18 വര്‍ഷത്തെ സ്വപ്നം നഷ്ടപ്പെടുമെന്ന് കരുതി, പക്ഷെ സഫലം: 3 പൊന്നോമനകളുമായി തൃശ്ശൂരില്‍ നിന്ന് തിരുപ്പൂരിലേക്ക്

By Web Desk  |  First Published Dec 31, 2024, 9:24 PM IST

കുഞ്ഞുങ്ങളെ രക്ഷിച്ച മെഡിക്കല്‍ കോളേജിലെ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.


തൃശൂര്‍: നഷ്ടപ്പെടുമെന്ന് കരുതിയ 3 പൊന്നോമനകളെ പൂര്‍ണ ആരോഗ്യത്തോടെ തിരികെ നല്‍കി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്. പാലക്കാട് സ്വദേശികളെങ്കിലും തമിഴ്‌നാട് തിരുപ്പൂരില്‍ താമസിക്കുന്ന പ്രസീദയും ജയപ്രകാശുമാണ് സന്തോഷത്തോടെ കുഞ്ഞുങ്ങളുമായി നാട്ടിലേക്ക് മടങ്ങിയത്. രക്ഷപ്പെടില്ലെന്ന് കരുതിയിരുന്ന 3 കുഞ്ഞുങ്ങളെ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള അതിതീവ്ര പരിചരണം നല്‍കി മൂന്ന് മാസത്തെ ശ്രദ്ധാപൂര്‍വമായ ചികിത്സയിലൂടെ പൂര്‍ണ ആരോഗ്യത്തിലേക്ക് എത്തിച്ചു. പത്ത് ലക്ഷത്തിലേറെ ചെലവ് വരുന്ന ചികിത്സ മൂന്ന് കുഞ്ഞുങ്ങള്‍ക്കും സൗജന്യമായാണ് ലഭ്യമാക്കിയത്. മാതൃകാപരമായ പരിചരണം നല്‍കി കുഞ്ഞുങ്ങളെ രക്ഷിച്ച മെഡിക്കല്‍ കോളേജിലെ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രസീദക്കും ജയപ്രകാശിനും കുട്ടികള്‍ എന്ന സ്വപ്നം സഫലമായത്. നീണ്ട കാത്തിരിപ്പിന് ശേഷവും കുഞ്ഞുങ്ങള്‍ ഉണ്ടാവാതിരുന്നതിനാല്‍ ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭം ധരിക്കുകയായിരുന്നു. കോയമ്പത്തൂരില്‍ ഗര്‍ഭകാല ചികിത്സയും സ്‌കാനിങ്ങും നടത്തുകയും ചെയ്തു. അപ്പോഴാണ് പ്രസീദ 3 കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കാന്‍ പോകുന്നത് എന്നറിഞ്ഞത്. എന്നാല്‍ മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത കൂടുതലാണെന്നും മൂന്ന് കുഞ്ഞുങ്ങളെ തീവ്രപരിചരണം നല്‍കി രക്ഷിച്ചെടുക്കുന്നത് പ്രയാസമേറിയതാണ് എന്നതിനാലും ഫീറ്റല്‍ റിഡക്ഷനിലൂടെ കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കാന്‍ പലരും നിര്‍ദ്ദേശിച്ചു. അതിന് വിസമ്മതിച്ച ഇവര്‍ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് കുഞ്ഞുങ്ങള്‍ക്ക് മികച്ച പരിചരണത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് വന്നു. ഏഴാം മാസത്തില്‍ ജനിച്ച 2 പെണ്‍കുഞ്ഞുങ്ങളുടേയും ഒരു ആണ്‍കുഞ്ഞിന്റേയും തൂക്കം ഒരു കിലോഗ്രാമിലും താഴെയായിരുന്നു. അവിടെ നിന്നാണ് വിദഗ്ധ സംഘത്തിന്റെ മൂന്ന് മാസത്തെ ശ്രദ്ധാപൂര്‍വമായ പരിചരണത്തിലൂടെ കുഞ്ഞുങ്ങളെ പൂര്‍ണ ആരോഗത്തിലേക്ക് എത്തിച്ചത്.

Latest Videos

നവജാത ശിശുരോഗ വിഭാഗം മേധാവി ഡോ. ഫെബി ഫ്രാന്‍സിസിന്റേയും ശിശുരോഗ വിഭാഗം മേധാവി ഡോ. അജിത് കുമാറിന്റേയും നേതൃത്വത്തില്‍ ഡോ. വിഷ്ണു ആനന്ദ്, ഡോ. മേധ മുരളി, ഡോ. നാഗാര്‍ജുന്‍, ഡോ. ലിറ്റ, ഡോ. ആതിര, മറ്റ് ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്നിവരാണ് ചികിത്സ നല്‍കിയത്. ഹെഡ് നഴ്‌സുമാരായ സീന, സജ്‌ന എന്നിവരുടെ നേതൃത്വത്തിലുള്ള നഴ്‌സുമാരുടെയും മറ്റ് എന്‍ഐസിയു ജീവനക്കാരുടേയും പരിശ്രമ ഫലമായാണ് ഇത് സാധ്യമായത്. മൂന്ന് കുഞ്ഞുങ്ങള്‍ക്കും 3 മാസം വരെ പരിപൂര്‍ണമായി മുലപ്പാല്‍ ഉറപ്പുവരുത്തിയത് നവജാതശിശു വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സമഗ്ര മുലയൂട്ടല്‍ പരിപാലന ക്രേന്ദത്തിലെ ജീവനക്കാരും നഴ്‌സുമാണ്.

ഗൈനക്കോളജി യൂണിറ്റ് ചീഫ് ഡോ. അജിത, മറ്റ് ഡോക്ടര്‍മാരായ ഡോ. രശ്മി, ഡോ. അജിനി എന്നിവരടങ്ങുന്ന സംഘം അമ്മയ്ക്ക് വേണ്ട ഗര്‍ഭ ചികിത്സയും പ്രസവ ശുശ്രൂഷയും നല്‍കി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അശോകന്‍, സൂപ്രണ്ട് ഡോ. രാധിക, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ്, എ.ആര്‍.എം.ഒ. ഡോ ഷിബി എന്നിവരുടെ പൂര്‍ണ പിന്തുണയുമുണ്ടായിരുന്നു.

പിഎച്ച്ഡി വിദ്യാർഥി മൃണാളിനി, സംഭവിച്ചത് 'സെപ്റ്റിക് ഷോക്ക്', അതീവ ഗുരുതരം; രക്ഷകരായി കുറ്റിപ്പുറം ആശുപത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!