തൊടുപുഴയിൽ 10 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തെന്ന കേസിൽ മുൻ എംഎൽഎ പ്രതി; 3 പേർക്കെതിരെ പൊലീസ് കേസ്

പത്ത് ലക്ഷം രൂപയുടെ സ്വർണ്ണം കടമായി വാങ്ങിയ ശേഷം പണം നൽകിയില്ലെന്നും ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിൽ മുൻ എംഎൽഎക്കെതിരെ കേസ്

Thodupuzha Police registers FIR against 3 including EX MLA on 10 lakh worth gold fraud

തൊടുപുഴ: ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്തെന്ന പരാതിയിൽ മുൻ എംഎൽഎ മാത്യു സ്റ്റീഫനടക്കം മൂന്ന് പേർക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തു. തൊടുപുഴയിലെ ജ്വല്ലറി ഉടമയുടെ പരാതിയിലാണ് നടപടി. കടമായി സ്വർണം വാങ്ങിയ ശേഷം പണം നൽകാതെ വഞ്ചിച്ചെന്നും, പണം ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് ജ്വല്ലറി ഉടമയുടെ പരാതി. മാത്യു സ്റ്റീഫൻ, ജിജി, സുബൈർ, എന്നിവരാണ് പ്രതികൾ. ജനാധിപത്യ സംരക്ഷണ സമിതി പ്രവർത്തകരാണ് പ്രതികൾ. 

മാത്യു സ്റ്റീഫൻ തൊടുപുഴയിൽ വാർത്താ സമ്മേളനം വിളിച്ചാണ് കേസിൻ്റെ വിവരങ്ങൾ വെളിപ്പെടുത്തിയത്. പത്ത് ലക്ഷം രൂപയുടെ സ്വർണ്ണം കടമായി വാങ്ങിയ ശേഷം പണം നൽകിയില്ലെന്നാണ് പരാതി. പണം ചോദിച്ചപ്പോൾ ജ്വല്ലറി ഉടമക്കെതിരെ ജിജി പോലീസിൽ പരാതി നൽകി. പരാതി പിൻവലിക്കാൻ കൂടുതൽ പണവും ആവശ്യപ്പെട്ടു. തട്ടിപ്പ് ബോധ്യപ്പെട്ടപ്പോൾ ജ്വല്ലറി ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ സുബൈർ, ജിജി, എന്നിവർ നിലവിൽ റിമാൻ്റിലാണ്. 

Latest Videos

സംഘടനയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ആഴ്ചകൾക്ക് മുമ്പ് രാജിവെച്ചെന്നുമാണ് മാത്യു സ്റ്റീഫൻ കേസ് വിവരങ്ങൾ വിശദീകരിച്ച ശേഷം പറഞ്ഞത്. മുൻപ് നിർധന കുടുംബത്തെ സഹായിക്കാൻ 1.65 ലക്ഷം രൂപയുടെ സ്വർണം തൊടുപുഴയിലെ ജ്വല്ലറിയിൽ നിന്ന് വാങ്ങി നൽകിയിരുന്നു. ഇതിൻറെ ഇടപാടുകൾ തീർത്തു. ജിജിയും സുബൈറും തൻറെ പേര് ദുരുപയോഗം ചെയ്താണ് 10 ലക്ഷം രൂപയുടെ സ്വർണം തട്ടിയത്. ഈ കേസിൽ താൻ പ്രതിയായത് എങ്ങനെയെന്ന് അറിയില്ല. ജിജിക്കും സുബൈറിനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും മാത്യു സ്റ്റീഫൻ വ്യക്തമാക്കി. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടുക്കി പീരുമേട് നിയോജക മണ്ഡലം മുൻ എംഎൽഎയാണ് മാത്യു സ്റ്റീഫൻ.

vuukle one pixel image
click me!