'കൈ'വിടാതെ തിരുവനന്തപുരം; അവസാന ലാപ്പിൽ കുതിച്ച് കയറി തരൂർ, ജനാധിപത്യത്തിൻ്റെ ശക്തി പ്രതിഫലിച്ചെന്ന് പ്രതികരണം

By Web Team  |  First Published Jun 4, 2024, 3:30 PM IST

തിരുവനന്തപുരത്ത് ബിജെപിയെ തടയാന്‍ സാധിച്ചത് ജനങ്ങളുടെ മൂല്യങ്ങളും വിശ്വാസവും കൊണ്ടാണെന്ന് ശശി തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.


തിരുവനന്തപുരം: ജനാധിപത്യത്തിന്‍റെ ശക്തി പ്രതിഫലിച്ചെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. പ്രതീക്ഷിക്കാത്ത വെല്ലുവിളി ഉണ്ടായെങ്കിലും അനന്തപുരിയിലെ ജനങ്ങള്‍ നാലാം തവണയും വിശ്വാസം ആര്‍പ്പിച്ചു. തൃശ്ശൂരിലും തിരുവനന്തപുരത്തുമാണ് ബിജെപി എല്ലാ ശ്രമവും നടത്തിയത്. തിരുവനന്തപുരത്ത് ബിജെപിയെ തടയാന്‍ സാധിച്ചത് ജനങ്ങളുടെ മൂല്യങ്ങളും വിശ്വാസവും കൊണ്ടാണെന്ന് ശശി തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവനന്തപുരത്ത് വിജയം ഉറപ്പിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍.

ഇടയ്ക്ക് അടിപതറിയെങ്കിലും തീരദേശ വോട്ടുകള്‍ എണ്ണിയതോടെ തരൂര്‍ വീണ്ടും ലീഡ് ഉയർത്തുകയായിരുന്നു. നഗര മണ്ഡലങ്ങളിൽ ബിജെപിക്ക് പ്രതീക്ഷിച്ച ലീഡ് നേടാൻ ആയില്ല. തിരുവനന്തപുരം സെൻട്രലിൽ തരൂരിന്  5000 ൽ അധികം വോട്ടിൻ്റെ ലീഡാണ് ലഭിച്ചത്. അതേസമയം, നേമത്ത് ബിജെപിയ്ക്ക് 22000 വോട്ടിൻ്റെ ലീഡ് ലഭിച്ചു. നേമത്ത് തരൂർ രണ്ടാമതാണ്. കഴക്കൂട്ടത്ത് ബിജെപിയ്ക്ക് 4000 ൽ പരം വോട്ടിൻ്റെ ലീഡും വട്ടിയൂർക്കാവിൽ 7000 വോട്ടിന്‍റെ ലീഡും ലഭിച്ചു. പാറശാല തരൂരിന് 12,372 ലീഡ് നേടാനായി.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലം. 1952 -ലെ ആദ്യ തെരഞ്ഞെടുപ്പില്‍ ആനി മസ്‌ക്രീനാണ് ഇവിടെ നിന്നും ലോക്‌സഭയിലേക്ക് പോയത്. 57 -ല്‍ ഈശ്വര അയ്യരും 62 -ല്‍ പി എസ് നടരാജ പിള്ളയും 67 -ല്‍ പി വിശ്വംഭരനും ജയിച്ചുകയറി. 1971 -ല്‍ വി കെ കൃഷ്ണമേനോനാണ് പാര്‍ലമെന്റിലേക്ക് പോയത്. 77 -ല്‍ എം എൻ ഗോവിന്ദന്‍ നായരെ ജയിപ്പിച്ച മണ്ഡലത്തില്‍ 80 -ല്‍ നീലലോഹിത ദാസിനായിരുന്നു ജയം. കോണ്‍ഗ്രസിന് വേണ്ടി 1984, 89, 91 വര്‍ഷങ്ങളില്‍ ജയിച്ചുകയറിയ ചാള്‍സാണ് മണ്ഡലത്തില്‍ ആദ്യ ഹാട്രിക്ക് അടിച്ചത്. എന്നാല്‍ 96 -ല്‍ കെ വി സുരേന്ദ്രനാഥ് മണ്ഡലം ചുവപ്പിച്ചു. 98 -ല്‍ സാക്ഷാല്‍ കെ കരുണാകരന് വേണ്ടിയാണ് തലസ്ഥാനം ജനവിധി കുറിച്ചത്. 99 -ലും 2004 -ലും വി എസ് ശിവകുമാറാണ് മണ്ഡലം 'കൈ'പ്പിടിയിലാക്കിയത്.

ഹാട്രിക്ക് ജയം തേടിയ ശിവകുമാറിനെയും താമര വിരിയിക്കാനെത്തിയ ഒ രാജഗോപാലിനെയും മലര്‍ത്തിയടിച്ച് മുന്‍ മുഖ്യമന്ത്രി പി കെ വി എന്ന പി കെ വാസുദേവന്‍ നായര്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ 2004 -ല്‍ തലസ്ഥാനത്ത് ചെങ്കൊടി പാറിച്ചു. പി കെ വിയുടെ വിയോഗത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന്‍ ഭൂരിപക്ഷത്തില്‍ റെക്കോഡിട്ട് മണ്ഡലം വീണ്ടും ചുവപ്പിച്ചു. എന്നാല്‍ പന്ന്യന്‍ മാറിനിന്ന 2009 -ല്‍ വിശ്വമലയാളിയെന്ന ഖ്യാതിയോടെയെത്തിയ ശശി തരൂര്‍ വീണ്ടും മണ്ഡലം കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചു. 2014 -ലും 19 -ലും വിജയിച്ച് തരൂര്‍ തലസ്ഥാനത്ത് രണ്ടാം ഹാട്രിക്ക് എന്ന ഖ്യാതിയും സ്വന്തം പേരിലാക്കി. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചെങ്കിലും ഇത്തവണയും തലസ്ഥാനം തരൂരിനെ കൈവിട്ടില്ല.

click me!