സംഭവത്തിൽ ഡോക്ടർ പൊലീസിൽ പരാതി നൽകിയിരുന്നു
മലപ്പുറം:മലപ്പുറം പൊന്നാനിയിൽ ഡോക്ടർക്കുനേരെ കത്തി വീശി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തിയ കേസിൽ പൊന്നാനി മരക്കടവ് സ്വദേശി സക്കീർ എന്നയാളെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. അമിതശേഷിയുള്ള മയക്ക് ഗുളിക ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയിൽ എത്തിയത്.
എന്നാൽ, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജൂനിയർ ഡോക്ടർ മരുന്ന് എഴുതി നൽകിയില്ല. ഇതോടെ മടങ്ങി പോയ യുവാവ് പിന്നാലെ വീണ്ടും കത്തിയും ആയി എത്തി ഡോക്ടറെ ഭീഷണിപ്പെടുത്തി മരുന്ന് എഴുതി വാങ്ങുകയായിരുന്നു .സംഭവത്തിൽ ഡോക്ടർ പൊലീസിൽ പരാതി നൽകിയിരുന്നു. ചൊവ്വാഴ്‌ചയാണ് സംഭവം നടന്നത്. ആശുപത്രിയിൽ നിന്ന് ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. യുവാവ് കത്തിയുമായി എത്തുന്നതിന്‍റെയും ഭീഷണിപ്പെടുത്തി കുറിപ്പ് വാങ്ങുന്നതിന്‍റെയും ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.