പറയും. പൊലീസിന്‍റെ ഭാഗത്തുള്ള വീഴ്ച തന്നെയാണെന്ന മൊഴിയാണ് നൽകിയത്. 2024 ൽ നടന്ന സംഭവങ്ങൾ 2025 ൽ ആവർത്തിക്കരുതെന്ന് ആവശ്യപ്പെട്ടു.
സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ലെന്നും അത് അടുത്ത തലത്തിൽ ആകും ഉണ്ടാകുകയെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞദിവസം ആരോഗ്യപ്രവർത്തകരിൽ നിന്നും ഫയർഫോഴ്സ് അടക്കമുള്ള ജീവനക്കാരിൽ നിന്നും പ്രത്യേകസംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോഗ്യപ്രവർത്തകരും സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ മൊഴി നൽകിയിരുന്നു.
പൂരം കലക്കൽ; മൊഴിയെടുക്കൽ തുടങ്ങി, മുൻ സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ മെഡിക്കൽ സംഘത്തിൻ്റെ മൊഴി
..