
കോട്ടയം: തിരുവാതുക്കലിൽ കൊല്ലപ്പെട്ട വ്യവസായി വിജയകുമാറിൻ്റെയും ഭാര്യ മീരയുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ സിസിടിവി ഹാർഡ് ഡിസ്‌കിന് പുറമെ, വീട്ടിൽ നിന്നും മൂന്ന് സ്മാർട്ട്ഫോണുകളും കാണാതായെന്ന് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ നാല് സിം കാർഡുകൾ പ്രവർത്തിച്ചിരുന്ന മൂന്ന് ഫോണുകളിലും ലഭിച്ചിരുന്നു. കൊലയാളി, ദൃശ്യങ്ങൾ നശിപ്പിക്കാനായി ഫോണും കൊണ്ടുപോയിരിക്കാം എന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.
തിരുവാതുക്കൽ സ്വദേശി വിജയകുമാറും ഭാര്യ മീരയും ആണ് മരിച്ചത്. കോട്ടയത്തെ ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാര്‍. രണ്ട് പേരെയും കോടാലി ഉപയോഗിച്ച് വെട്ടി കൊല്ലുകയായിരുന്നു. വീട്ടിൽ മുമ്പ് ജോലിക്ക് ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. വ്യക്തി വൈരാഗ്യം തീർക്കാനുള്ള കൊലപാതകം എന്നാണ് പൊലീസ് നിഗമനം.
വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ദേഹത്ത് മുറിവേറ്റ പാടുകളടക്കമുള്ളതിനാൽ തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. ഏഴുവർഷം മുമ്പ് വിജയകുമാറിന്‍റെ മകൻ ഗൗതമിനെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ദമ്പതികൾ കൊല്ലപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam