കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 1.63 ഏക്കർ സ്ഥലത്ത് 72 കോടി ചെലവിൽ 19,990 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നാല് നിലകളിലായാണ് മാർക്കറ്റ് കോംപ്ലക്സ് നിർമ്മിച്ചത്
കൊച്ചി: കൊച്ചി മുൻസിപ്പൽ കോർപ്പറേഷന് വേണ്ടി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ആധുനിക നിലവാരത്തിൽ ഒരുക്കിയ എറണാകുളം മാർക്കറ്റിന്‍റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ചടങ്ങുകൾ. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 1.63 ഏക്കർ സ്ഥലത്ത് 72 കോടി ചെലവിൽ 19,990 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നാല് നിലകളിലായാണ് മാർക്കറ്റ് കോംപ്ലക്സ് നിർമ്മിച്ചത്. കൊച്ചിയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച മാർക്കറ്റ് ലോകോത്തര നിലവാരത്തിലേക്ക് മാറുകയാണ്.
ഇതോടൊപ്പം മാർക്കറ്റിൽ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് നിർമ്മിക്കുന്ന മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയത്തിന്റെ തറക്കല്ലിടൽ ചടങ്ങും നടക്കും. 120 കാറുകളും 100 ബൈക്കുകളും പാർക്ക് ചെയ്യാൻ കഴിയുന്ന പാർക്കിംഗ് സമുച്ചയം 24.65 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജോർജ് കുര്യനും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവും മുഖ്യാതിഥികളായിരിക്കും.
എറണാകുളം എം പി ഹൈബി ഈഡൻ, എംഎൽഎമാർ ടി ജെ വിനോദ്, കെ ജെ മാക്സി, ഉമാ തോമസ്, കെ ബാബു, കൊച്ചി മേയർ എം അനിൽ കുമാർ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, ഡെപ്യൂട്ടി മേയർ കെ എ ആൻസിയ, സിഎസ്എംഎൽ സിഇഒ ഷാജി വി നായർ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, കമ്മീഷണർ പുട്ട വിമലാദിത്യ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.
സ്ഥലമില്ലായ്മയും മാലിന്യപ്രശ്നവും മൂലം വീർപ്പുമുട്ടിയിരുന്ന എറണാകുളം മാർക്കറ്റിന് ശാപമോക്ഷമൊരുക്കിയ കോർപറേഷനെയും സിഎസ്എംഎല്ലിനെയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. ലോകോത്തര നഗരങ്ങളിലെ ആധുനിക മാർക്കറ്റുകളോട് താരതമ്യപ്പെടുത്താനാവുന്ന നിലയിലാണ് ഈ മാർക്കറ്റ് ഒരുക്കിയത്. കൊച്ചിയുടെ പ്രത്യേകതകളാകെ ഉൾച്ചേർത്ത നിർമ്മാണരീതിയാണ് അവലംബിച്ചത്. വിനോദസഞ്ചാര രംഗത്തുൾപ്പെടെ കൊച്ചിയുടെ കുതിപ്പിന് പുതിയ ഊർജമേകാൻ എറണാകുളം മാർക്കറ്റിന് കഴിയും.
undefined
മാലിന്യ സംസ്കരണ സംവിധാനങ്ങൾക്കും, പാർക്കിംഗിനുമുൾപ്പെടെ നൽകിയ പ്രാധാന്യവും എടുത്തു പറയേണ്ടതാണ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി സംസ്ഥാനസർക്കാർ മുന്നോട്ടുപോവുകയാണ്. വൃത്തിയുള്ള തെരുവുകളും മാർക്കറ്റുകളുമെല്ലാം കേരളത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിനാളുകൾ എത്തുന്ന എറണാകുളം മാർക്കറ്റിൽ ഒരുക്കിയ ഈ സംവിധാനങ്ങൾ മറ്റിടങ്ങളിൽ കൂടി മാതൃകയാക്കാനാവും. അത്യാധുനിക നിലവാരത്തിലുള്ള എറണാകുളം മാർക്കറ്റ്, നഗരവാസികൾക്ക് മാത്രമല്ല കേരളത്തിനാകെ അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കിയ സിഎസ്എംഎല്ലിനെയും കോർപറേഷനെയും, മാർക്കറ്റ് നിർമ്മാണത്തിന് പൂർണ സഹകരണവും പിന്തുണയും ഉറപ്പാക്കിയ കച്ചവടക്കാരെയും തൊഴിലാളികളെയും പ്രദേശവാസികളെയും മന്ത്രി അഭിനന്ദിച്ചു.
കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് എറണാകുളം മാർക്കറ്റിനും. കാലങ്ങളായി നഗരത്തിലെ എല്ലാ വിഭാഗം ജനങ്ങളും ആശ്രയിച്ചു പോന്ന മാർക്കറ്റിൻ്റെ കാലാനുസൃതമായ വികസനത്തിനായി രണ്ടു പതിറ്റാണ്ടിലേറെയായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഒന്നും പ്രാവർത്തികമായിരുന്നില്ല. ആ ലക്ഷ്യമാണ് ഇപ്പോൾ പ്രാവർത്തികമായിരിക്കുന്നത്. ക്രെസെന്റ് കോൺട്രാക്ടര്സ് പ്രൈവറ്റ് ലിമിറ്റഡാണ് കരാറുകാർ.
നിലവിലെ മാർക്കറ്റ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത്, സ്മാർട്ട് സിറ്റി മിഷൻ ഫണ്ട് ഉപയോഗിച്ച് 72.69 കോടി രൂപ ചിലവിൽ 1.63 ഏക്കർ സ്ഥലത്ത് 19,990 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ basement + Ground+ 3 നിലകളിലായാണ് അത്യാധുനിക എറണാകുളം മാർക്കറ്റ് കോംപ്ലക്സ് നിർമ്മാണം പൂർത്തിയായിരിക്കുന്നത്. മാർക്കറ്റിന്റെ തൊട്ടു അടുത്ത് തന്നെ ഒരു സ്ഥലം കണ്ടെത്തുകയും എല്ലാവിധ സൗകര്യങ്ങളോടു കൂടി അഞ്ചു കോടി രൂപ ചിലവഴിച്ചു ഒരു താത്കാലിക മാർക്കറ്റ് പണിത് കച്ചവടക്കാരെ മാറ്റിയ ശേഷമായിരുന്നു പുതിയ മാർക്കറ്റിന്റെ നിർമ്മാണം. ജന പ്രതിനിധികളും , കച്ചവട/ മാർക്കറ്റ് സംഘടനാ പ്രതിനിധികളും, കച്ചവടക്കാരും ആയി ഉള്ള നിരന്തരമായ ചർച്ചകൾക്ക് ശേഷമാണ്, യാതൊരു വിധ ഉപാധികളും തടസ്സവാദങ്ങളും ഇല്ലാതെ പ്രദേശത്തെ 200ലധികം വരുന്ന കച്ചവടക്കാർ താത്കാലിക സംവിധാനത്തിലേക്ക് മാറിയത്.
ഒരു ലോകോത്തര മാർക്കറ്റിനു ഉതകുന്ന രീതിയിൽ, സാധനങ്ങൾ കയറ്റുന്നതിനും ഇറക്കുന്നതിനു വേണ്ടി പ്രത്യേക ഏരിയ, ശൗച്യാലയങ്ങൾ, സോളാർ ലൈറ്റുകൾ, അഗ്നിസുരക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ, സുരക്ഷാ ക്യാമറകൾ, മഴവെള്ള സംഭരണി, ജല വിതരണത്തിനു വേണ്ടി 30000 ലിറ്റർ ശേഷിയുള്ള ജല ടാങ്ക്,, കാർ പാർക്കിംഗ്, റാംപ് സൗകര്യം, മാലിന്യ സംസ്കരണ സംവിധാനം, കൃത്യതയോടെ രൂപം നൽകിയ ഡ്രയിനേജ് സിസ്റ്റം, ലിഫ്റ്റുകൾ തുടങ്ങിയവയെല്ലാം ഒരുക്കിക്കൊണ്ടാണ് പുതിയ എറണാകുളം മാർക്കറ്റ് പ്രവർത്തന സജ്ജമായിരിക്കുന്നത്.
1070 കോടിയുടെ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിൽ 500 കോടി രൂപ സംസ്ഥാന സർക്കാരിന്റെയും 70 കോടി രൂപ കോർപറേഷന്റെയും വിഹിതമാണ്. ശേഷിക്കുന്ന 500 കോടി രൂപയാണ് കേന്ദ്രവിഹിതം. കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന 750 കോടി രൂപയുടെ പദ്ധതികൾ സിഎസ്എംഎൽ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. ശേഷിക്കുന്നവ അടുത്ത മാർച്ചിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്
കടകളും സൗകര്യങ്ങളും
ആകെ 275 കട മുറികൾ ആണ് മാർക്കറ്റ് കോംപ്ലക്സിൽ തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 130 എണ്ണം പച്ചക്കറി ഷോപ്പുകളും, 52 എണ്ണം സ്റ്റേഷനറി കടകളും, 28 എണ്ണം ഇറച്ചി - മത്സ്യ ഷോപ്പുകളുമാണ്. നേന്ത്രക്കായ ഉൾപ്പടെയുള്ളവയുടെ കച്ചവടത്തിനായി 34 ഷോപ്പുകൾ, 7 പഴക്കടകൾ, മുട്ട വിൽപ്പനയ്ക്കായി 3 ഷോപ്പുകൾ എന്നിവയും പുതിയ മാർക്കറ്റ് കോംപ്ലക്സിൽ ഉണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ മാത്രം 183 ഷോപ്പുകൾ ഉണ്ടാവും. ഭാവിയിൽ ആവശ്യമെങ്കിൽ രണ്ടും മൂന്നും നിലകളിൽ കൂടുതൽ ഷോപ്പുകൾ നിർമ്മിക്കാൻ സാധിക്കും.
ഇതിനു പുറമെ ഏറ്റവും മുകളിലത്തെ നിലയിൽ ഫുഡ് കോർട്ടിനുള്ള സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്. ഇറച്ചി മൽസ്യ കച്ചവടക്കാർക്ക് ഉള്ള സ്ഥലം ഒന്നാം നിലയിൽ ആണ് ഒരുക്കിയിരിക്കുന്നത് . പ്രസ്തുത നിലയിൽ നിന്നും ഉള്ള മണം മറ്റു നിലകളിലേക്ക് പടരാതിരിക്കാൻ ആയി തുറസ്സായ കട്ട് ഔട്ടുകൾക്ക് ടാംപേർഡ് ഗ്ലാസ് പാർട്ടീഷനുകൾ കൊടുത്തിട്ടുണ്ട്. 3 ഓട്ടോമാറ്റിക് സ്ലൈഡിങ് ഡോറുകൾ ആണ് ഈ ഏരിയ യിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ സുഗമം ആയ വായു സഞ്ചാരം ഉറപ്പു വരുത്തുന്നതിന് ആയി എയർ സർക്കുലേഷൻ യൂണിറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.
ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 40 KW ശേഷിയുള്ള സോളാർ പാനലുകൾ മാർക്കറ്റിൻ്റെ ടെറസ്സിൽ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ഷോപ്പുകളിലും സ്മാർട്ട് മീറ്ററുകൾ നൽകിയിട്ടുണ്ട്. സുഗമമായ വൈദ്യുതി വിതരണം ഉറപ്പാക്കാനായി 500 kvA, 250 kvA ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചിട്ടുണ്ട്. മുഴുവൻ സമയവും വൈദ്യുതി ലഭ്യമാക്കുന്നതിനായി 320kvA, 180 kvA- യുടെ രണ്ട് ഡീസൽ ജനറേറ്ററുകളും സജ്ജമാണ്. മാർക്കറ്റ് ഉപഭോക്താക്കളുടെ ആവശ്യത്തിന് ആയി 4 ലിഫ്റ്റുകൾ ഉണ്ട്. 17 പേരെ കയറ്റാനാവുന്ന രണ്ട് പാസ്സന്ജർ ലിഫ്റ്റുകളും, 2.5 ടൺ കപ്പാസിറ്റി ഉള്ള 2 ഗുഡ്സ് ലിഫ്റ്റും മാർക്കറ്റിലുണ്ട്. ഇത് കൂടാതെ മുകൾ നിലകളിൽ ഉള്ള കമേഴ്‌സ്യൽ സ്പെസിനായി പ്രത്യേകം ആയി 17 nos കപ്പാസിറ്റി ഉള്ള ഒരു ലിഫ്റ്റും കൂടി സജ്ജമാക്കിയിട്ടുണ്ട്.
മാലിന്യ സംസ്കരണം
കച്ചവടക്കാർ ഉൾപ്പടെ മാർക്കറ്റിൽ എത്തുന്ന എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ വിവിധ നിലകളിലായി 82 ശൗചാലയങ്ങളും ഒരുക്കിയിട്ടുണ്ട്. ഖര ദ്രവ മാലിന്യ സംസ്കരണത്തിന് ആയി ഉള്ള സൗകര്യവും പദ്ധതിയിൽ ഉൾപ്പെടു ത്തിയിട്ടുണ്ട്. കൃത്യതയോടെ രൂപം നൽകിയ ഡ്രയിനേജ് സിസ്റ്റം, മാർക്കറ്റിൽ തന്നെ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം ഇവയെല്ലാം എടുത്തുപറയേണ്ട പ്രത്യേകതകളാണ്. ഇതിനുപുറമെ കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് കോർപറേഷന് നൽകിയ 15 കോംപാക്റ്ററുകളും പുതിയ എറണാകുളം മാർക്കറ്റിലെ മാലിന്യ നിർമ്മാർജ്ജനത്തിന് കരുത്തേകും. ഈ കോംപാക്റ്ററുകൾ വഴിയാകും ബാക്കിവരുന്ന മാലിന്യങ്ങൾ ബ്രഹ്മപുരത്തെ പ്ലാന്റിലേക്ക് കൊണ്ടുപോവുക.
ദ്രവ മാലിന്യ സംസ്കരണത്തിന് ആയി പി സി ബി (PCB) മാനദണ്ഡ പ്രകാരം ഉള്ള 100 KLD സീവേജ് ടീറ്റ്മെന്റ് പ്ലാന്റ് (STP) ബേസ്‌മെന്റിൽ ഒരുക്കിയിട്ടുണ്ട് . ഇതിന്റെ ഡിഫെക്ട് ലയബിലിറ്റി പീരീഡ്(Defect Liability period) 5 വര്ഷം ആണ്. 5 വര്ഷം മൈന്റെനൻസും കോൺട്രാക്ടറുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
ദിനംപ്രതിയുണ്ടാകുന്ന മാലിന്യങ്ങളിൽ ഒരു ടണ്ണോളം ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റാനുള്ള ഖരമാലിന്യ സംസ്കരണ സംവിധാനമാണ് മാർക്കറ്റിൽ ഒരുക്കിയിരിക്കുന്നത് . ഓർഗാനിക് വേസ്റ്റ് കൺവേർട്ടർ പ്ലാൻ്റ് ഉപയോഗിച്ച് ത്വരിതഗതിയിലുള്ള മെക്കാനിക്കൽ എയറോബിക് കമ്പോസ്റ്റിംഗ് (AMAC) സിസ്റ്റം ആണ് മാർക്കറ്റിൽ ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത് . കൺവെയറിലൂടെ ജൈവമാലിന്യങ്ങൾ ബാരലുകളിൽ ശേഖരിച്ച് സൂക്ഷിക്കുന്നു വേർതിരിച്ചെടുത്ത ഈ ജൈവമാലിന്യം പിന്നീട് ഒരു ട്രോളിയിലേക്ക് മാറ്റുകയും അത് ഹൈഡ്രോളിക് ഫീഡറിലേക്ക് കൊണ്ടുപോകുകയും ചെയ്യും പിന്നീട് ഇത് ഒരു SHREDDER ലേക്ക് കടത്തി വിട്ടു കഷണങ്ങളാക്കി കൺവെയറിലൂടെ (ഓർഗാനിക് വേസ്റ്റ് കൺവെർട്ടർ) മെഷീനിലേക്ക് മാറ്റുന്നു . ദുർഗന്ധം നിയന്ത്രിക്കാൻ സാനിറ്റ്‌ട്രീറ്റും കൾച്ചർഡ് ബാക്ടീരിയയും ബയോകുലവും ആവശ്യാനുസരണം ചേർത്ത്ഇതിനെ 15 മിനിറ്റ് ട്രീറ്റ് ചെയ്യുന്നു, ശേഷം പ്രോസസ്സ് ചെയ്ത മെറ്റീരിയൽ ഗ്രാനുലാർ ഫ്രീ ഫ്ലോയിംഗ് മെറ്റീരിയലായി മാറിയ ശേഷം ക്യൂറിങ് ക്രേറ്റർകളിലേക്ക് മാറ്റുന്നു അസംസ്‌കൃത കമ്പോസ്റ്റിനെ ജൈവവളമാക്കി മാറ്റുന്നതിനുള്ള ക്യൂറിംഗ് സിസ്റ്റത്തിലാണ് ഈ പെട്ടികൾ സ്ഥാപിക്കുന്നത് .10 ദിവസത്തിനു ശേഷം, ജൈവവളമായി മാറിയ വസ്തുക്കൾ ചെടികളിൽ / കൃഷിയിൽ/ മറ്റേതെങ്കിലും വളപ്രയോഗത്തിനോ ഉപയോഗിക്കാൻ ഉതകുന്ന രീതിയിൽ ആണ് മാറ്റുന്നത്
പാർക്കിംഗ്
ബേസ്‌മെന്റിലും ഗ്രൗണ്ടിലും ആയി 101 പാർക്കിംഗ് സ്പേസുകൾ ഉണ്ട്. ഇവിടെ കാറുകൾ /.LMV /ചെറു ലോറികൾ എന്നിവ പാർക്ക് ചെയ്യാനാകും.. ഇവ ആവശ്യാനുസരണം ഒരു സ്പേസിൽ ചുരുങ്ങിയത് 6 എന്ന നിലക്ക് 2 വീലർ പാർക്കിങ്ങിന് ആയി ഉപയോഗിക്കുവാനും സാധിക്കും . ഇത് കൂടാതെ ലോഡിങ് അൺലോഡിങ് ആവശ്യങ്ങൾ കൂടി കണക്കാക്കി ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒന്നാം നിലയിൽ ഉള്ള കച്ചവടക്കാരുടെ സൗകര്യാർത്ഥം ഓട്ടോ പെട്ടി വണ്ടികൾ ക്കു (ലൈറ്റ് മോട്ടോർ വെഹിക്കിൾ LMV കൾ ) ഉപയോഗിക്കുന്നതിനായി ഒരു റാംപ് കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് നിർമ്മിക്കുന്ന ആദ്യത്തെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം സ്ഥാപിക്കുന്നതും എറണാകുളം മാർക്കറ്റിലാണ്. 120 കാറുകളും 100 ബൈക്കുകളും പാര്ക്ക് ചെയ്യാന് കഴിയുന്ന 24.65 കോടി രൂപ മുടക്കി നിര്മ്മിക്കുന്ന പ്രസ്തുത പാര്ക്കിംഗ് സമുച്ചയം ഉടൻ തന്നെ സജ്ജമാകും. പ്രീ ഫാബ്രിക്കേറ്റഡ് രൂപകൽപനയിൽ ആണ് മൾട്ടി ലെവൽ പാർക്കിംഗ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനാൽ തന്നെ പൈൽ ഫൌണ്ടേഷൻ പണികൾക്ക് ശേഷം താമസം കൂടാതെ പ്രീ ഫാബ് സ്ട്രക്ച്ചർ സ്ഥാപിച്ചു മാർച്ച് 2025 നുള്ളിൽ തന്നെ പണി പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്യും. മാർക്കറ്റ് ബ്രോഡ് വേ ഏരിയ യിൽ ഉള്ള പാർക്കിംഗ് പ്രശ്നങ്ങൾക്ക് ഈ പദ്ധതിക്കു ഒരു പരിധി വരെ പരിഹാരം ഉണ്ടാക്കാൻ സാധിക്കും. മാര്ക്കറ്റില് നിന്നും പാര്ക്കിംഗ് സമുച്ചയത്തില് നിന്നും നഗരസഭയ്ക്ക് അധികമായി വരുമാനവും ലഭിക്കും.
നടത്തിപ്പ്, പരിപാലനം
സ്മാർട്ട് സിറ്റീസ് മിഷന്റെ ഭാഗം ആയി പണി കഴിപ്പിച്ച മാർക്കറ്റ് സമുച്ചയം കൊച്ചി മുനിസിപ്പൽ കോര്‍പ്പറേഷന് കൈമാറുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിലേക്കുള്ള കടകളിൽ കച്ചവടക്കാർക്ക് നേരത്തെ ലൈസൻസ് ഉള്ള സ്റ്റാളിൽ ഉടമകൾക്ക് അലോട് ചെയ്യുന്നതും, നിരക്ക് തീരുമാനിക്കുന്നതും വാടക പിരിക്കുന്നതും എല്ലാം നേരത്തെ പോലെ തന്നെ കോര്‍പ്പറേഷന് ആയിരിക്കും. കമേഴ്‌സ്യൽ സ്പേസിന്റെ നിരക്കുകളും , അല്ലോട്മെന്റും ഗവണ്മെന്റ് തീരുമാനപ്രകാരം പിന്നീട് നടപ്പാക്കാവുന്നത് ആണ്.
സിവിൽ കൺസ്ട്രക്ഷനും, ഇലക്ട്രിക്കൽ/മറ്റു എക്വിപ്മെന്റ്സിനും 5 വർഷവും ഡിഫെക്ട് ലയബിലിറ്റി പീരീഡ് ഉണ്ട്. കൂടാതെ പദ്ധതിയുടെ ഭാഗം ആയി 3 വർഷത്തെ പരിപാലനം (O&M) കോൺട്രാക്ടറുടെ പരിധിയിൽ വരും. അതിനു ശേഷം പദ്ധതിയുടെ പരിപാലന ചുമതല ഗവണ്മെന്റ് തീരുമാനപ്രകാരം പിന്നീട് നടപ്പാക്കാവുന്നതാണ്.