ലോ കോളേജ് അക്രമം; യൂത്ത് കോൺ​ഗ്രസ് നിയമസഭാ മാർച്ചിൽ സംഘർഷം, പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളും

By Web TeamFirst Published Mar 16, 2022, 3:10 PM IST
Highlights

എസ്എഫ്ഐ  ആക്രമണത്തിൽ പ്രതിഷേധിച്ച് കെ എസ് യുവും യൂത്ത്കോൺഗ്രസും നടത്തിയ നിയമസഭാ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ  ബാരിക്കേഡുകൾ തള്ളികയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. 

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിലെ എസ്എഫ്ഐ (SFI)  ആക്രമണത്തിൽ പ്രതിഷേധിച്ച് കെ എസ് യുവും (KSU) യൂത്ത്കോൺഗ്രസും (Youth Congress)  നടത്തിയ നിയമസഭാ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ  ബാരിക്കേഡുകൾ തള്ളികയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. 

ബാരിക്കേഡിൽ കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് നാല് പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു. പെൺകുട്ടികൾ ഉൾപ്പടെ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു.  തുടർന്ന് പ്രവർത്തകർ എം ജി റോഡ് ഉപരോധിച്ചു. എംഎൽഎമാരായ ഷാഫി പറമ്പിൽ, റോജി എം ജോൺ ,അൻവർ സാദത്ത്, കെ എസ് യു സംസ്ഥാനപ്രസിഡന്റ് കെ എം അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. പ്രവർത്തകർ പാളയത്ത് ഡിവൈഎഫ്ഐയുടെ ഫ്ലക്സ് ബോർഡുകൾ കീറി. ഇത് തടയാൻ പൊലീസ് ശ്രമിച്ചതും ഉന്തിലും തള്ളിലും കലാശിച്ചു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഒരു മണിക്കൂറോളം പ്രതിഷേധം നീണ്ടു.

Latest Videos

എസ്എഫ്ഐക്കാർ കൂട്ടം ചേർന്ന് വലിച്ചിഴച്ചു, പൊലീസ് നോക്കിനിന്നു; ആരോപണവുമായി പരിക്കേറ്റ വിദ്യാർത്ഥികൾ

 എസ്.എഫ്.ഐ പ്രവർത്തകർ കൂട്ടം ചേർന്ന് വലിച്ചിഴച്ചു ക്രൂരമായി മർദിച്ചെന്നും, പൊലീസ് നോക്കിനിന്നെന്നും തിരുവനന്തപുരം ലോ കോളേജിൽ ‌ആക്രമണത്തിനിരയായ കെഎസ്‍യു പ്രവർത്തക സഫ്ന.  കോളേജിലെ അക്രമത്തിന് ശേഷം വീടുകയറിയുള്ള മർദനത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് തലയ്ക്കും കാലിനും പരിക്കേറ്റു.  കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതിൽ 2 കേസുകളും, എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചെന്ന പേരിൽ ഒരു കേസും പൊലീസ് രജിസ്റ്റർ ചെയ്തു.

ലോ കോളേജിൽ ഇന്നലെ കൂട്ടം ചേർന്നുണ്ടായ ആക്രമണം പെട്ടെന്നുള്ള പ്രകോപനത്തിൽ നിന്നല്ലെന്നു വ്യക്തമാക്കുകയാണ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്ന.  എസ്എഫ്ഐയിൽ നിന്ന്  മുൻപും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ട്. അന്നും നടപടികളുണ്ടായിട്ടില്ല.  കൂട്ടം ചേർന്ന് ക്രൂരമായാണ് ആക്രമിച്ചതെന്നും സഫ്ന പറയുന്നു. 

കോളേജിലെ സംഘർഷങ്ങൾക്ക് ശേഷം കെ എസ് യു പ്രവർത്തകരുടെ വീടുകൾ കയറി ഭീഷണിയും ആക്രമണവുമുണ്ടായി.  ദേവനാരായണനെന്ന വിദ്യാർത്ഥിക്ക് കഴുത്തിനും, ജിയോ എന്ന വിദ്യാർത്ഥിക്ക് കാലിനും പരിക്കുണ്ട്.  എസ്എഫ്ഐ ഭാരവാഹികൾ വരെ മർദിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ദേവനാരായണൻ പറയുന്നു. 

വിദ്യാർത്ഥികളെ വീട്ടിൽക്കയറി ആക്രമിച്ചതിന് 8 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസാണ്  കേസടുത്തത്. സഫ്നയെ ആക്രമിച്ചതിന് മയൂസിയം പൊലീസ് ഇന്നലെത്തന്നെ കേസെടുത്തിരുന്നു.  എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെയും ഇന്ന് കേസെടുത്തിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി പങ്കെടുത്ത പരിപാടി മദ്യപിച്ചെത്തി അലങ്കോലമാക്കാൻ ശ്രമിച്ചതാണ് എല്ലാത്തിനും കാരണമെന്നാണ് എസ്എഫ്ഐ വിശദീകരണം. സഫീനയെ ആരും ആക്രമിച്ചിട്ടില്ലന്നും എസ്എഫ്ഐ വിശദീകരിക്കുന്നു. 

click me!